വരവിനെക്കാള്‍ ചെലവോ? പണം മിച്ചം പിടിക്കാന്‍ ഇതാ വഴികള്‍

Update: 2019-10-29 09:35 GMT

പണം മിച്ചം പിടിക്കുകയെന്നത് പഴഞ്ചന്‍ രീതിയാണെന്ന് വിശ്വസിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുകയാണ്. എന്നാല്‍ ഇത് അപകടകരമായൊരു പ്രവണതയാണ്. കാരണം കാലം ചെല്ലുന്തോറും നിങ്ങളുടെ പണം സമ്പാദിക്കാനുള്ള ശേഷി കുറഞ്ഞുവരുകയാണ്. ജീവിതസായാഹ്നത്തിലേക്കുള്ളത് കരുതിവെച്ചില്ലെങ്കില്‍ വിശ്രമിക്കേണ്ട കാലത്ത് പണത്തിനായി നെട്ടോട്ടം ഓടേണ്ടിവരുമെന്നത് മറക്കരുത്.

ഇന്നത്തെ യുവാക്കളില്‍ വലിയൊരു വിഭാഗം ആഡംബര ജീവിതത്തിനും ഗാഡ്ജറ്റുകള്‍ക്കും യാത്രകള്‍ക്കുമൊക്കെ പണം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിനിടയില്‍ കുറച്ചുപണം മാറ്റിവെച്ച് ഭാവി സുരക്ഷിതമാക്കാന്‍ മറക്കരുത്.

1. ആദ്യമേ മാറ്റിവെക്കുക, പിന്നെ ചെലവഴിക്കുക

സാമ്പത്തികവിദഗ്ധര്‍ പറയുന്നത് 50-20-30 തത്വം പാലിക്കാനാണ്. ഇതില്‍ നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം ജീവിതച്ചെലവുകള്‍ക്കും 20 ശതമാനം ഭക്ഷണത്തിനും എന്റര്‍ടെയ്ന്‍മെന്റ് കാര്യങ്ങള്‍ക്കും യാത്രകള്‍ക്കും ബാക്കി 30 ശതമാനം നിര്‍ബന്ധമായും മിച്ചം പിടിച്ച് നിക്ഷേപിക്കാനുമാണ്. ഈ തത്വം നടപ്പിലാക്കാന്‍ ആദ്യമേ തന്നെ നിക്ഷേപിക്കാനുള്ള പണം മാറ്റിവെക്കുക. ചെലവുകളെല്ലാം കഴിഞ്ഞിട്ട് പണം നിക്ഷേപിക്കാം എന്നുകരുതിയാല്‍ നടക്കില്ല.

2. എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക

ജോലി പോയാലോ വരുമാനമാര്‍ഗം നിലച്ചാലോ പെട്ടെന്ന് അത്യാവശ്യങ്ങള്‍ വന്നാലോ ആവശ്യമായ തുക എമര്‍ജന്‍സി ഫണ്ട് ആക്കി മാറ്റിവെക്കുക. അത്ര അടിയന്തര സാഹചര്യത്തിലല്ലാതെ ആ പണം എടുക്കരുത്. എത്ര തുക എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റിവെക്കണം? നിങ്ങളുടെ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ജീവിതച്ചെലവിനുള്ള തുകയെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

3.കണക്കുകള്‍ സൂക്ഷിക്കുക

യുവാക്കളോട് കണക്കെഴുതാന്‍ പറഞ്ഞാല്‍ അവരത് പുച്ഛിച്ച് തള്ളിയെന്നിരിക്കും. എന്നാല്‍ കണക്കെഴുത്ത് രീതികള്‍ ഇപ്പോള്‍ മാറി. ധാരാളം എക്‌സ്‌പെന്‍സ് ട്രാക്കര്‍ ആപ്ലിക്കേഷനുകള്‍ ഇപ്പോഴുണ്ട്. അവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കണക്കെഴുത്ത് ഒരു ഗെയിം പോലെ രസകരമാകും. ഓരോ മാസവും അതൊന്ന് വിലയിരുത്തിനോക്കൂ.

4. ബജറ്റും വേണം

നിങ്ങളുടെ ചെലവിനെ നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍ ഒരു ബജറ്റും തയാറാക്കണം. ഓരോ കാര്യങ്ങള്‍ക്കും എത്ര പണം ചെലവഴിക്കാമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ നിങ്ങളുടെ അനാവശ്യച്ചെലവുകള്‍ ഇല്ലാതാകുന്നത് കാണാം. കണക്കെഴുതാന്‍ ആപ്പ് ഉള്ളതുപോലെ ബജറ്റിംഗ് ആപ്പുകളും നിരവധിയുണ്ട്.

5. വായ്പകളെ കരുതിയിരിക്കുക

ആധുനിക യുവത്വം എല്ലാക്കാര്യങ്ങള്‍ക്കും കൂടുതലായി ചെറുതും വലുതുമായ നിരവധി വായ്പകളെ ആശ്രയിക്കുന്നുണ്ട്. വായ്പകളെ സ്മാര്‍ട്ടായി കൈകാര്യം ചെയ്യാനറിയുമെങ്കില്‍ ഇതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ അനാവശ്യ വായ്പകള്‍ എടുത്തുകൂട്ടുകയും അശ്രദ്ധമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവുമൊക്കെ നിങ്ങളെ കടക്കെണിയിലാക്കിയേക്കാം. ഇതുവഴി ക്രെഡിറ്റ് സ്‌കോറും മോശമാകും. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിന്റെ 50 ശതമാനത്തില്‍ കൂടുതലുള്ള ഉപയോഗം പോലും ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കിയേക്കാം. ക്രെഡിറ്റ് കാര്‍ഡ് പലിശ ഒരു വര്‍ഷം 24-36 ശതമാനം വരെയായേക്കാം. നിരവധി വായ്പകളുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അവയുടെ തിരിച്ചടവില്‍ അതീവ ജാഗ്രത പുലര്‍ത്തുക.

6. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക

പെട്ടെന്നുള്ള ആശുപത്രിവാസം നിങ്ങളുടെ ബജറ്റ് താളം തെറ്റിച്ചേക്കാം. നേരത്തെ തന്നെ കാഷ്‌ലസ് സൗകര്യം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുക.

ഓര്‍ക്കുക, ജീവിതം ആസ്വദിക്കാം. പക്ഷെ ചെലവും പണം മിച്ചം പിടിക്കലും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടാകണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News