ബൈജൂസിനെതിരെ 'ഗുരുതര തട്ടിപ്പ്' അന്വേഷണം
ഡയറക്ടര്‍മാര്‍ രാജിവച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പുതിയ നീക്കം;
പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ (EduTech) ബൈജൂസിനെതിരെ സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (Serious Frauds Investigation Office /SFIO) അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ആണ് എസ്.എഫ്.ഐ.ഒ.
കമ്പനി നടത്തിപ്പിലെ വീഴ്ചകളും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടാത്ത സാഹചര്യവുമാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് 'ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ബൈജൂസിന് എസ്.എഫ്.ഐ.ഒയില്‍ നിന്ന് ഇതുവരെ സന്ദേശമൊന്നും ലഭിച്ചതായി അറിവില്ല.
വിടാതെ പ്രതിസന്ധികള്‍
കമ്പനിയുടെ നടത്തിപ്പിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബൈജൂസിന്റെ മൂന്ന് പ്രധാന ഡയറക്ടര്‍മാര്‍ രാജിവച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതുകൂടാതെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിലെ നീണ്ട കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡലോയിറ്റും പിന്‍മാറിയിരുന്നു.
വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ജൂലൈ നാലിന് ബൈജൂസിന്റെ ഉടമസ്ഥന്‍ ബൈജു രവീന്ദ്രന്‍ അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടിയിരുന്നു. കമ്പനി നടത്തിപ്പിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിക്ക് രൂപം കൊടുക്കുന്നതായി ഈ യോഗത്തില്‍ അദ്ദേഹം ഓഹരിയുടമകളെ അറിയിച്ചിട്ടുണ്ട്.
അതേ സമയം അന്വേഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണെന്ന് ബൈജൂസിനെ പ്രതിനിധീകരിച്ച് എം.ഇസഡ്.എം ലീഗല്‍ എല്‍.എല്‍ പി മാനേജിംഗ് പാര്‍ട്ണര്‍ സുല്‍ഫിക്കര്‍ മേമന്‍ പറഞ്ഞു. നിയമാനുസൃതമായ രീതിയിലാണ് കാര്യങ്ങളെന്നും അധികാരികളില്‍ നിന്ന് ചോദ്യങ്ങളുണ്ടായാല്‍ യഥാമസമയം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ.ഒ അന്വേഷണം എപ്പോൾ?
കമ്പനീസ് ആക്റ്റ് 2013 ന്റെ സെഷന്‍ 208 അനുസരിച്ച് രജിസ്ട്രാര്‍/ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എസ്.എഫ് ഐ.ഒ അന്വേഷണം നടത്താറുണ്ട്. അല്ലെങ്കില്‍ ഒരു കമ്പനി അന്വേഷണം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ റസലൂഷന്‍ പാസാക്കിയാലോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അന്വേഷണം ആവശ്യപ്പെട്ടാലോ എസ്.എഫ്.ഐ.ഒയെ അന്വേഷണം ഏല്‍പ്പിക്കാറുണ്ട്.