വായ്പ നല്‍കാന്‍ ഇനി ഫേസ്ബുക്കും ആമസോണും ഗൂഗ്‌ളും
രാജ്യത്തെ ചെറുകിട വായ്പാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സേവനം നല്‍കുക
ഇനി ലോകത്തെ എന്തു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഗൂഗ്‌ളും എണ്ണമറ്റ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ആമസോണുമൊക്കെ ഇനി ഉപഭോക്താക്കള്‍ക്കായി വായ്പയും ലഭ്യമാക്കിയാലോ? അതിനുള്ള ഒരുക്കങ്ങളിലായി ഈ കമ്പനികള്‍. മാത്രമല്ല, സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്കും സ്മാര്‍ട്ട് ഫോണ്‍ ഉല്‍പ്പാദകരായ ഷവോമി കോര്‍പറേഷനുമൊക്കെയുണ്ട്
ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ ലോണ്‍ മാര്‍ക്കറ്റില്‍ ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ് ഈ കമ്പനികളെല്ലാം. ഇതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ചെറുകിട വായ്പാ കമ്പനികളുമായി കൂട്ടുകെട്ടിനു തയാറെടുക്കുകയാണ്.
ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ പേമെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് ഇതില്‍ മിക്ക കമ്പനികളും. ബ്ലൂം ബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 ഓടെ ഡിജിറ്റല്‍ വായ്പ മേഖല 350 ശതകോടി ഡോളറിന്റെ വിപണിയായും 2024 ഓടെ ഒരു ലക്ഷം കോടി ഡോളറിന്റേതുമാകും.
ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ 5 മുതല്‍ 5.50 ലക്ഷം രൂപ വരെ വായ്പ നല്‍കാനുള്ള പുറപ്പാടിലാണ് ഫേസ്ബുക്ക്. ഈടില്ലാത്ത വായ്പയ്ക്ക് 17-20 ശതമാനം പലിശയും ഈടാക്കും.
വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കാനാണ് ഷവോമിയുടെ നീക്കം. അതേസമയം ആമസോണ്‍ അടുത്തിടെ, ഫിന്‍ടെക് കമ്പനിയായ സ്‌മോള്‍കേസ് ടെക്‌നോളജീസില്‍ നിക്ഷേപം നടത്തിയത് ഇതിന്റെ ഭാഗമായാണ്.
വായ്പയ്‌ക്കൊപ്പം ഡിജിറ്റല്‍ ഗോള്‍ഡ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ വെല്‍ത്ത് മാനേജ്‌മെന്റ് ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ 11.3 ശതമാനം എന്ന കൂടിയ നിരക്കില്‍ നില്‍ക്കുന്ന ഇന്ത്യയിലെ ബാഡ് ലോണ്‍ അനുപാതം കമ്പനികള്‍ക്ക് വെല്ലുവിളിയാകും. അതോടൊപ്പം റിസര്‍വ് ബാങ്ക്, ഡിജിറ്റല്‍ ലെന്‍ഡിംഗ് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയിലുമാണ്.
അതേസമയം ഇടപാടുകാര്‍ക്കായി സ്ഥിര നിക്ഷേപ സൗകര്യം കൂടി ഒരുക്കുകയാണ് ഗൂഗ്ള്‍ പേ. ഫിന്‍ടെക് സ്റ്റാര്‍ട്ട് അപ്പായ സേതുവും ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിച്ചാണിത്. ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ് തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.35 ശതമാനം എന്ന ആകര്‍ഷകമായ പലിശയും വാദ്ഗാനം ചെയ്യുന്നുണ്ട്. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയും ഗൂഗ്‌ളുമായി ഉടനെ കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.