മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്.ബി.ഐയുടെ പ്രത്യേക എഫ്.ഡി പദ്ധതിയില്‍ ഈ മാസം 30 വരെ ചേരാം
എസ്.ബി.ഐ പദ്ധതികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച നേട്ടം തരുന്നവയെ അറിയാം
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുന്ന നിരവധി സ്ഥിര നിക്ഷേപ പദ്ധതികളുണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI). ഇതില്‍ ഏറെ ജനപ്രിയമായി മാറിയ പദ്ധതിയാണ് എസ്.ബി.ഐ. വീകെയര്‍ ഫിക്സഡ്സി ഡെപ്പോസിറ്റ് സ്‌കീം. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് വീ കെയര്‍ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് പലിശനിരക്ക്. ഈ പദ്ധതിയില്‍ സെപ്തംബര്‍ 30 വരെ അക്കൗണ്ട് തുറക്കാം. മുതിര്‍ന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നല്‍കിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ് ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എസ്.ബി.ഐ ബ്രാഞ്ച്, ഓണ്‍ലൈന്‍ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവ വഴി സെപ്തംബര്‍ 30 വരെ സ്‌കീമില്‍ അംഗമാകാം.
ജനകീയമായി മാറിയ എസ്.ബി.ഐയുടെ മറ്റ് സീനിയര്‍ സിറ്റിസന്‍ സ്‌കീമുകള്‍ കാണാം:
അമൃത് കലശ്
400 ദിവസത്തെ കാലാവധിയിലുള്ള ഈ സ്‌കീമില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനമാണ് പലിശ. സാധാരണ നിക്ഷേപകര്‍ക്കും എന്‍.ആര്‍.ഐ നിക്ഷേപകര്‍ക്കും 7.60% പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ബ്രാഞ്ച്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവ വഴി ഡിസംബര്‍ 31 വരെ സ്‌കീമില്‍ അംഗമാകാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (SCSS)
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഈ സേവിംഗ് സ്‌കീം പ്രതിവര്‍ഷം 8.20 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ചു കൊണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. അഞ്ച് വര്‍ഷമാണ് മെച്യൂരിറ്റി കാലയളവ്. ആവശ്യമെങ്കില്‍ നിക്ഷേപകന് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ കഴിയും. പങ്കാളികള്‍ക്ക് ജോയിന്റ് അക്കൗണ്ട് ആയും ഇത് തുറക്കാം.