ഗൂഗ്‌ളിനെ സാംസംഗ് കൈവിടുമോ ?

സാംസംഗുമായുള്ള കരാറില്‍ നിന്ന് ഗൂഗ്ള്‍ വാര്‍ഷിക വരുമാനത്തില്‍ 300 കോടി ഡോളറാണ് നേടുന്നത്

Update: 2023-04-18 09:47 GMT

Image:@canva

ഗൂഗ്‌ളിന് പകരം മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബിംഗിനെ സാംസംഗ് ഉപകരണങ്ങളിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിനായി മാറ്റുന്നത് കമ്പനി പരിഗണിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഗൂഗ്‌ളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇങ്ക് ഓഹരികള്‍ ഏകദേശം 4 ശതമാനം ഇടിഞ്ഞു. ചാറ്റ്ജിപിടി നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ സംയോജിപ്പിച്ച് ബിംഗ് (Bing) അടുത്തിടെയാണ് രംഗത്തെത്തിയത്.  

കഠിന പരിശ്രമവുമായി ഗൂഗ്ള്‍  

സാംസംഗുമായുള്ള  കരാറില്‍ നിന്ന് ഗൂഗ്ള്‍ വാര്‍ഷിക വരുമാനത്തില്‍ 300 കോടി ഡോളറാണ് നേടുന്നത്. വിപണി വിഹിതം സംരക്ഷിക്കാന്‍ ആല്‍ഫബെറ്റ് കഠിന പരിശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി  സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ 160 ല്‍ അധികം ആളുകളുടെ ഒരു സംഘത്തെ ആല്‍ഫബെറ്റ് ഗൂഗ്‌ളിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാംസംഗിനെ പിടിച്ചു നിര്‍ത്താന്‍ ഇത് പോരാതെ വരുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുമായി സാംസങ്ങിന് ദീര്‍ഘകാല ബന്ധമുണ്ട്. എന്നാല്‍ ബിംഗിനെ സാംസംഗ് ഉപകരണങ്ങളിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിനായി മാറ്റുന്ന കാര്യവുമായി ബന്ധപ്പെട്ട് ആല്‍ഫബെറ്റും സാംസംഗും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കൂടുതൽ എഐ സെർച്ച് ടൂളുകളിലേക്ക്

പതിറ്റാണ്ടുകളായി ഗൂഗ്‌ളാണ് സെര്‍ച്ച് എന്‍ജിന്‍ വിപണിയില്‍ 90 ശതമാനത്തിലധികം വിഹിതവുമായി ആധിപത്യം പുലര്‍ത്തുന്നത്. ഗൂഗ്ള്‍ ഫെബ്രുവരി 8-ന് തങ്ങളുടെ പുതിയ ചാറ്റ്‌ബോട്ടായ ബാര്‍ഡ് (Bard) അവതരിപ്പിച്ചിരുന്നു. ഗൂഗിൾ അടുത്ത മാസം കൂടുതൽ എഐ സെർച്ച് ടൂളുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

Tags:    

Similar News