'ഇന്‍ഷുറന്‍സ് രംഗത്തെ അവസരങ്ങള്‍ ഇതൊക്കെയാണ്' എല്‍ ഐ സി എംഡി സുശീല്‍ കുമാര്‍ പറയുന്നു

Update:2020-08-31 08:00 IST

കോവിഡ് വന്നതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ ഒട്ടനവധി കാര്യങ്ങള്‍ സംഭവിച്ചു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാറി. അവരുമായുള്ള ഇടപെടലുകളുടെ രീതി മാറി. ഇതൊക്കെ വ്യക്തമായി അറിഞ്ഞ്, ഓരോ ഇന്ത്യക്കാരനിലേക്കും കടന്നെത്തുന്ന ഒരു പ്രസ്ഥാനമുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

എല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ടി സി സുശീല്‍ കുമാര്‍, ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്‍ഷുറന്‍സ് രംഗത്തെ പുതിയ കാര്യങ്ങള്‍ വിശദമാക്കുന്നു.

1. കോവിഡ് 19 ഇന്‍ഷുറന്‍സ് മേഖലയില്‍ സൃഷ്ടിച്ച പോസിറ്റീവും നെഗറ്റീവുമായ മാറ്റങ്ങളെന്തൊക്കെയാണ്?

കോവിഡ് 19, ജീവിതത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെയും ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന ഒരു മഹാമാരിയായി എന്നതാണ് വാസ്തവം. എല്ലാ പ്രായക്കാര്‍ക്കും കോവിഡ് ബാധിച്ചു. അതോടെ ലൈഫ് ഇന്‍ഷുറന്‍സ് ഒരു അടിസ്ഥാന ആവശ്യമാണെന്ന ധാരണ വന്നു.

ഓഹരി വിപണിയിലെ കോളിളക്കം, ഓഹരി നിക്ഷേപത്തെ ഗൗരവമായി പരിഗണിക്കുന്നവര്‍ യുലിപ് വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ആ സാധ്യത, മാര്‍ക്കറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങളിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ രാജ്യത്ത് ഏറെയുണ്ടെങ്കിലും അവരിലേക്ക് എല്ലാം കടന്നെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ വിടവ് ടേം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് സവിശേഷമായ വില്‍പ്പന അവസരം സൃഷ്ടിക്കുന്നുണ്ട്്.

ഹെല്‍പ്പ് ഏജ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം അറുപത് വയസിന് മുകളിലുള്ളവരുടെ എണ്ണം 2026ല്‍ 12.5 ശതമാനമാകും. 2011ല്‍ ഇത് എട്ട് ശതമാനമായിരുന്നു. അതുപോലെ ജോലി ചെയ്യുന്ന യുവജനങ്ങള്‍ക്കും അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ടിവരും. ഞങ്ങളുടെ പെന്‍ഷന്‍ പ്രോഡക്റ്റുകള്‍ ഇപ്പോള്‍ തന്നെ നല്ല ഡിമാന്റുണ്ട്. ബാങ്ക്് പലിശ നിരക്കുകള്‍ കുത്തനെ കുറയുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയുണ്ട്.

എന്നാല്‍ ലോക്ക്ഡൗണും അനുബന്ധ സംഭവ വികാസങ്ങളും രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബിസിനസുകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയും മുന്നേറുക. രാജ്യത്ത് അണ്‍ലോക്കിംഗ് ആരംഭിച്ചതോടെ ബിസിനസ് മെച്ചപ്പെട്ടുവരുന്നുണ്ട്. ജൂലൈ മാസത്തില്‍ ഇതര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രകടനത്തെ അപേക്ഷിച്ച് മിന്നുന്ന പ്രകടനമാണ് എല്‍ ഐ സിയുടേത്.

2. എല്‍ ഐ സിയുടെ മുന്നണി പോരാളികളാണ് കമ്പനിയുടെ ഏജന്റുമാര്‍. സാമൂഹിക അകലം പോലുള്ള 'ന്യു നോര്‍മലുകള്‍' അവരെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? ടെക്‌നോളജി എത്രമാത്രം അവരുടെ സഹായത്തിനെത്തിയിട്ടുണ്ട്?

