ഗോൾഡ് ലോൺ ആണോ അതോ പേഴ്‌സണൽ ലോണോ? ഏതാണ് നിങ്ങൾക്ക് നല്ലത്
പണത്തിന് ആവശ്യം വരുമ്പോൾ സ്വർണപ്പണയ വായ്പയാണോ പെട്ടെന്ന് വലിയ തുക ലഭിക്കുന്ന പേഴ്‌സണൽ ലോണുകളാണോ ബാധ്യത കുറവ്. അറിയാം
രാജ്യത്ത് കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലൂടെ സംരംഭകരെല്ലാം കടന്നുപോകുകയാണ്. നിരവധി ചെറുകിട ബിസിനസ്സ് ഉടമകളും ജീവനക്കാരും സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ വ്യക്തിഗത വായ്പകള്‍ക്കും സ്വര്‍ണ പണയ വായ്പകള്‍ക്കുമായി സമീപിക്കുന്നത് കൂടിയിട്ടുണ്ടെന്ന് അടുത്തിടെ ഐസിഐസിഐസി ബാങ്കും ഐഓബി ബാങ്കും ഫെഢറല്‍ ബാങ്കുമെല്ലാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വായ്പകള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇന്നും പലര്‍ക്കും ആശങ്കയാണ്. എങ്കിലും സ്വര്‍ണവിപണി മുകളിലേക്ക് ഉയരുന്നത് കൊണ്ട് തന്നെ ആകെ വിപണി മൂല്യത്തിന്റെ 70-75% തുക വരെ ഈടിന്മേല്‍ ലഭിക്കുമെന്നതിനാല്‍ മികച്ച സ്വീകാര്യതയാണ് ഇപ്പോള്‍ ഗോള്‍ഡ് ലോണിനുള്ളത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്ത വ്യക്തികള്‍ക്ക് പോലും ഉയര്‍ന്ന തുക ലോണായി ലഭിക്കുമെന്നത് സ്വര്‍ണപ്പണയ വായ്പയെ ആകര്‍ഷകമാക്കുന്നു. എന്നാല്‍ ഉയര്‍ന്ന തുകയും തിരിച്ചടവിനായി ലഭിക്കുന്ന നീണ്ട കാലാവധിയും വ്യക്തിഗത വായ്പയെയും ആകര്‍ഷകമാക്കുന്നു. ഇതാ രണ്ട് വായ്പകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്.
ലോണ്‍ പാസാകുന്ന സമയം
അഞ്ച് മിനിട്ടിനുള്ളില്‍ പോലും ഗോള്‍ഡ് ലോണ്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുമെന്നിരിക്കെ ഐടിആര്‍ ഫോമുകളും പേയിംഗ് സ്ലിപ്പുമെല്ലാം പരിശോധിച്ചതിനു ശേഷം മാത്രമാണ് പേഴ്‌സണല്‍ ലോണുകള്‍ ലഭിക്കുന്നത്. എത്ര എളുപ്പത്തില്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള സൗകര്യം ഉണ്ടെന്നു പറഞ്ഞാലും രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ കാലതാമസം എടുത്തേക്കാം. ചെറിയ തുകകളാണ് പേഴസണല്‍ ലോണുകളായി പലപ്പോഴും ഇതിലും കുറഞ്ഞ സമയത്തില്‍ ചില ബാങ്കുകള്‍ അനുവദിക്കുക.
