ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'വേരിഫൈഡ് എക്കൗണ്ട്' വേണോ, 699 രൂപ മതിയെന്ന് മെറ്റ
ട്വിറ്റര്‍ ആണ് വേരിഫൈഡ് എക്കൗണ്ടിനായി പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഈടാക്കാന്‍ തുടങ്ങിയ ആദ്യത്തെ സ്ഥാപനം
ഇന്ത്യയില്‍ 'വേരിഫൈഡ്' സേവനം ആരംഭിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് 699 രൂപ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഇടാക്കിയാണ് വേരിഫൈഡ്' സേവനം എത്തിയിരിക്കുന്നത്. പ്രതിമാസം 599 രൂപ സബ്സ്‌ക്രിപ്ഷന്‍ നിരക്കില്‍ വരും മാസങ്ങളില്‍ വെരിഫൈഡ് സേവനം വെബില്‍ (Web) അവതരിപ്പിക്കാനും മെറ്റ പദ്ധതിയിടുന്നുണ്ട്. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് മെറ്റ വേരിഫൈഡ് സേവനം ആദ്യമെത്തിയത്.
ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്
മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷനിലൂടെ വെരിഫൈഡ് ബാഡ്ജ്, വ്യാജ എക്കൗണ്ടില്‍ നിന്നുള്ള സംരക്ഷണം, പൊതുവായ എക്കൗണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്കൗണ്ട് പിന്തുണ എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. വേരിഫൈഡ് എക്കൗണ്ട് സബ്സ്‌ക്രിപ്ഷനായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ (ഐ.ഡി) ഉപയോഗിച്ച് അവരുടെ എക്കൗണ്ട് സ്ഥിരീകരിക്കേണ്ടതുണ്ട്.
നിലവിലുള്ള ബ്ലൂടിക്ക് എക്കൗണ്ടുകള്‍
പുതിയ മെറ്റ വെരിഫൈഡ് അവതരിപ്പിച്ചതിന് പിന്നാലെ പഴയ വേരിഫൈഡ് എക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഇതോടെ നിലവിലുള്ള ബ്ലൂടിക്ക് (blue tick) എക്കൗണ്ടുകളുടെ ബാഡ്ജ് നിലനിര്‍ത്തുമെന്ന് മെറ്റ സ്ഥിരീകരിച്ചു. ഈ എക്കൗണ്ടുകള്‍ ആധികാരിക സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലൂടെ കടന്നുപോയവയാണെന്നും കമ്പനി അറിയിച്ചു.
വെരിഫിക്കേഷന്‍ എങ്ങനെ ലഭിക്കും
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വെരിഫിക്കേഷന്‍ ലഭിക്കുന്നതിനായി 3 മാനദണ്ഡങ്ങളുണ്ട്. അപേക്ഷിക്കുന്ന ആളുടെ എക്കൗണ്ടില്‍ മുമ്പുള്ള പോസ്റ്റുകള്‍ ഉള്‍പ്പടെ മിനിമം ആക്റ്റിവിറ്റികള്‍ നടന്നിട്ടുണ്ടാകണം, കൂടാതെ അപേക്ഷകര്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അപേക്ഷകര്‍ അവര്‍ അപേക്ഷിക്കുന്ന ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് പ്രൊഫൈലിലെ പേരും ഫോട്ടോയുമായി പൊരുത്തപ്പെടുന്ന ഒരു സര്‍ക്കാര്‍ ഐ.ഡി സമര്‍പ്പിക്കേണ്ടതുണ്ട്.
ആള്‍മാറാട്ടം തടയുന്നതിനായി മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷനെടുത്ത എക്കൗണ്ടുകളില്‍ സജീവമായ നിരീക്ഷണം ഏര്‍പ്പെടുത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ആണ് വേരിഫൈഡ് എക്കൗണ്ടിനായി പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഈടാക്കാന്‍ തുടങ്ങിയ ആദ്യത്തെ സ്ഥാപനം.