ദുരിതാശ്വാസ നിധി: നികുതിയിളവിന് എന്തു ചെയ്യണം?

Update: 2018-08-28 03:56 GMT

പ്രളയക്കെടുതിയില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിച്ചാല്‍ സഹായിക്കുന്നവര്‍ക്കുമുണ്ട് ഗുണം. അത് നികുതിയിളവായി അവര്‍ക്ക് ലഭിക്കും. അതിനായി സംഭാവന നല്‍കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.

ഒരു വ്യക്തിയോ കമ്പനിയോ ആരുമാകട്ടെ സെക്ഷന്‍ 80 ജി പ്രകാരം സംഭാവനകള്‍ക്ക് നികുതിയിളവിന് അവകാശമുണ്ട്. 2000 രൂപയില്‍ കൂടുതല്‍ കാഷ് ആയി നേരിട്ട് സംഭാവന നല്‍കിയാല്‍ നികുതിയിളവിന് അര്‍ഹരായിരിക്കില്ല. ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍ എന്നിവയായി നല്‍കിയാലും സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവിന് പരിഗണിക്കില്ല.

  • നിങ്ങള്‍ ആരു വഴിയാണോ സംഭാവന നല്‍കുന്നത്, ഒരു ട്രസ്‌റ്റോ, മറ്റു സ്ഥാപനങ്ങളോ വഴി ആകട്ടെ നല്‍കിയ തുകയ്ക്ക് റസീപ്റ്റ് വാങ്ങിയിരിക്കണം.
  • സംഭാവന സ്വീകരിക്കുന്ന ട്രസ്റ്റിന്റോയോ മറ്റു സ്ഥാപനങ്ങളുടെയോ പേരും വിലാസവും പാന്‍ നമ്പറും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകണം.
  • സംഭാവന നല്‍കുന്നയാളുടെ പേരും സംഭാവന സംബന്ധിച്ച മറ്റു വിവരങ്ങളും അതില്‍ ഉണ്ടാവണം.
  • സംഭാവന സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ലാത്ത രജിസ്‌ട്രേഷന്‍ നമ്പറും ഇതിലുണ്ടാവണം.

സംഭാവന മൂന്നു തരത്തില്‍

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന മുഴുവന്‍ തുകയ്ക്കും സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവ് ലഭിക്കും. ഈ നികുതിയിളവിന് മറ്റു യോഗ്യതാ പരിധികളൊന്നും തന്നെ ബാധകമല്ല.

2. മറ്റു ചാരിറ്റബ്ള്‍ സ്ഥാപനങ്ങള്‍

സെക്ഷന്‍ 80 ജി (5) മാനദ്ണ്ഡങ്ങള്‍ പാലിക്കുന്ന മറ്റേതൊരു സ്ഥാപനങ്ങളിലൂടെയും തദ്ദേശ സ്ഥാപനങ്ങളിലൂടെയുമുള്ള സംഭാവനകള്‍ക്കും നികുതിയിളവ് ലഭിക്കും. ഇത്തരം സംഭവങ്ങളില്‍ സംഭാവന നല്‍കിയ തുകയുടെ പകുതി തുകയ്ക്ക് വരെ ഇളവ് ലഭിക്കും. ക്രമീകൃത മൊത്ത വരുമാനത്തിന്റെ (Adjtsued Gross Total Income) 10 ശതമാനം വരെ എന്ന് ഇത് നിജപ്പെടുത്തിയിരിക്കുന്നു.

(ക്രമീകൃത മൊത്ത വരുമാനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സെക്ഷന്‍ 80സിസിസി മുതല്‍ 80 യു വരെ (80 ജി ഒഴികെ) ഇളവ് ലഭിക്കുന്ന തുകയും ദീര്‍ഘകാല മൂലധന നേട്ടവും സെക്ഷന്‍ 115 എ, 115 എബി, 115 എസി, 115 എഡി, 115 ഡി എന്നിവയുമായി ബന്ധപ്പെട്ട വരുമാനവും നോണ്‍ റെസിഡന്റ്‌സ്, വിദേശ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട വരുമാനവും ഒഴികെയുള്ള മൊത്ത വരുമാനമാണ്.)

3. നേരിട്ട് ദുരിതബാധിതര്‍ക്ക് നല്‍കുന്ന സംഭാവനകള്‍

സെക്ഷന്‍ 80 ജി (5) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത സംഘടനകളിലൂടെയോ നിങ്ങള്‍ ദുരിതബാധിതര്‍ക്ക് നേരിട്ടോ സംഭാവനകള്‍ നല്‍കുമ്പോള്‍ അത് ആദായ നികുതി വകുപ്പ് പ്രകാരം നികുതിയിളവിന് അര്‍ഹത നേടുന്നില്ല.

Similar News