ഇന്‍ഷുറന്‍സ് വിപണനത്തിന് ഒന്നിലധികം തവണ ഇടപാടുകാരെ ഏജന്റുമാര്‍ക്ക് നേരില്‍ കാണേണ്ടി വരും. എന്നാല്‍ കോവിഡ് ഭീതി മൂലം ഏജന്‍സി ശൃംഖലയില്‍ ഡിജിറ്റല്‍ ഇടപെടല്‍ അനിവാര്യമായി വന്നു. കോവിഡ് മഹാമാരി, ഏജന്‍സി ചാനലിന്റെ നൈപുണ്യവികസനത്തിനും കാരണമായിട്ടുണ്ട്്. എല്‍ ഐ സി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഏജന്റുമാര്‍ അതിവേഗം സ്വായത്തമാക്കുകയും ഇടപാടുകാരെ അത്തരം കാര്യങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ പഠിപ്പിക്കുകയും ചെയ്തു.

ഡിജിറ്റൈസേഷന്റെ കാര്യത്തില്‍ ഏജന്റുമാര്‍ക്ക് ടീം എല്‍ ഐ സി നല്‍കിയ പരിശീലനം പ്രീമിയം കണക്ഷന്‍ മുടക്കമില്ലാതെ നടക്കാന്‍ സഹായിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള പ്രീമിയം കളക്ഷനില്‍ നിര്‍ണായകമായ വര്‍ധനയുണ്ടായിട്ടുണ്ട്. ജൂലൈയില്‍ അവസാനിച്ച പാദത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള കളക്ഷന്‍ 67 ശതമാനമാണ്.

ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രി പ്രധാനമായും ഏജന്റുമാരാലാണ് നയിക്കപ്പെടുന്നത്. മൊത്തം ഇന്‍ഷുറന്‍സ് ഇന്‍ഡ്‌സ്ട്രിയുടെ വ്യക്തിഗത പുതിയ പ്രീമിയം ബിസിനസിന്റെ 62.26 ശതമാനവും സംഭാവന ചെയ്യുന്നത് ഏജന്റുമാരാണ്. എല്‍ ഐ സിയുടെ കാര്യത്തില്‍ ഇത് 95.81 ശതമാനവുമാണ്. പുതിയ ഏജന്റുമാരെ നിയമിക്കുന്നത് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് തന്നെ നിര്‍ണായകവുമാണ്. ജൂലൈ 31ലെ കണക്ക് പ്രകാരം എല്‍ ഐ സി പുതുതായി 58,216 ഏജന്റുമാരെയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് 1178 ഏജന്റുമാരാണ് കൊഴിഞ്ഞുപോയത്. രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ 54.25 ശതമാനം എല്‍ ഐ സി ഏജന്റുമാരാണ്.

3. എല്‍ ഐ സിയുടെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എന്തൊക്കെയാണ്?

കോവിഡ് ലൈഫ്് ഇന്‍ഷുറന്‍സ് ബിസിനസിന്റെ രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന ധാരണ വന്നു. തെരഞ്ഞെടുക്കുന്ന ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും കാര്യത്തിലും മാറ്റമുണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാ പ്രായക്കാര്‍ക്കുമുള്ള പോളിസികള്‍ ഉണ്ടെങ്കില്‍ പോലും പുതിയ ഉല്‍പ്പന്നങ്ങള്‍ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ട് തന്നെ ഇടപാടുകാരുടെ പ്രതീക്ഷയ്‌ക്കൊത്ത് ടെക്‌നോളജി അധിഷ്ഠിതമായിട്ടുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ്.

ലോക്ക്ഡൗണും സാമൂഹിക അകലവും സേവനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ ഇടപാടുകാരുടെ പ്രതീക്ഷകളും താല്‍പ്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഓണ്‍ലൈനില്‍ കൂടുതല്‍ സേവനങ്ങള്‍ എല്‍ ഐ സി നല്‍കിക്കൊണ്ടിരിക്കുകയാണ്.

