ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള എസ്ബിഐ വായ്പ; ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം
കൊറോണ കവചിന് കീഴില്‍ ചികിത്സാ സഹായമായി അനുവദിക്കുന്ന 25000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള ഈടില്ലാ വായ്പയ്ക്കായി എങ്ങനെ അപേക്ഷിക്കണം. ജൂലൈയില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ അറിയാം.
എസ്ബിഐയുടെ കൊറോണ കവച് പേഴ്‌സണല്‍ ലോണുകള്‍ വഴി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്ന സ്‌കീമിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി. പുതിയ വിവരങ്ങള്‍ അനുസരിച്ച് ജൂലൈ 1 മുതല്‍ 15 വരെയുള്ള തീയതിക്കിടയില്‍ കോവിഡ് പോസിറ്റീവ് ആയി ചികിത്സ തേടേണ്ടി വന്നവര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍ ഇത്തരക്കാര്‍ക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടായിരിക്കണം.
മുമ്പ് ജൂണ്‍ 30 വരെ കോവിഡ് വന്നവര്‍ക്കായിരുന്നു വായ്പ അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ ആശുപത്രിയിലും ഡോക്ടറുടെ അനുമതിയോടെ പോസിറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഉള്ള, വീട്ടില്‍ ചികിത്സ തേടിയവര്‍ക്കുമായിരുന്നു ലോണ്‍ ലഭിക്കുക.
പുതിയ സര്‍ക്കുലറില്‍ പറയുന്നത് ജൂലൈ 1-15 കാലയളവില്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ഉള്ളവര്‍ക്ക് ലോണ്‍ യോഗ്യത ഉണ്ടായിരിക്കും എന്നാണ്. ഇവര്‍ ചികിത്സയ്ക്കാവശ്യമായി വന്ന തുകയുടെ ബില്ലുകളും മറ്റും ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. വീട്ടില്‍ കഴിയുന്നവര്‍ക്ക് ടെസ്റ്റ് റിസള്‍ട്ട് മതിയാകും. 25000 രൂപയെങ്കിലും ശമ്പളമുള്ള തിരിച്ചടവ് ശേഷി ഉള്ളവര്‍ക്കാകും ഇത്തരക്കാരില്‍ മുന്‍ഗണന. ശമ്പളം അല്ലെങ്കില്‍ വരുമാനത്തിന്റെ ആറിരട്ടിയുടെ 70 ശതമാനം വരെ ലോണ്‍ തുകയായി ലഭിക്കാനിടയുണ്ട്.
ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കും. ലോണിനായി എസ്ബിഐ ബ്രാഞ്ചില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ജൂലൈ ഒന്നിനു മുമ്പ് കോവിഡ് ചികിത്സ തേടിയവര്‍ക്ക് ഇപ്പോള്‍ കൊറോണ കവച് സ്‌കീമില്‍ വായ്പ ലഭിക്കില്ല.
നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ വായ്പയ്ക്ക് തടസ്സമാകില്ല. എന്നാല്‍ അവര്‍ക്ക് തിരിച്ചടവ് ശേഷി , വരുമാനം എന്നിവയോടൊപ്പം മറ്റ് ഇഎംഐ, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയും പരിശോധിക്കും. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് തിരിച്ചടവിന് ഉണ്ടാകുക.
ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.5 ശതമാനം ആയിരിക്കും എസ്ബിഐ കവച് പേഴ്‌സണല്‍ ലോണുകള്‍ക്കും ഈടാക്കുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. പ്രോസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും കവച് പേഴ്‌സണല്‍ വായ്പകള്‍ക്കില്ല.
കോവിഡ് വന്ന ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ക്കാണ് മുന്‍ഗണന. കൂടുതല്‍ വിശദാംശങ്ങള്‍ക്കും വായ്പയ്ക്കായുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാനും അക്കൗണ്ട് ഉള്ള എസ് ബി ഐ ബാങ്കുമായി ബന്ധപ്പെടുക.