നിക്ഷേപം ഇരട്ടിയാക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കാവുന്ന പദ്ധതി ഉറപ്പായും നേട്ടം നല്‍കുമെന്നതാണ് ആകര്‍ഷണീയത

Update:2021-12-11 16:00 IST

സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലൂടെ നല്‍കുന്നത്. സര്‍ക്കാരിന്റെ ഗാരന്റി ഉണ്ട് എന്നതു തന്നെയാണ് നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമായി ഇവ മാറുന്നത് പ്രധാന കാരണം. കൂടാതെ ചില നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 സി പ്രകാരം ആദായ നികുതി ഇളവും ലഭിക്കുന്നു.

ദീര്‍ഘകാല നിക്ഷേപത്തിന് തയാറുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. സര്‍ക്കാര്‍ ഗാരന്റി എന്നതു കൊണ്ടുള്ള സുരക്ഷിതത്വം മാത്രമല്ല, ഉറപ്പായ നേട്ടം ഉണ്ടാകുമെന്നതും ഇതിന്റെ ആകര്‍ഷണീയതയാണ്. ചുരുങ്ങിയത് 1000 രൂപ മുതല്‍ എത്രവേണമെങ്കിലും നിക്ഷേപിച്ച് തുടങ്ങാം. നിലവില്‍ 6.9 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. 10 വര്‍ഷവും 4 മാസവുമാണ് (124 മാസം) മെച്യൂരിറ്റി കാലാവധി. പണം നിക്ഷേപിച്ച് പത്തു വര്‍ഷം കൊണ്ട് ഇരട്ടിയാകും എന്നതാണ് പദ്ധതിയുടെ എടുത്തു പറയേണ്ട പ്രത്യേകത. അതായത് 1000 രൂപ നിക്ഷേപിച്ചാല്‍ പത്തു വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ 2000 രൂപയാകും.
മൂന്നു തരത്തിലാണ് കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത്.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വയമോ കുട്ടികളുടെ പേരിലോ എടുക്കാവുന്ന സിംഗ്ള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ്. പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ പേരിലെടുക്കാവുന്ന ജോയ്ന്റ് എ ടൈപ്പ്, ജോയ്ന്റ് ബി ടൈപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണവ.
മിച്ചം വരുന്ന തുക നഷ്ടസാധ്യതകളില്ലാതെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ദീര്‍ഘകാല നിക്ഷേപമാണെങ്കിലേ ഉദ്ദേശിച്ച നേട്ടം ലഭിക്കുകയുള്ളൂ.
124 മാസമാണ് നിലവിലെ മെച്യൂരിറ്റി കാലാവധി. എങ്കിലും അതില്‍ കൂടുതല്‍ കാലം നിക്ഷേപിക്കുന്നതിനും തടസ്സമില്ല. അതേസമയം മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് പിന്‍വലിക്കുന്നതിനും ഓപ്ഷന്‍ നല്‍കുന്നുണ്ട്. 30 മാസത്തെ (രണ്ടര വര്‍ഷം) ലോക്ക് ഇന്‍ പിരീഡിനു ശേഷം എപ്പോള്‍ വേണമെങ്കിലും പ്രത്യേക അപേക്ഷ നല്‍കി പിന്‍വലിക്കാനാകും.
1000 രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് രണ്ടര വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ പിന്‍വലിക്കുകയാണെങ്കില്‍ 1154 രൂപയാണ് ലഭിക്കുക. അഞ്ച്-അഞ്ചര വര്‍ഷത്തിനിടയിലാണെങ്കില്‍ 1332 രൂപയും ഏഴര-എട്ട് വര്‍ഷത്തിനിടയിലാണെങ്കില്‍ 1537 രൂപയും ലഭിക്കും. പത്തു വര്‍ഷം കഴിഞ്ഞ്, എന്നാല്‍ മെച്യൂരിറ്റി കഴിയുന്നതിന് മുമ്പ് പിന്‍വലിച്ചാല്‍ ലഭിക്കുക 1774 രൂപയാണ്. 10 വര്‍ഷവും 4 മാസവും കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ 2000 രൂപ ലഭിക്കും.


Tags:    

Similar News