ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് 50,000 രൂപയും പരമാവധി അഞ്ചു ലക്ഷം രൂപയുമായിരിക്കണം സം അഷ്വേര്‍ഡ് തുക. ഇതിനുള്ള പ്രീമിയം എത്രയായിരിക്കണമെന്ന കാര്യം കമ്പനികള്‍ നിശ്ചയിച്ചു വരുന്നതേയുള്ളൂ. എന്നാല്‍ 2000-3000 രൂപയായിരിക്കണം അതെന്നും ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രാഥമിക സംരക്ഷണം എല്ലാ കമ്പനികളും നല്‍കിയിരിക്കണമെന്ന് നിര്‍ദ്ദേശിച്ച ഐആര്‍ഡിഎഐ ആഡ് ഓണ്‍ സേവനങ്ങള്‍ കമ്പനികള്‍ക്ക് നിശ്ചയിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി ചെലവാണ് അടിസ്ഥാന പ്ലാനില്‍ ഉള്‍പ്പെടുക.
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലീസ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികള്‍ നിലവില്‍ കൊവിഡ് 19 സംരക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ പലതും ഗ്രൂപ്പ് പ്ലാറ്റ്‌ഫോമില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. അതല്ലെങ്കില്‍ നിശ്ചിത തുക മാത്രം അനുവദിക്കുന്ന ബെനഫിറ്റ് പ്ലാനുകളാണ്. അവയിലാകട്ടെ 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് പരമാവധി സം അഷ്വേര്‍ഡ് തുക.
ജൂണ്‍ ആറിലെ കണക്കനുസരിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട 9700 ക്ലെയ്മുകള്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 150 കോടി രൂപയുടേതാണിത്. ഇതില്‍ 5600 ക്ലെയിമുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ നിന്ന് 1500 ക്ലെയിമുകളും തമിഴ്‌നാട്ടില്‍ നിന്ന് 1022 ക്ലെയിമുകളും പശ്ചിം ബംഗാളില്‍ നിന്ന് 522 ക്ലെയിമുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കൊറോണയ്ക്ക് സംരക്ഷണം നല്‍കുന്ന പോളിസികളെടുക്കാതെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളാണ് നല്ലതെന്ന് ഈ രംഗത്തെ വിഗദ്ധര്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ഈ സാഹചര്യത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി താങ്ങാനാവില്ലെങ്കില്‍ ഈ പോളിസി ഉപകാരപ്പെടുത്താമെന്നും അവര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline