കോവിഡ് കാലത്തെ ഇന്‍ഷുറന്‍സ് ഇളവുകള്‍; അറിയാം പ്രയോജനപ്പെടുത്താം

Update:2020-04-21 17:29 IST

By Udayachandran C.P

കൊറോണ വയറസ് ജന ജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ഇത് ബാധിച്ചു കഴിഞ്ഞു.
ഇന്‍ഷുറന്‍സ് രംഗത്തും ഇതിന്റെ പ്രത്യാഘാതമുണ്ടായി. ഈ പശ്ചാത്തലത്തില്‍ പ്രീമിയം അടവ്, ക്ലെയിം സ്വീകരിക്കല്‍ എന്നിവയില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്  ഇന്‍ഷുറന്‍സ് റഗുലേറ്റര്‍.
ഈ നിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കുന്നത് വയറസ് മൂലമുണ്ടായിട്ടുള്ള സാമ്പത്തിക ആഘാതത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റേയും തീക്ഷ്ണത കുറയ്ക്കാന്‍ സഹായിക്കും.

പ്രീമിയം പുതുക്കാം മെയ് 15 വരെ

2020 മാര്‍ച്ച് 25 നോ അല്ലെങ്കില്‍ 2020 മേയ് മൂന്നിനോ അടയ്‌ക്കേണ്ട ഹെല്‍ത്ത് / മോട്ടോര്‍ പോളിസികളുടെ ഉടമകള്‍ക്ക് ആശ്വാസകരമായ നടപടി ലോക്ക് ഡൗണ്‍ കാലത്ത് ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് മേയ് 15 വരെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നു. ഇക്കാലയളിവുലുള്ള പോളിസിയുടെ തുടര്‍ച്ചയും കവറേജും നഷ്ടമാകുകയുമില്ല. ലോക്ക് ഡൗണ്‍ മൂലം മോട്ടോര്‍/ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പ്രയോജനകരമാക്കാം.
ഈ ഗ്രേസ് പിരീഡിന്റെ ഒരു പ്രധാന വ്യത്യാസം ഈ പോളിസികള്‍ പുതുക്കാനുള്ള തീയതി മുതല്‍ തന്നെ ഇത് പുതുക്കിയതായി കണക്കാക്കപ്പെടും. അല്ലാതെ സാധാരണ രീതിയിലേതു പോലെ പേമെന്റ് നടത്തുന്ന ദിവസം മുതലല്ല. ഗ്രേസ് പിരീഡില്‍ എന്തെങ്കിലും ക്ലെയിം ഉണ്ടാവുകയാണെങ്കില്‍ അതും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. സാധാരണഗതിയില്‍ ഇത്തരം ഗ്രേസ് പിരീഡിലുള്ള ക്ലെയിമുകള്‍ അനുവദിക്കാറില്ല. പോളിസി പുതുക്കേണ്ട കാലയളവു മുതല്‍ തന്നെ പോളിസി പുതുക്കിയതായി കണക്കാക്കുകയും കണ്ടിന്യൂവിറ്റി ബെനഫിറ്റ് ലഭിക്കുകയും ചെയ്യുമെങ്കിലും പ്രീമിയം അടയ്ക്കാതിരുന്ന കാലയളവില്‍ സാധാരണ കവറേജ് ലഭിക്കില്ല.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അടയ്‌ക്കേണ്ട ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ 30 ദിവസം അധികമായി ഐആര്‍ഡിഎ അനുവദിച്ചിട്ടുണ്ട്. സാധാരണ ലഭിക്കുന്ന 30 ദിവസത്തെ ഗ്രേസ് പിരീഡ് കൂടാതെയാണിത്.

ക്ലെയിമിലുമുണ്ട് ഇളവുകള്‍

ക്ലൈയിമിന്റെ കാര്യത്തിലും പുതിയ നിര്‍ദേശങ്ങളുണ്ട്. ഓഹരി വിപണി കുത്തനെ ഇടിയുന്ന സാഹര്യത്തില്‍ ഇന്‍ഷുറന്‍സ് അതോറിറ്റി യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(ULIP) ഉടമകള്‍ക്കും ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2020 മെയ് 30 ന് മുന്‍പ് കാലാവധിയെത്തുന്ന യൂലിപ്പ് പോളിസികളുടെ ഉടമകള്‍ക്ക് ഒറ്റത്തവണയായി യൂണിറ്റുകളുടെ എന്‍എവി നേടുന്നതിനു പകരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാസത്തിലോ ത്രൈമാസത്തിലോ അര്‍ദ്ധ വര്‍ഷത്തിലോ അല്ലെങ്കില്‍ വാര്‍ഷികമായോ പണം ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്. കോവിഡ് പകര്‍ച്ച വ്യാധി മൂലം ഓഹരിവിപണിയിലുണ്ടായ ഇടിവില്‍ നിന്ന് പോളിസി ഉടമകളെ രക്ഷിക്കാനായാണ് ഇത്.

മറ്റൊരു കാര്യം ഹോസ്പിറ്റലൈസേഷന്‍ പോളിസികള്‍ കൊറോണ ചികിത്സകളുടെ ക്ലെയിമിന് മുന്‍ഗണന കൊടുക്കുമെന്നതാണ്. ക്വാറന്റൈന്‍ പിരീഡിലുള്ള ചികിത്സാ ചെലവും ഇതില്‍ ഉള്‍പ്പെടുത്തും. ക്ലെയിം കമ്മിറ്റിയുടെ വിലയിരുത്തലിനു ശേഷം മാത്രമേ കൊറോണ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവുമുണ്ട്.

Similar News