ലോണ്‍ തുക
50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വ്യക്തികളുടെ ആസ്ഥി, തിരിച്ചടവു ശേഷി എന്നിവയെല്ലാം അനുസരിച്ച് വ്യക്തിഗത വായ്പകള്‍ അനുവധിക്കും. അതേ സമയം 40 ലക്ഷം രൂപ വരെ പേഴ്‌സണല്‍ ലോണ്‍ ആയി ലഭിച്ചിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. അത് തങ്ങളുടെ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും കൊണ്ടാകാം എന്നതാണ് ഇത്തരക്കാര്‍ പറയുന്നത്. എന്നാല്‍ ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യമെത്രയാണോ അതില്‍ നിന്നും 10 മുതല്‍ 25 ശതമാനം കുറവ് മാത്രമേ സ്വര്‍ണപ്പണയ വായ്പ പലപ്പോഴും നല്‍കാറുള്ളൂ. ചില ധനകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ വിപണി മൂല്യവും നനല്‍കാറുമുണ്ട്. എന്നാല്‍ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പലിശയിലും വ്യത്യാസം വന്നേക്കാം.
പലിശ നിരക്കുകള്‍
പേഴ്‌സണല്‍ ലോണുകളുടെ പലിശ നിരക്ക് 8.45% മുതല്‍ 26% (വാര്‍ഷികാടിസ്ഥാനത്തില്‍) വരെയായിരിക്കും. എന്നാല്‍ ഗോള്‍ഡ് ലോണുകളുടേത് 7.25% മുതല്‍ 29% (വാര്‍ഷികാടിസ്ഥാനത്തില്‍) വരെയായിയിരിക്കാം. ബാങ്കുകള്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടും. എല്‍റ്റിവി റേഷ്യോ ഉയര്‍ന്നവര്‍ക്കും വലിയൊരു കാലാവധി കൊണ്ട് അടച്ചുതീര്‍ക്കുന്ന ലോണുകള്‍ക്കും തിരിച്ചടവ് രീതി അനുസരിച്ച് പലിശ ഉയര്‍ന്നേക്കും. മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ ഉള്ള ഒരാള്‍ക്ക് പലിശയിനത്തിലുള്ള ഈ വ്യത്യാസം അത്ര വലുതാകില്ല. അതുകൊണ്ട് തന്നെ ക്രെഡിറ്റ് പ്രൊഫൈല്‍ കുറഞ്ഞ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഗോള്‍ഡ് ലോണ്‍ തന്നെയായിരിക്കും ഭാരം കുറഞ്ഞ ഒരു വായ്പാ മാര്‍ഗമായി തോന്നുക.
തിരിച്ചടവ് കാലാവധി
ചില ബാങ്കുകള്‍ വ്യക്തിഗത വായ്പകളില്‍ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് (ക്രെഡിറ്റ് സ്‌കോര്‍ നോക്കി) ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കാറുണ്ട്. എന്നാല്‍ ഏഴ് ദിവസം മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെയൊക്കെ മാത്രമാണ് ഗോള്‍ഡ് ലോണുകള്‍ക്ക് തിരിച്ചടവ് കാലാവധി കിട്ടുകയുള്ളൂ. ചില ബാങ്കുകള്‍ മാത്രം ഇത് അഞ്ച് വര്‍ഷം കാലാവധി വരെ നല്‍കാറുണ്ട്. പേഴ്‌സണല്‍ ലോണുകള്‍ക്ക് വലിയ ഒരു കാലാവധി പലിശ അടയ്ക്കണം എന്നത് ഭാരമായി തോന്നുന്നവര്‍ക്ക് സ്വര്‍ണ പണയ വായ്പ തന്നെയാണ് നല്ലത്. എന്നാല്‍ ഉടനെ വായ്പാ തുക പൂര്‍ണമായി വീട്ടാന്‍ കഴിവില്ലാത്ത സാഹചര്യത്തില്‍ പലിശയും മുതലിന്റെ നിശ്ചിത തുകയും മാത്രം അടച്ച് മുന്നോട്ട് പോകാവുന്നവര്‍ക്ക് ലോണ്‍ തിരിച്ചടവിന്റെ കാലാവധി ആശ്വാസം നല്‍കും. തിരിച്ചടവിനുള്ള ശേഷി സ്വയം പരിശോധിക്കുന്നതാണ് ഈ അവസരത്തില്‍ നല്ലത്.
