2022 ല്‍ നികുതി ലാഭിക്കണോ? ചേരാം ഈ 7 സമ്പാദ്യ പദ്ധതികളില്‍
നികുതി ലാഭിക്കാന്‍ കഴിയുന്ന നിക്ഷേപ പദ്ധതികളിലൂടെ സാമ്പത്തിക സുരക്ഷിതത്വം നേടാം.
എല്ലാ പുതുവര്‍ഷവും പല തരത്തിലുള്ള പ്രതിജ്ഞകള്‍ എടുക്കാറുണ്ട് നമ്മള്. പുതുവര്‍ഷത്തില്‍ സമ്പാദ്യശീലം തുടങ്ങാനാകും പലരും തീരുമാനിച്ചിട്ടുണ്ടാകുക. 2021 സാമ്പത്തിക വര്‍ഷം അവസാനിക്കാനായതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് മൂന്ന് മാസങ്ങള്‍ മാത്രമാണ്. പുതുവര്‍ഷത്തേക്കുള്ള പ്ലാനിംഗില്‍ നികുതി ലാഭിക്കാനുള്ള സമ്പാദ്യ പദ്ധതികള്‍ കൂടെ ഉള്‍പ്പെടുത്താം. ഇതാ നികുതി ലാഭിക്കുകയും ഒപ്പം മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുകയും ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന നിക്ഷേപ പദ്ധതികള്‍.
1.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
ആദായ നികുതി ലാഭിക്കുന്നതിനുള്ള ഏറ്റവും മികച്ച സര്‍ക്കാര്‍ പദ്ധതിയാണ് PPF സ്കീം. പ്രതിവര്‍ഷം പിപിഎഫില്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പിപിഎഫിലെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്കുന്നു. പണം നഷ്ടപ്പെടില്ല. നിലവില്‍ പിപിഎഫിന് 7.10 ശതമാനം വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും
2.നാഷണല്‍ പെന്ഷന് സിസ്റ്റം (NPS)
NPS ഒരു സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്കീമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒന്നര ലക്ഷം രൂപയുടെ നികുതിയ്ക്ക് പുറമേ 50,000 രൂപയുടെ ആനുകൂല്യങ്ങളും ഇതുവഴി ലഭിക്കും. NPS- ല്‍ നിക്ഷേപിക്കുന്നതിലൂടെ 2 ലക്ഷം രൂപയുടെ മൊത്തം ആദായ നികുതി ഇളവ് പ്രയോജനപ്പെടുത്താം. പ്രതിമാസം 1000 രൂപ മുതല്‍ നിക്ഷേപം തുടങ്ങാന്‍ സാധിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്കീമില്‍ അക്കൗണ്ട് തുറക്കാം.
3.സുകന്യ സമൃദ്ധി യോജന (SSY)
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ (SSY) ഒരു അക്കൗണ്ട് തുറന്ന് നികുതി ലഭിക്കാന്‍ സാധിക്കും. മോദി സര്‍ക്കാര്‍ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഈ പദ്ധതിയില്‍ ആദായനികുതി ഇളവ് ലഭിക്കും. നിലവില്‍ ഈ പദ്ധതിക്ക് 7.6 ശതമാനം വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
4.സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം (എസ്സിഎസ്എസ്)
മുതിര്‍ന്ന പൗരന്മാര്ക്കുള്ള മികച്ച സമ്പാദ്യ പദ്ധതിയാണ് എസ്സിഎസ്എസ്. ഈ സേവിംഗ്സ് അക്കൗണ്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ തുടങ്ങാം. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയ്ക്ക് 80സി പ്രകാരം ആദായനികുതി ഇളവ് ലഭിക്കും. പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയുന്നത്. നിലവില്‍, പ്രതിവര്‍ഷം 7.4% പലിശ വ്യവസ്ഥയുണ്ട്.
5.യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (ULIP)
ഇതൊരു ലൈഫ് ഇന്‍ഷുറന്‍സാണ്. നിക്ഷേപത്തിന് മാത്രമേ നികുതി ലാഭിക്കല്‍ ഇളവ് ലഭിക്കുകയുള്ളു. ULIP ല്‍ 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കില്ല. നിലവിലുള്ള ആദായനികുതി നിയമങ്ങള്‍ അനുസരിച്ച്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ മെച്യൂരിറ്റി വരുമാനം സെക്ഷന്‍ 10 (10D) പ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ULIP- കളിലെ ഇന്‍ഷുറന്‍സിന്റെയും നിക്ഷേപത്തിന്റെയും സംയോജനത്തിന് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവും ലഭിക്കും.
6.ടാക്സ് സേവിംഗ് എഫ്ഡി
ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി ലാഭിക്കാം. നികുതി ലാഭിക്കുന്ന FD- കളിലെ നിക്ഷേപങ്ങള്‍ 5 വര്‍ഷത്തേക്ക് ലോക്ക് ഇന്‍ ചെയ്തിരിക്കും. ടാക്സ് സേവിംഗ് എഫ്ഡികളുടെ പലിശ നിരക്കുകള്‍ കാലാകാലങ്ങളില്‍ മാറുന്നു. നികുതി ലാഭിക്കുന്ന FD നിക്ഷേപം സുരക്ഷിതവും ഉറപ്പുള്ളതുമായ റിട്ടേണ്‍ ഓപ്ഷനാണ്. പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
7.ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ELSS)
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ഒരു തരം ഇക്വിറ്റി ഫണ്ടാണ് . ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മ്യൂച്വല്‍ ഫണ്ടാണിത്. ELSSല്‍ പ്രതിവര്‍ഷം 1 ലക്ഷം രൂപ വരെയുള്ള റിട്ടേണുകള്‍ക്ക് അല്ലെങ്കില്‍ ലാഭത്തിന് നികുതി ബാധകമല്ല. ELSSന് 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇന്‍ കാലയളവ് ഉണ്ട്. നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളിലെ ഏറ്റവും മികച്ച സ്കീമുകളില്‍ ഒന്നാണിത്.