ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെട്ടാല്‍ എന്തു ചെയ്യും?

Update:2018-06-18 16:41 IST

ആരോഗ്യ ഇന്‍ഷുറന്‍ നിരസിക്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ മുതല്‍ മോശം ആരോഗ്യം വരെ അതിന് കാരണമായേക്കാം. കാന്‍സര്‍ രോഗികളുടെ കാര്യം തന്നെയെടുക്കാം. രോഗം ചികിത്സിച്ച് കുറേയൊക്കെ ഭേദപ്പെടുത്താനാകുമെങ്കിലും പല ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും കാന്‍സര്‍ രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാറില്ലെന്നതാണ് സത്യം.

ഹൃദയസംബന്ധിയായ അസുഖം ഉണ്ടെങ്കിലും പലപ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെടുന്നു. അതു ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ നടത്തിയ ഒരു ഹൃദയ ശസ്ത്രക്രിയയുടെ പേരില്‍ പോലുമാകാം. നിങ്ങള്‍ അവയവ ദാനം നടത്തിയ ഒരാളാണെങ്കിലും ചിലപ്പോള്‍ നിഷേധിക്കപ്പെടാം. ഇത്തരത്തില്‍ പല വിധ കാരണങ്ങളാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെടുന്നവര്‍ക്കും ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ടതുണ്ട്. അവയവദാനം നടത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ നേരത്തേ തന്നെ ജീവിതകാലത്തേക്ക് മുഴുവന്‍ റിന്യൂവല്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ള പോളിസി എടുക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ അത് മിക്കവാറും നിലവിലുള്ള രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്നതായിരിക്കും. ഇനി ഇത്തരം രോഗങ്ങളെ കവര്‍ ചെയ്യാന്‍ പ്രാപ്തമല്ല, ആ പോളിസിയെങ്കില്‍ ടോപ് അപ്പ് ചെയ്ത് കവറേജ് നല്‍കാനുമാകും. ജോലി ഉപേക്ഷിച്ചാല്‍ പോലും ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യം നല്‍കുന്ന കമ്പനികളുണ്ട്. ഇനി, ജോലി വിടുകയോ, വിരമിക്കുകയോ ചെയ്യുമ്പോള്‍ വ്യക്തിപരമായ ഇന്‍ഷുറന്‍സായി ഇത് മാറ്റുകയുമാവാം.

ആക്‌സിഡന്റ് പോളിസി എടുക്കാം

അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി വാസത്തിനുള്ള ചെലവ് ആക്‌സിഡന്റ് പോളിസി എടുക്കുന്നതിലൂടെ കണ്ടെത്താം. ഇത് ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലല്ല അനുവദിക്കുന്നത് മറിച്ച് വരുമാനം പരിഗണിച്ചാണ് എന്നതിനാല്‍ ഏത് രോഗിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഹെല്‍ത്ത് ഫണ്ട് സ്വരൂപിക്കാം

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിലും ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്കായി ഹ്രസ്വകാല കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ഒരു വര്‍ഷ കാലാവധിയുള്ള ലിക്വിഡ് ഫണ്ടോ (ഏകദേശ വരുമാനം 6.74 ശതമാനം), ഹ്രസ്വകാല ബോണ്ട് ഫണ്ടുകളോ (പ്രതിവര്‍ഷ വരുമാനം 5.39 ശതമാനം), ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപമോ (വരുമാനം 6.65-6.85 ശതമാനം) ഇതിനായി തെരഞ്ഞെടുക്കാം.

ഇവയില്‍ നിന്നുള്ള റിട്ടേണ്‍ കുറഞ്ഞിരിക്കാം. എന്നാല്‍ ഇവിടെ അതിനല്ല പ്രാധാന്യം എന്നതാണ് ശ്രദ്ധിക്കേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിക്ഷേപം തിരിച്ചു കിട്ടുക എന്നതാണ്. ഓരോ മാസവും നിശ്ചിത തുക ഇത്തരം ഫണ്ടുകളിലേക്ക് മാറ്റണം. മാത്രമല്ല, ഒരു തുക ഓരോ മാസവും പ്രത്യേകം എക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റുക.

Similar News