ഈ 5 ശീലങ്ങള്‍ നിങ്ങളെ കടക്കെണിയിലാക്കും

Update: 2019-02-28 06:38 GMT

സാമ്പത്തികമായി നല്ല നിലയിലുണ്ടായിരുന്ന കുടുംബങ്ങള്‍ പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും അത് കൂട്ട ആത്മഹത്യക്ക് വരെ വഴിവെക്കുകയും ചെയ്യുമ്പോള്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നാം ആശ്ചര്യപ്പെടാറുണ്ട്.

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഘടകങ്ങള്‍ കൊണ്ട് വരുന്ന സാമ്പത്തിക പ്രതിസന്ധി മാറ്റിനിര്‍ത്തിയാല്‍ വലിയൊരു ശതമാനവും കടക്കെണിയിലാകുന്നത് അവരുടെ ശീലങ്ങള്‍ കൊണ്ട് തന്നെയാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റാന്‍ സാധിക്കുമായിരുന്ന ചെറിയ ചെറിയ ശീലങ്ങള്‍. പതിയെ പതിയെ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്താന്‍ അവയ്ക്ക് കഴിയും. നിങ്ങള്‍ക്കുണ്ടോ ഈ ശീലങ്ങള്‍?

1. അമിതമായ ശുഭാപ്തിവിശ്വാസം ശുഭാപ്തിവിശ്വാസം നല്ലതുതന്നെ. എന്നാല്‍ അത് അമിതമായാലോ? ജീവിതത്തില്‍ മോശം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മാത്രമേ സംഭവിക്കുകയുള്ളു, എനിക്ക് അങ്ങനെയൊന്നും വരില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ സാമ്പത്തികമായ പ്രതിസന്ധി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അങ്ങനെ വരില്ലെന്ന് കരുതുന്നവര്‍ ഭാവിയിലേക്ക് വേണ്ടി ഒന്നും കരുതിവെക്കില്ല. മറ്റൊരു കൂട്ടരുണ്ട്. എന്ത് വന്നാലും വരട്ടെ, ഞാന്‍ അതിനെ നേരിടും എന്ന് അമിത ആത്മവിശ്വാസം കാണിക്കുന്നവര്‍. സാമ്പത്തികമായി കരുതിവെച്ചിട്ട് ആത്മവിശ്വാസത്തോടെ ജീവിക്കുക. എപ്പോഴും എമര്‍ജന്‍സി ഫണ്ട് മാറ്റിവെക്കുക.

2. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും? ഇത്തരക്കാര്‍ ജീവിക്കുന്നത് സമൂഹത്തിന്റെ അഭിപ്രായത്തിന് വേണ്ടിയായിരിക്കും. ഉദാഹരണത്തിന് ഞാന്‍ ഒരു പ്രീമിയം കാര്‍ ഇനിയെങ്കിലും വാങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് കരുതും എന്ന് അവര്‍ ചിന്തിക്കുന്നു. ജീവിതത്തിലെ ഓരോ തീരുമാനം എടുക്കുമ്പോഴും ഇത് എനിക്ക് ആവശ്യമാണോ എന്നായിരിക്കില്ല അവര്‍ ആദ്യം ചിന്തിക്കുന്നത്. പകരം സമൂഹം എന്ത് ചിന്തിക്കും എന്നായിരിക്കും. പതിയെ പതിയെ ഈ സ്വഭാവം അവരെ കടക്കെണിയില്‍ വീഴ്ത്തുന്നു.

3. റീറ്റെയ്ല്‍ തെറാപ്പിഇങ്ങനെയും ഒരു തെറാപ്പി ഉണ്ട്. മനസിന് വിഷമം തോന്നുമ്പോഴോ മൂഡ് ശരിയല്ലാത്തപ്പോഴോ ഒക്കെ അതില്‍ നിന്ന് രക്ഷ നേടാന്‍ വെറുതെ ഷോപ്പിംഗിന് ഇറങ്ങുന്നവരുണ്ട്. മൂഡ് നന്നാക്കാനാണ് ഇറങ്ങുന്നതെങ്കിലും കൈയില്‍ ഒരു കൂട്ടം സാധനങ്ങളും വാങ്ങിയായിരിക്കും ഇവര്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. ഇതില്‍ മുക്കാലും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങളായിരിക്കും. മാത്രവുമല്ല, മുന്തിയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം, മള്‍ട്ടിപ്ലക്‌സില്‍ നിന്ന് സിനിമ തുടങ്ങി ഒട്ടേറെ വിനോദങ്ങള്‍്ക്കായും പണം ചെലവഴിച്ചിട്ടുണ്ടാകും. അതുകൊണ്ട് റീറ്റെയ്ല്‍ തെറാപ്പിയിലെ അപകടം മനസിലാക്കുക. മൂഡ് നന്നാക്കാനായി ഷോപ്പിംഗ് വേണ്ട. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, കുറച്ചുനേരം നടക്കുക... തുടങ്ങിയ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുക.

4. നിക്ഷേപമോ? ആവശ്യങ്ങള്‍ കഴിയട്ടെഇപ്പോഴത്തെ കാര്യങ്ങള്‍ ആദ്യം നടക്കട്ടെ, നിക്ഷേപമൊക്കെ പിന്നെയാകാം... വളരെ അപകടകരമായ ചിന്താഗതിയാണ്. ആവശ്യങ്ങള്‍ കഴിഞ്ഞിട്ട് ആര്‍ക്കും തന്നെ പണം ബാക്കിയുണ്ടാകില്ല. ആദ്യം നിക്ഷേപത്തിനുള്ളത് മാറ്റിവെച്ചിട്ട് ബാക്കി മാത്രം ചെലവഴിക്കുന്നവര്‍ക്ക് സുരക്ഷിതമായ സാമ്പത്തികഭാവിയുണ്ടാകും. അല്ലാത്തവരുടെ നിക്ഷേപം ശോഷിച്ചിരിക്കും.

5. ഹൃസ്വദൃഷ്ടിനേത്രരോഗം അല്ല ഇവിടെ ഉദ്ദേശിച്ചത്. പകരം സാമ്പത്തികമായ ഹൃസ്വദൃഷ്ടിയാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണോ? ഹൃസ്വദൃഷ്ടിയുള്ളവരുടെ നിക്ഷേപ പദ്ധതികള്‍ പോലും അഞ്ചു വര്‍ഷത്തിന് താഴെയുള്ളതായിരിക്കും. ഓഹരിയധിഷ്ഠിത ഹൃസ്വകാല നിക്ഷേപപദ്ധതികള്‍ നിക്ഷേപകന് പലപ്പോഴും അമിത സമ്മര്‍ദ്ദം തരുന്നവയായിരിക്കും. എന്നാല്‍ വളരെ ആസുത്രിതമായി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അലയേണ്ടിവരില്ല. ദീര്‍ഘകാല നിക്ഷേപങ്ങളുടെ നേട്ടവും കൂടുതലായിരിക്കും.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News