സാമ്പത്തിക ബുദ്ധിമുട്ടിലാകാതിരിക്കാന്‍ ഉറപ്പായും ചെയ്യണം ഈ 3 കാര്യങ്ങള്‍
വരുമാനം ലഭിച്ച് തുടങ്ങുമ്പോള്‍ തന്നെ ജീവിതത്തില്‍ പകര്‍ത്തണം ഈ സാമ്പത്തിക അച്ചടക്ക പാഠങ്ങള്‍.
കോവിഡ് സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഈ അവസരത്തില്‍ പലരും സമ്പാദ്യശീലങ്ങള്ക്ക് ഇടവേള നല്‍കിയിരിക്കുകയാണ്. എന്നാല്‍ അമിത ചെലവ് നിയന്ത്രിച്ച് കുടുംബ ബജറ്റ് കൃത്യമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ കടങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ എന്തെങ്കിലും അത്യാവശ്യങ്ങള്‍ വന്നാല്‍ പലരുടെയും സാമ്പത്തിക അടിത്തറ തകിടം മറിയും. സാമ്പത്തിക ബുദ്ധിമുട്ടിലാകാതിരിക്കാന്‍ പ്രഥാമികമായി ചെയ്യാവുന്ന മൂന്നു കാര്യങ്ങള്‍ ഇതാ.
എമര്‍ജന്‍സി ഫണ്ട്
മികച്ച സാമ്പത്തിക ആസൂത്രണത്തില്‍ എമര്‍ജന്‍സി ഫണ്ടിന് വലിയ പ്രാധാന്യമുണ്ട്. മൂന്നു മുതല്‍ ആറു മാസം വരെ കുടുംബത്തിന് വേണ്ടി വരുന്ന തുകയ്ക്ക് സമാനമായ എമര്‍ജന്‍സി ഫണ്ട് കരുതിവെക്കണം. ജോലി നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ അപ്രതീക്ഷിതമായി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായകമാകും. നിങ്ങളുടെ ചെലവുകള്‍ കണക്കാക്കി ഓരോ മാസവും എമര്‍ജന്‍സി ഫണ്ടിലേക്ക് തുക മാറ്റിവെക്കുക. നിശ്ചിത തുക ആയിക്കഴിഞ്ഞാല്‍ അത് എല്ലാം സേവിംഗ്സ് എക്കൗണ്ടില്‍ മാത്രമായി സൂക്ഷിക്കാതിരിക്കുക. 50 ശതമാനം തുക സേവിംഗ്സ് എക്കൗണ്ടിലും ബാക്കി തുക എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലും നിക്ഷേപിക്കാം. പലിശ ലഭിക്കും എന്നത് മാത്രമല്ല, നഷ്ടസാധ്യത കുറവാണെന്നതും ബോണ്ടുകളുടെ പ്രത്യേകതയാണ്.
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ പ്രധാനം
അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ എപ്പോഴും തയാറായിരിക്കണമെന്നാണ് കോവിഡ് നമ്മെ പഠിപ്പിച്ച വലിയ പാഠം. മികച്ചൊരു ഇന്‍ഷുറന്‍സ് പോളിസി നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് എടുത്ത് ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാതാക്കുന്നു. അതുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഒഴിവാക്കരുത്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഹോസ്പിറ്റല്‍ ബില്‍ വലിയൊരു ബാധ്യതയായി മാറും. നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സും എടുക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.
നിക്ഷേപം കൃത്യമായി
നിക്ഷേപമുണ്ടായാല്‍ പോര, എല്ലാ നിക്ഷേപവും ഒരേ ഉല്‍പ്പന്നത്തില്‍ മാത്രമാകാതെ നോക്കണം. മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപമാവാം. അതു മാത്രമല്ല, മികച്ച നേട്ടം കൊണ്ടു വരുന്നത്. സ്വര്‍ണം, സ്വര്‍ണ ബോണ്ടുകള്‍ എന്നിവയും മികച്ച നേട്ടം തരും. അച്ചടക്കത്തോടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നത് കെട്ടകാലത്തു പോലും മികച്ച നേട്ടം നല്‍കുമെന്നറിയുക. ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ദീര്‍ഘകാല നിക്ഷേപങ്ങളും നേട്ടം തരും. കുറച്ചേറെ കാലം ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാണെങ്കില്‍ ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കാം.