'ന്യൂസ് ടാബ്' രാഷ്ട്രീയക്കാരുടെ പരസ്യ വേദിയായി തരം താഴും; സക്കര്‍ബര്‍ഗിന് ഫേസ്ബുക്ക് ജീവനക്കാരുടെ കത്ത്

Update: 2019-10-29 06:21 GMT

ഫേസ്ബുക്ക് പുതുതായി അവതരിപ്പിച്ച ' ന്യൂസ് ടാബ് 'രാഷ്ട്രീയക്കാരുടെ പരസ്യ വേദിയായി തരം താഴുമെന്ന ആശങ്ക പങ്കുവച്ച് ഫേസ്ബുക്ക് ജീവനക്കാരുടെ കത്ത് കമ്പനി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്. 250 ല്‍ അധികം ജീവനക്കാര്‍ കത്തില്‍ ഒപ്പിട്ടിട്ടുള്ളതായി ' ന്യൂയോര്‍ക്ക് ടൈംസ് 'റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ എലിസബത്ത് വാറന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഫേസ്ബുക്കിന്റെ പരസ്യ നയത്തെ വ്യാപകമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ കത്ത്. ജീവനക്കാരുടെ ആശങ്കകള്‍ക്കു നേരെ കമ്പനിക്കു പരിഗണനയുണ്ടെങ്കിലും രാഷ്ട്രീയ പ്രസംഗങ്ങള്‍ സെന്‍സര്‍ ചെയ്യാതെ തന്നെയാകും ന്യൂസ് ടാബില്‍ ഉള്‍പ്പെടുത്തുകയെന്ന് ഫേസ്ബുക്ക്് വക്താവ് ബെര്‍ട്ടി തോംസണ്‍ പറഞ്ഞു. 35,000 ജീവനക്കാരുണ്ട് കമ്പനിക്ക്. ഗൂഗിളിലെയും ആമസോണിലെയും പോലെ പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന പതിവ് ഫേസ്ബുക്ക് ജീവനക്കാര്‍ക്കില്ലാത്തതിനാല്‍ പുതിയ സംഭവ വികാസം കൂടതല്‍ ശ്രദ്ധേയമാകുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസ്, വാഷിംങ്ടണ്‍ പോസ്റ്റ് അടക്കം ഫേസ്ബുക്ക് അമേരിക്കയില്‍ വലിയ പങ്കാളികളെയാണ് ന്യൂസ് പദ്ധതിക്ക് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ വ്യാജവാര്‍ത്തകളുടെ പേരില്‍ വിവാദത്തിലായ സൈറ്റുകളും കടന്നുകൂടി എന്നാണ് ആക്ഷേപം. ബ്രിറ്റ്ബാര്‍ട്ട്  പോലുള്ള സൈറ്റുകള്‍ എങ്ങനെ ഫേസ്ബുക്ക് ന്യൂസില്‍ എത്തി എന്ന ചോദ്യത്തിന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ബ്രിറ്റ്ബാര്‍ട്ടിനെ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച സുക്കര്‍ബര്‍ഗ് വിവിധ വശങ്ങളില്‍ നിന്നുള്ള ന്യൂസ് അറിയാന്‍ ഇത് സഹായകരമാണ് എന്നാണ് പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ പ്രോഡക്ട് അവതരിപ്പിച്ചത്. വാര്‍ത്തകള്‍ അതിവേഗം അറിയാനും, ഗുണനിലവാരമുള്ള മാധ്യമ പ്രവര്‍ത്തനത്തിനും വേണ്ടി വാര്‍ത്തകള്‍ക്ക് മാത്രമായി ഒരു ടാബ് എന്നതാണ് ഫേസ്ബുക്ക് അവതരിപ്പിച്ച ആശയം.  ഫോക്‌സ് നെറ്റ്വര്‍ക്ക് ഉടമകളായ ന്യൂസ് കോര്‍പ്പറേഷന്‍ സിഇഒ റോബര്‍ട്ട് തോംസണുമായുള്ള ഒരു മുഖാമുഖത്തിലൂടെയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ന്യൂസിന് തുടക്കമിട്ടത്.

നിലവില്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ വാര്‍ത്തകള്‍ ക്രമീകരിച്ചിരിക്കുന്നത് പോലെ തന്നെയാണ് ന്യൂസ് ടാബില്‍ വാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുക. ജനറല്‍, ടോപ്പിക്കല്‍, ഡൈവേഴ്സ്, ലോക്കല്‍ ന്യൂസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഫേസ്ബുക്ക് ന്യൂസ് ഫീച്ചറില്‍ ഉണ്ടാകുക. പുതിയ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണാധികാരമുണ്ടാകും. പുതിയ ഫീച്ചറില്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകള്‍ കാണാം.

ന്യൂസ് ടാബില്‍ കാണിക്കുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘത്തെയും നിയോഗിക്കും.ഫേസ്ബുക്ക്് വ്യാജ വാര്‍ത്തകളുടെ വേദിയാകുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 200ലധികം വാര്‍ത്താ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ന്യൂസ് ടാബ് അവതരിപ്പിക്കുന്നത്.സബ്സ്‌ക്രിപ്ഷന്‍ സംവിധാനവും ന്യൂസ് ടാബില്‍ ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ ഫീച്ചര്‍ നിലവില്‍ അമേരിക്കയില്‍ മാത്രമെ ലഭ്യമാകുകയുള്ളു.

ഗൂഗിള്‍ ന്യൂസ് പോലുള്ള സംവിധാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു അഗ്രിഗേറ്റ് ന്യൂസ് പ്ലാറ്റ് ഫോം ആണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ടൈം ലൈനില്‍ തന്നെ ലഭിക്കുന്ന വാര്‍ത്ത ലിങ്കുകളെ അവിടെ നിന്നും മാറ്റുവാന്‍ കുറേക്കാലമായി ഫേസ്ബുക്ക് നീക്കം ആരംഭിച്ചിട്ട്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ സംവിധാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News