പണം തട്ടുന്ന 'പന്നിക്കെണി': നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി സീറോദയുടെ നിതിന്‍ കാമത്ത്

സ്വയം സംരക്ഷിക്കാന്‍ ഈ വഴികള്‍

Update:2023-11-14 16:50 IST

സാമ്പത്തിക തട്ടിപ്പുകളുടെ ലോകത്താണ് നമ്മള്‍. ഓരോ ദിവസവും പുതിയ കെണികളൊരുക്കിയാണ് സൈബര്‍ കള്ളന്മാരുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. അതില്‍ ഒടുവിലത്തേതായിരുന്നു പാഴ്‌സല്‍ സര്‍വീസ്!

Also Read : ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്

ജോലി വാഗ്ദാനം, നിക്ഷേപ പദ്ധതികള്‍ക്ക് ഉയര്‍ന്ന നേട്ടം, ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള തട്ടിപ്പുകള്‍ വഴി പതിനായിരക്കണക്കിന് കോടികളാണ് നഷ്ടമാകുന്നത്. ഇത്രയുമധികം പേര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ വീഴുന്നത് ഭയപ്പെടുത്തുന്നുവെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ 
ബ്രോ
ക്കറേജ് സ്ഥാപനമായ സീറോധയുടെ സ്ഥാപകനും സി.ഇ.ഒയുമായ നിതിന്‍ കാമത്ത് സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്ററില്‍) കുറിച്ചത്.
''നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും ഇരയായി മാറാനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരോ എന്ന വ്യത്യാസമില്ല. എളുപ്പം പണം ഉണ്ടാക്കാനും വിദേശത്ത് ജോലി നേടാനുമുള്ള ആഗ്രഹമാണ് പലരേയും തട്ടിപ്പില്‍ വീഴ്ത്തുന്നത്.'' നിതിന്‍ കാമത്ത് പറയുന്നു.
പോലീസും സൈബര്‍ വിദഗ്ധരുമൊക്കെ പല വിധത്തില്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറയുന്നില്ല.
വിശ്വാസം നേടിയ ശേഷം
പന്നി കശാപ്പ് (pig butchering) എന്നാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പുകളെ വിശേഷിപ്പിക്കുന്നത്. ആദ്യം ഇരയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പിലേക്ക് കടക്കുന്നത്. അതായത് പന്നിയെ കശാപ്പ് ചെയ്യും മുന്‍പ് താലോലിച്ച് കൊഴുപ്പിച്ചെടുക്കുന്നത് പോലെ. ആദ്യം വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഉപഭോക്താക്കളെ കണ്ടെത്തി സ്‌നേഹം നടിച്ച് സുഹൃത്തുക്കളാക്കും. അതിനുശേഷം ജോലി, ഉയര്‍ന്ന വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടും. രാജ്യത്ത് മാത്രമല്ല, വിദേശങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അവരുടെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണെന്നും നിതിന്‍ കാമത്ത് പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനുള്ള വഴികളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.
സ്വയം സംരക്ഷിക്കാന്‍ ഈ വഴികള്‍
* വാട്‌സാപ്പ്, സാമൂഹിക മാധ്യമങ്ങള്‍, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ വഴിയുള്ള അപരിചിതമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്.
* ആരെങ്കിലും പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ലിങ്കുകള്‍ തുറക്കാനോ ആവശ്യപ്പെട്ടാല്‍ അതൊരു അപായ സൂചനയായി കാണാം.
* പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, ആര്‍ത്തി എന്നീ മനുഷ്യസഹജമായ വികാരങ്ങളെ ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഒരിക്കലും ഇതിനോട് തിടുക്കത്തില്‍ പ്രതികരിക്കാതിരിക്കുക.
* ഒട്ടും തന്നെ പരിഭ്രാന്തരാകേണ്ട. മിക്ക ആളുകളും ഇത്തരം തട്ടിപ്പില്‍ വീഴുന്നത് തിടുക്കത്തില്‍ പ്രതികരിക്കുന്നതുകൊണ്ടാണ്.
* എന്തെങ്കിലും സംശയം തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനെ സമീപിക്കുകയോ വക്കീലുമായി സംസാരിക്കുകയോ ചെയ്യുക.
* ജോലിയോ ഉയര്‍ന്ന റിട്ടേണോ വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം.
* നിങ്ങളുടെ ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് ഡീറ്റെയ്ല്‍സ്, നിക്ഷേപ വിവരങ്ങള്‍ എന്നിവയൊന്നും ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്.
Tags:    

Similar News