തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി നിര്‍ബദ്ധം

Update:2020-04-21 17:45 IST

ലോക്ക് ഡൗണിന് ശേഷം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ അതിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലുടമ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശം. നേരത്തെ പല സ്ഥാപനങ്ങളും ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും അത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ല.

കോര്‍പറേറ്റ് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ തൊഴിലാളികള്‍ക്കും കുടുംബത്തിനും നിശ്ചിത കാലത്തേക്ക് ആശുപത്രി ചെലവുകളിന്മേല്‍ സംരക്ഷണം ലഭിച്ചിരുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) പാലിക്കണമെന്ന് പറയുന്നു. തൊഴിലിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക, എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബദ്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക എന്നതാണ് അവയില്‍ പ്രധാനപ്പെട്ടത്.

വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അനുയോജ്യമായ മികച്ചതും സമഗ്രവുമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ മിതമായ നിരക്കില്‍ അവതരിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോടും ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ 21000 രൂപയോ അതില്‍ കുറവോ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് എംപ്ലോയീ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) ആക്ട് പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നുണ്ട്. നിലവില്‍ പല സ്ഥാപനങ്ങളും 21000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് വേണ്ടിയാണ് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശത്തോടെ എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടി വരും.

ഒന്നുകില്‍ ഗ്രൂപ്പ് പോളിസി എടുക്കുകയോ അതല്ലെങ്കില്‍ ജീവനക്കാര്‍ക്ക് വ്യക്തിഗത പോളിസിയെടുക്കാന്‍ സഹായം നല്‍കുകയോ ചെയ്യാം. പോളിസി കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, എല്ലാകാലത്തും ഇത് തുടരണമെന്നാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News