പ്രീമിയം തവണകളായടയ്ക്കാം; മാനസിക രോഗങ്ങള്‍ക്കും പരിരക്ഷ, നിങ്ങള്‍ അറിയണം ആരോഗ്യ ഇന്‍ഷുറന്‍സിലെ പുതിയ മാറ്റങ്ങള്‍
By ഉദയചന്ദ്രന്‍ സി പി
പോളിസിയുടെ പരിമിതികളും ഒഴിവാക്കലുകളും പരമാവധി കുറയ്ക്കുന്നതിനൊപ്പം ചില പുതിയ പരിഷ്‌കാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള സ്വാഗതാര്‍ഹമായ ചില മാറ്റങ്ങളാണ് ഐആര്‍ ഡിഎ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ കൂടുതല്‍ നിലവാരമുള്ളതും ഉപഭോക്തൃ കേന്ദ്രീകൃതവുമാക്കുന്നതിനായി ഐആര്‍ഡിഎഐ കഴിഞ്ഞ ഒരു വര്‍ഷമായി ഘട്ടം ഘട്ടമായി പല നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളും. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
മുമ്പ് ഒഴിവാക്കിയ ചില രോഗങ്ങള്‍ക്കുള്ള കവര്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതുമായ ബന്ധപ്പെട്ട നിയമങ്ങള്‍, ഒപി കണ്‍സള്‍ട്ടേഷന് തുല്യമായ ടെലി-മെഡിസിന്‍ ചികിത്സ, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ എട്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് ശേഷം ഒരു ക്ലെയിം നിരസിക്കരുതെന്ന് ഉത്തരവ് ഇതൊക്കെയാണ് പ്രധാനമായും പുതിയ മാറ്റങ്ങളില്‍ വന്നിരിക്കുന്നത്. വിശദമായി ഇതേകുറിച്ച് പരിശോധിക്കാം.
ഒഴിവാക്കലുകളിലെ മാറ്റം
മുമ്പ് ഒഴിവാക്കിയ ചില അസുഖങ്ങള്‍ ഇനിമുതല്‍ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പട്ടിക ഐആര്‍ഡിഎ പുറത്തിറക്കയിട്ടുണ്ട്.
തൊഴില്‍ പരമായി അല്ലാതെ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇന്‍ഷുറര്‍മാര്‍ക്ക് ഇനി ഒഴിവാക്കാന്‍ കഴിയില്ല.
അതുപോലെ, മാനസികരോഗങ്ങള്‍, പ്രായാധിക്യ രോഗങ്ങള്‍, കൃത്രിമ ജീവിത പരിപാലനം എന്നിവയ്‌ക്കൊക്കെയുള്ള ചികിത്സകളെല്ലാം ഒരു സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും.
ബിഹേവിയറല്‍, ന്യൂറോ ഡെവലപ്‌മെന്റ് ഡിസോര്‍ഡേഴ്‌സ്, ജനിതക വൈകല്യങ്ങള്‍, ആര്‍ത്തവം, ആര്‍ത്തവ വിരാമം എന്നിവയുമായി ബന്ധപ്പെട്ട തകരാറുകള്‍ ഒക്കെയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇവ കൂടാതെ, തിമിര ശസ്ത്രക്രിയ, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളും നിശ്ചിത കാലാവധിക്കു ശേഷം നിങ്ങളുടെ ആരോഗ്യ പദ്ധതിയുടെ കീഴില്‍ വരും.
കൂടാതെ, 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന വിവിധ രോഗങ്ങള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് വ്യക്തമായി പറയണമെന്ന് ഐആര്‍ഡിഎ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്, അതിനുശേഷം രോഗത്തിന് കവറേജ് ആരംഭിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ ഒഴിവാക്കലുകള്‍ പോളിസി നിബന്ധനകളില്‍ റെഗുലേറ്റര്‍ ഉപദേശിച്ച നിര്‍ദ്ദിഷ്ട പദങ്ങള്‍ക്ക് അനുസൃതമായിരിക്കണം.
