ആപ്പിള്‍ ഇന്ത്യയില്‍ റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നു; ആദ്യം മുംബൈയില്‍

വില്‍പ്പന കൂട്ടാന്‍ ഇന്ത്യയില്‍ ആപ്പിള്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു

Update: 2021-01-29 05:26 GMT

ഐഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ ഇന്ത്യയിലെ വളർച്ച ത്വരിതപ്പെടുത്താനായി റീടെയിൽ സ്റ്റോറുകളും ആരംഭിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ റീടെയിൽ സ്റ്റോർ ആരംഭിക്കുന്നത് മുംബൈയിലാകും. തുടർന്ന് ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലും സ്റ്റോറുകൾ തുറക്കും.

ആപ്പിൾ ഉത്സവ സീസണോട് അനുബന്ധിച്ചു ആരംഭിച്ച ഇന്ത്യ ഓൺലൈൻ സ്റ്റോർ വിജയമായിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ റെക്കോർഡ് വിൽപ്പനയാണ് ആപ്പിൾ കൈവരിച്ചത്. രണ്ടു ശതമാനം മാത്രം മാർക്കറ്റ് ഷെയർ ഉണ്ടായിരുന്ന ഐഫോൺ അത് നാലു ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനായി.

"ഞങ്ങളുടെ ഷെയർ വളരെ കുറവായ പല വിപണികളുണ്ട്. അതിൽ ഒന്നാണ് ഇന്ത്യ. പക്ഷെ ഇന്ത്യയിലെ ഞങ്ങളുടെ വില്പന കഴിഞ്ഞ പാദത്തിൽ വർദ്ധിക്കുകയുണ്ടായി, ഞങ്ങളുടെ ബിസിനിസ് ഏകദേശം ഇരട്ടിയായി വർധിച്ചു. ഈ ഒരു വളർച്ചയുടെ പാതയിൽ ഞങ്ങൾ സന്തോഷവാന്മാരാണ്," ആപ്പിളിന്റെ ഡിസംബറിൽ അവസാനിച്ച പാദത്തിന്റെ കണക്കുകൾ അവതരിപ്പിച്ച ശേഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പറഞ്ഞു.

"കഴിഞ്ഞ പാദമായിരുന്നു ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ മുഴുവനായുണ്ടായിരുന്ന ഒരു ക്വാർട്ടർ. ഓൺലൈൻ സ്റ്റോറിന്റെ മികച്ച പ്രകടനമാണ് ഞങ്ങൾക്ക് നേട്ടമായത്. ഞങ്ങൾ ഇന്ത്യയിൽ ഭാവിയിൽ റീറ്റെയ്ൽ സ്റ്റോറുകളും തുറക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ മോഡലുകളായ ഐഫോൺ എസ്ഇ 2020, ഐഫോൺ 11, ഐഫോൺ എക്സ്ആർ എന്നിവയുടെ മികച്ച വിൽപ്പനയാണ് ഇന്ത്യയിൽ ആപ്പിൾ ഡിസംബർ പാദത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചതിന്റെ കാരണമായി ഈ മേഖലയിലെ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

കൗണ്ടർപോയിന്റ് റിസെർച്ചിന്റെ അഭിപ്രായപ്രകാരം 50 ശതമാനത്തിൽ കൂടുതൽ വില്പന നടന്നത് പഴയ മോഡലുകൾക്കാണ്. ഐഫോൺ എസ്ഇ 2020 ആണ് വില്പനയിൽ 30 ശതമാനത്തിൽ കൂടുതൽ നേടിയത്. ഐഫോൺ 11 (27%), ഐഫോൺ എക്സ്ആർ (14%) എന്നി മോഡലുകൾക്കും മികച്ച നേട്ടം കൈവരിക്കാനായി.

കഴിഞ്ഞ വർഷത്തിൻറെ അവസാനമെത്തിയ ഐഫോൺ 12 സീരിസിനാണ് പിന്നീട് വില്പനയുള്ളതു.

പുതിയ മോഡലുകൾ എത്തുന്നതിനോട് അനുബന്ധിച്ചു പഴയ മോഡലുകളുടെ വില കുറയ്ക്കുന്നതും ആപ്പിളിന് മാർക്കറ്റ് ഷെയർ കൂട്ടാൻ സഹായകരമായി.

കൂടാതെ ആമസോണും ഫ്ളിപ്കാർട്ടും ആപ്പിൾ ഡേ സെയിൽസ് നടത്തിയതും ആപ്പിളിന്റെ സ്വന്തം ഓൺലൈൻ സ്റ്റോറുകളെക്കാളും കൂടുതൽ നേട്ടമായി.

ആഗോളതലത്തിൽ ഐഫോൺ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ആപ്പിളിന്റെ വളരുന്ന വിപണിയായി മാറി. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലുള്ള ആപ്പിൾ ഇന്ത്യയുടെ കൃത്യമായ വരുമാന സംഖ്യ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചൈന ഒഴികെയുള്ള ഏഷ്യാ പസഫിക്കിൽ നിന്നുള്ള വരുമാനം വർഷത്തിൽ 10 ശതമാനം വർദ്ധിച്ചു. ഡിസംബർ പാദത്തിൽ വരുമാനം 11 ശതമാനം വർധിച്ച് 8.2 ബില്യൺ ഡോളറിലെത്തി.

2020 ഡിസംബർ 26ന് അവസാനിച്ച പാദത്തിൽ ആപ്പിൾ ആഗോളതലത്തിൽ 111.4 ബില്യൺ ഡോളറിന്റെ വരുമാനമാണ് നേടിയത്. ഇത് കമ്പനിയുടെ എക്കാലത്തെയും റെക്കോർഡ് വരുമാനമാണ്, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ നിന്നും 21 ശതമാനത്തിന്റെ വർദ്ധനവ്.

ആപ്പിൾ തങ്ങളുടെ മാർക്കറ്റ് ഷെയർ വർധിപ്പിച്ചുവെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള സ്മാർട്ഫോണുകൾക്ക് കടുത്ത മത്സരം നൽകാൻ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ മുൻനിരയിലുള്ള ഏഴ് സ്മാർട്ഫോൺ നിർമാതാക്കളിൽ ഒരാളാകാൻ ആപ്പിളിന് കഴിഞ്ഞുവെങ്കിലും ഷിയോമിയുടെ മാർക്കറ്റ് ഷെയർ 26 ശതമാനവും, സാംസങിന്റെ 21 ശതമാനവുമാണ്.


Tags:    

Similar News