മുംബൈയിലെ ഊര്‍ജ്ജം അവിശ്വസിനീയമെന്ന് ടിം കുക്ക്; രാജ്യത്തെ 'ആദ്യ' ആപ്പിള്‍ സ്റ്റോര്‍ തുറന്നു
സ്റ്റോറില്‍ 20 ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്ന 100 ല്‍ അധികം ജീവനക്കാര്‍ ഉണ്ടാകും
ആപ്പില്‍ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ റീറ്റെയ്ല്‍ സ്റ്റോര്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ (BKC) സിഇഒ ടിം കുക്ക് ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ഊര്‍ജ്ജവും ഉത്സാഹവും അഭിനിവേശവും അവിശ്വസനീയമാണെന്നും ആപ്പിള്‍ ബികെസി എന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ തുറക്കുന്നതില്‍ തങ്ങള്‍ വളരെ ആവേശത്തിലാണെന്നും ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ടിം കുക്ക് ട്വീറ്റ് ചെയ്തു.
ആപ്പിള്‍ ബികെസി ഇങ്ങനെ
രാജ്യത്ത് ആപ്പിളിന് 25 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് മുംബൈയിലെ ഈ പുതിയ സ്റ്റോര്‍ ആരംഭിച്ചത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് മുംബൈ സ്റ്റോര്‍. മൂന്നു നിലയിലായാണു സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.
മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേര്‍ന്ന ടാക്‌സികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. സ്റ്റോറില്‍ 20 ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്ന 100 ല്‍ അധികം ജീവനക്കാര്‍ ഉണ്ടാകും. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാമത്തെ സ്റ്റോര്‍ ഡല്‍ഹിയില്‍
ആപ്പിള്‍ സ്റ്റോറുകള്‍ ഉപയോക്താക്കള്‍ക്ക് മികച്ചതും സമാനതകളില്ലാത്തതുമായ ഉപഭോക്തൃ അനുഭവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇനി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ തുടങ്ങിയവ നേരിട്ടുള്ള ഈ സ്‌റ്റോര്‍ വഴി വാങ്ങാന്‍ കഴിയും. ഇത് രാജ്യത്ത് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ആപ്പിളിന് പ്രവേശനം നല്‍കുന്നമെന്ന് വിദഗ്ധര്‍ പറയുന്നു.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറായ 'ആപ്പിള്‍ സകേത്' വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തുറക്കും. ആപ്പിളിന്റെ ഇന്ത്യയിലെ സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ 2020-ല്‍ തുറന്നിരുന്നു.