തിരിച്ചടവ് രീതി
പേഴ്‌സണല്‍ ലോണ്‍ അഥവാ വ്യക്തിഗത വായ്പകള്‍ ഇഎംഐ അടിസ്ഥാനത്തില്‍ അടച്ചു തീര്‍ക്കുന്നവയാണ്. ഉപഭോക്താവ് അടയ്ക്കുന്ന ഇഎംഐ തുക എന്നാല്‍ പലിശ നിരക്ക്, മുതലിന്റെ ആകെ തുക എന്നിവയുടെ വിഭജിച്ച ഒരു ഭാഗം എന്നിവ ചേര്‍ത്തായിരിക്കും. എന്നാല്‍ ഗോള്‍ഡ് ലോണുകള്‍ നല്‍കുന്ന ചില ബാങ്കുകള്‍ തിരിച്ചടവിനുള്ള അവസാന ദിവസം വരെ പലിശ മാത്രം അടയ്ക്കുകയും പൂര്‍ണമായ തുക അവസാനം അടച്ച് സ്വര്‍ണം തിരിച്ചെടുക്കാനുമുള്ള അവസരം നല്‍കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ക്യാഷ് ഫ്‌ളോ നിലനിര്‍ത്താന്‍ ഗോള്‍ഡ് ലോണ്‍ ഉപകരിച്ചേക്കാം. എന്നാല്‍ തിരിച്ചടവ് ശേഷി ഇല്ലാത്തവര്‍ക്ക് ലോണ്‍ തുക കൃത്യമായി അടച്ച് ലോണ്‍ പൂര്‍ത്തിയാക്കിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാകുകയും ചെയ്യും.
പ്രോസസിംഗ് ചാര്‍ജുകള്‍
ലോണ്‍ തുകയുടെ മൂന്നു ശതമാനം വരെയായിരിക്കാം വ്യക്തിഗത വായ്പകളുടെ പ്രോസസിംഗ് ചാര്‍ജ് ഇനത്തില്‍ പലപ്പോഴും ബാങ്കുകള്‍ പിടിക്കുക. എന്നാല്‍ ചില ബാങ്കുകള്‍ 10 രൂപ മുതല്‍ വളരെ തുച്ഛമായ പ്രോസസിംഗ് ഫീസ് ഈടാക്കി ഗോള്‍ഡ് ലോണ്‍ നല്‍കും. ലോണ്‍ തുകയുടെ 0.10 ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഫീസ് ഈടാക്കുന്നവരുമുണ്ട്.
ഏതാണ് ഗുണകരം ?
വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് ശേഷി പ്രധാനഘടകമാണ് സ്വര്‍ണപ്പണയ വായ്പകളില്‍. കാരണം, വായ്പയെടുക്കുന്നയാള്‍ക്ക് കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബാങ്കുകള്‍ക്ക് സ്വര്‍ണം ലേലം ചെയ്യാന്‍ അവകാശമുണ്ട്. താല്‍ക്കാലിക സാമ്പത്തിക പ്രശ്നത്തെ മറികടക്കാന്‍ സ്വര്‍ണ്ണ വായ്പ നിങ്ങളെ സഹായിക്കും. എന്നാല്‍ വായ്പയുടെ കാലാവധി ഹ്രസ്വമായി നിലനിര്‍ത്താനും അതോടൊപ്പം കൃത്യമായി തിരിച്ചെടുക്കാനും ഓര്‍മ്മിക്കുക. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ആളിന് തിരിച്ചടവ് ശേഷി ഉണ്ടെങ്കില്‍ വലിയ തുക വായ്പ ലഭിക്കാനും പ്രതിസന്ധികളെ മറികടക്കാനും പേഴ്‌സണല്‍ ലോണുകള്‍ വഴി സാധിക്കും. രണ്ടും വ്യക്തികളുടെ ആവശ്യം കാലാവധി എന്നിവയും തിരിച്ചടവ് ശേഷി എന്നിവയും നോക്കി തെരഞ്ഞെടുക്കുക.