ചാറ്റ്ജിപിടിയിലെ പിഴവുകള്‍ കണ്ടെത്തൂ, 20,000 ഡോളര്‍ വരെ പ്രതിഫലം നേടാം
സുരക്ഷാ പിഴവുകള്‍, തെറ്റുകള്‍, പരാധീനതകള്‍, സോഫ്റ്റ്‌വെയർ ബഗ്ഗുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് പ്രതിഫലം
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ടിലെ പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്ക് 200 ഡോളര്‍ മുതല്‍ 20,000 ഡോളര്‍ വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് കമ്പനി. സുരക്ഷ പിഴവുകള്‍, കോഡിങ് തെറ്റുകള്‍, പരാധീനതകള്‍, സോഫ്റ്റ്‌വെയർ ബഗ്ഗുകള്‍ തുടങ്ങിയവ കണ്ടെത്താനാണ് പ്രതിഫല പദ്ധതി ആവിഷ്‌കരിച്ചത്.
ഇതുവരെ 14 പരാധീനതകള്‍ ചാറ്റ്ജിപിടിയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ശരാശരി പ്രതിഫലം നല്‍കിയത് 1287.50 ഡോളറാണ്. ബഗ് ബൗണ്ടി (bug bounty) പ്രോഗ്രാം എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്.
പ്രതിഫലം കിട്ടിയവരുടെ പേരും ചിത്രവും തൊഴില്‍-ബിസിനസ് സംബന്ധമായ വിവരങ്ങളും ചാറ്റ്ജിപിടി വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഇതിലൂടെ സ്വതന്ത്ര ഗവേഷകര്‍ക്കും പ്രോഗ്രാമര്‍മാര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്ന് കിട്ടും.