എട്ട് വര്‍ഷത്തിനുശേഷം ക്ലെയിം നിരസിക്കില്ല
ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തുടര്‍ച്ചയായി എട്ട് വര്‍ഷമായി പ്രാബല്യത്തിലുള്ളതാണെങ്കില്‍, പ്രീ എക്‌സിസ്റ്റിംഗ് ഡിസീസസ് എന്ന കാരണം പറഞ്ഞ് ഒരു ക്ലെയിമും നിരസിക്കാന്‍ കഴിയില്ല. സ്ഥിരമായി ഒഴിവാക്കപ്പെട്ടിട്ടുള്ള രോഗങ്ങളോ അല്ലെങ്കില്‍ പോളിസി ലഭ്യമാക്കാനായി പോളിസിയുടമ എന്തെങ്കിലും തരത്തിലുള്ള കള്ളത്തരങ്ങളോ നടത്തിയതായി തെളിയിക്കപ്പെടണം.
എട്ട് വര്‍ഷത്തെ ഈ കാലയളവിനെ 'മൊറട്ടോറിയം പിരീഡ്' എന്നാണ് വിളിക്കുന്നത്, അതിനുശേഷം മറ്റ് കാരണങ്ങള്‍ കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നിരസിക്കാനുള്ള അവകാശമില്ല.
എന്നിരുന്നാലും, ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനായി പോളിസിയുടമ ഒരു വഞ്ചനാപരമായ അല്ലെങ്കില്‍ സത്യസന്ധമല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഈ പരിരക്ഷ യ്ക്ക് സാധുതയുണ്ടാകില്ല. മുന്‍കാലത്തെ മറഞ്ഞിരിക്കുന്ന ചരിത്രം ഉദ്ധരിച്ച് വര്‍ഷങ്ങളോളം തുടര്‍ച്ചയായ കവറിനുശേഷം പോളിസി നിരസിക്കപ്പെട്ടിരുന്ന അവസ്ഥ നേരിട്ടിരുന്ന ഭൂരിഭാഗം ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
പ്രീ എക്‌സിസ്റ്റിംഗ് രോഗങ്ങളുടെ നിര്‍വചനം മാറി
മുമ്പുണ്ടായിരുന്ന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പോളിസി ഹോള്‍ഡര്‍മാര്‍ക്ക് മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ഐആര്‍ഡിഎഐ 'സ്ഥിരമായ ഒഴിവാക്കലുകള്‍' അഥവാ പിഇഡി എന്നതിന്റെ നിര്‍വചനം പരിഷ്‌കരിച്ചു.
റെഗുലേറ്റര്‍ വ്യക്തമാക്കിയതൊഴികെ, ആരോഗ്യ ഇന്‍ഷുറന്‍സ് പദങ്ങളുടെ ഭാഗമായി തുടരാന്‍ മറ്റൊരു തരത്തിലുള്ള ഒരു ഒഴിവാക്കലുകളും അനുവദിക്കില്ല. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പോളിസി ഇഷ്യു ചെയ്തതിനുശേഷം ഉണ്ടാകുന്ന എല്ലാ ആരോഗ്യ അവസ്ഥകളും രോഗങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അല്‍ഷിമേര്‍, പാര്‍ക്കിന്‍സണ്‍, എയ്ഡ്‌സ് / എച്ച്‌ഐവി, രോഗം മൂലമുള്ള അമിതവണ്ണം എന്നിവ ഇനി മുതല്‍ പരിരക്ഷ ലഭിക്കുന്ന പ്രധാന രോഗങ്ങളില്‍ ചിലതാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇഎംഐ ആയി അടയ്ക്കാം
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തവണകളായി അടയ്ക്കാന്‍ ഐആര്‍ഡിഎ അനുമതി നല്‍കി.
എന്നാല്‍, പ്രീമിയങ്ങള്‍ തവണകളായി ഉപഭോക്താക്കള്‍ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൂര്‍ണ്ണമായും ഇന്‍ഷുറന്‍സ് കമ്പനികളാണ്.
ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിക്കുന്നതിനനുസരിച്ച് പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക രീതിയില്‍ പ്രീമിയം അടയ്ക്കാനാകും.
അതിനാല്‍, ഒക്ടോബര്‍ ഒന്നു മുതല്‍ മുഴുവന്‍ പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കുന്നതിനുപകരം, ഒരു വര്‍ഷത്തില്‍ കൃത്യമായ ഇടവേളകളില്‍ തുല്യ ഗഡുക്കളായി പേയ്മെന്റ് നടത്താനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
( ഇന്‍ഷുറന്‍സ് രംഗത്ത് ദീര്‍ഘകാല പ്രവര്‍ത്തന പരിയമുള്ള ലേഖകന്‍ ജനറല്‍ ഇന്‍ഷുറന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് വിഭാഗങ്ങളില്‍ വൈദഗ്ധ്യവും നേടിയിട്ടുണ്ട്.)