കേരളത്തിനെതിരെ വീണ്ടും നിര്‍മ്മല; ജി.എസ്.ടി നഷ്ടപരിഹാരം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് കേരളം
കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ധനമന്ത്രി
ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളം തന്നെ ആവശ്യപ്പെട്ടിട്ടാണ് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാത്തതെന്ന് നിര്‍മ്മല പാര്‍ലമെന്റില്‍ പറഞ്ഞു.
ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട നഷ്ടപരിഹാരക്കണക്ക് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടത് അഡ്വക്കേറ്റ് ജനറലാണ് (AG). കേരളം എ.ജിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നേരത്തേ സമര്‍പ്പിച്ചിരുന്നെങ്കിലും അത് പരിഗണിക്കേണ്ടെന്ന് പിന്നാലെ അറിയിച്ചു. ഇതാണ് കേരളത്തിന് നഷ്ടപരിഹാരം നല്‍കുന്നത് വൈകാന്‍ കാരണം. എ.ജിയുമായി ചേര്‍ന്ന് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് കേരളം അറിയിച്ചിട്ടുള്ളതെന്നും കേന്ദ്രത്തിന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ വീഴ്ചകളൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അത് മാറ്റാനാണ് ഇപ്പോഴിത് താന്‍ പറയുന്നതെന്നും നിര്‍മ്മല പറഞ്ഞു.
കേന്ദ്രം കുടിശിക വരുത്തിയിട്ടില്ല
എ.ജിയുടെ റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിച്ച സംസ്ഥാനങ്ങള്‍ക്കെല്ലാം സമയബന്ധിതമായി തന്നെ ജി.എസ്.ടി നഷ്ടപരിഹാരം നല്‍കിയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഗോവ 2017-18, 2018-19, 2019-20, 2021-22 വര്‍ഷങ്ങളിലെയും 2022-23ലെ ആദ്യപാദത്തിലെയും എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല. ബംഗാളും ഏതാനും വര്‍ഷത്തെ എ.ജി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുണ്ട്. എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മുറയ്ക്ക് അവയ്ക്കുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് നിര്‍മ്മല വ്യക്തമാക്കി.
കേരളത്തിന്റെ വാദം
എ.ജിക്കാണ് സംസ്ഥാനം കണക്ക് നല്‍കേണ്ടത്. അത് നല്‍കിയിട്ടുമുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് കിട്ടാനുള്ളത് 45 കോടി രൂപ മാത്രമാണ്.
കഴിഞ്ഞവര്‍ഷം ജൂണില്‍ നിറുത്തലാക്കിയ ജി.എസ്.ടി നഷ്ടപരിഹാര വിതരണ പദ്ധതി തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കുന്നത് നിറുത്തിയതിലൂടെ കേരളത്തിന് നഷ്ടമായത് 12,000 കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന് ആദ്യ 5 വര്‍ഷക്കാലം പ്രതിവര്‍ഷ നികുതി വരുമാന വളര്‍ച്ച 14 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇതിന്റെ കാലാവധിയാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ അവസാനിച്ചത്.