പണ്ട് വായ്പ ലഭിക്കാന്‍ ഇടപാടുകാര്‍ ശാഖകളില്‍ പോകേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് വായ്പ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. മാത്രമല്ല എല്‍ ഐ സിയുടെ ഏത് ശാഖയില്‍ നിന്നും വായ്പ അതിവേഗം ലഭിക്കുകയും ചെയ്യും. വിലാസത്തില്‍ മാറ്റം വരുത്തുക, ജഅച രജിസ്‌ട്രേഷന്‍, കെ വൈ സി മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കല്‍, NEFT രജിസ്‌ട്രേഷന്‍ എന്നിവയെല്ലാം കസ്റ്റമര്‍ പോര്‍ട്ടലില്‍ ഇപ്പോള്‍ അനായാസം ചെയ്യാം. എല്‍ ഐ സിയുടെ ഏത് ശാഖയിലും മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇടപാടുകാര്‍ക്ക് ഇപ്പോള്‍ അവരുടെ നോമിനേഷന്‍ മാറ്റാന്‍ സാധിക്കും. എനിവെയര്‍ നോമിനേഷന്‍ എന്ന ഈ സേവനം ഏറ്റവും പുതുതായി കൂട്ടിച്ചേര്‍ത്തതാണ്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജനങ്ങളുടെ കൈയില്‍ പണം കുറവുള്ള അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ പ്രീമിയം പേയ്‌മെന്റ് അടക്കലൊക്കെ ഏറ്റവും അവസാനത്തെ സാമ്പത്തിക ആവശ്യമാക്കിയാണ് ജനങ്ങള്‍ വെച്ചിരിക്കുന്നത്. പക്ഷേ, കോവിഡ് മഹാമാരി പോലെ ആരോഗ്യ രംഗത്ത് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോളിസി സജീവമാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് കണക്കിലെടുത്ത് എല്‍ ഐ സി ഒരു പ്രത്യേക പോളിസി പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ പോളിസികള്‍ സജീവമാക്കാനും ലൈഫ് കവര്‍ ഉറപ്പാക്കാനും ഏറെ പേര്‍ക്ക് സാധിച്ചിട്ടുണ്ട്്.

4. എല്‍ ഐ സിയുടെ ഇടപാടുകാരുടെ പ്രതീക്ഷകളില്‍ വന്നിരിക്കുന്ന മാറ്റങ്ങളെന്തൊക്കെയാണ്?

ഇപ്പോഴത്തെ ഈ സാഹചര്യം ഇടപാടുകാരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലെ കസ്റ്റമേഴ്‌സും ഡിജിറ്റല്‍ സൊലുഷന്‍സ് സ്വീകരിക്കാന്‍ തയ്യാറായി. വാസ്തവത്തില്‍, ഫലപ്രദമായ ഓണ്‍ലൈന്‍ സൊലുഷനാണ് കസ്റ്റമേഴ്‌സിന്റെ അഭിപ്രായ രൂപീകരണത്തില്‍ ഇപ്പോള്‍ മുഖ്യപങ്ക് വഹിക്കുന്ന ഘടകം. അനായാസം സേവനങ്ങള്‍ ലഭിക്കുക, ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും സേവനം, മൊബീല്‍ / വെബ് ആപ്ലിക്കേഷനുകള്‍, ആശയവിനിമയ ചാറ്റ് ബോട്ടുകള്‍, എനിവെയര്‍ സര്‍വീസിംഗ് എന്നിവയാണ് 'മില്ലേനിയല്‍' കസ്റ്റമേഴ്‌സിന്റെ താല്‍പ്പര്യങ്ങള്‍. അതുപോലെ തന്നെ ഇടപാടുകാര്‍ ഡാറ്റ പ്രൈവസിക്കും റിയല്‍ ടൈം റെസ്‌പോണ്‍സിനും ഊന്നല്‍ നല്‍കുന്നുണ്ട്.

5. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 'മില്ലേനിയല്‍സ്' അവരുടെ സമ്പാദ്യ ശീലത്തിലെ മുന്‍ഗണനാക്രമങ്ങള്‍ മാറ്റുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഇപ്പോളുണ്ടായ ഈ സാഹചര്യങ്ങള്‍ക്ക് വളരെ മുമ്പ് തന്നെ മില്ലേനിയല്‍സിനിടയില്‍ ഇന്‍ഷുറന്‍സിന് മതിയായ പരിഗണന ലഭിച്ചിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ഐ സി നല്‍കിയ 2.18 കോടി പോളിസികളുടെ 50 ശതമാനം മില്ലേനിയലുകള്‍ക്കായിരുന്നു. വരുമാന അസ്ഥിരത, ഇന്‍ഷുറന്‍സിനെ കുറിച്ച് കൂടുതലായുള്ള അവബോധം തുടങ്ങിയവയെല്ലാം ഇത്തരക്കാര്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ഐ സി നേടിയെടുത്ത പുതിയ പോളിസികളില്‍ 48 ശതമാനവും വന്നിരിക്കുന്നത് ഈ കാറ്റഗറിക്കാരില്‍ നിന്നാണ്. ചെറിയ പ്രായത്തില്‍ പോളിസി എടുത്താല്‍ പ്രീമിയം കുറവാകും. അതുമാത്രമല്ല സമ്പാദ്യത്തിനും സുരക്ഷിതത്വത്തിനും ഒരുപോലെ മുന്‍തൂക്കം നല്‍കണമെന്നും അവര്‍ക്കറിയാം. അതൊക്കെ ഞങ്ങളുടെ ബിസിനസിലും പ്രതിഫലിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News