ആന്‍ഡ്രോയിഡിന് എന്താണ് കുഴപ്പം, യുറോപ്യന്‍ യൂണിയന്‍ 4.12 ബില്യണ്‍ യൂറോ പിഴ ചുമത്തിയതിന് പിന്നില്‍
വിവിധ കേസുകളിലായി 2017 മുതല്‍ 7.85 ബില്യണ്‍ യൂറോയുടെ പിഴയാണ് യുറോപ്യന്‍ യൂണിയന്‍ ഗൂഗിളിനെതിരെ ചുമത്തിയത്
ആന്റിട്രസ്റ്റ് കേസില്‍ ഗൂഗിളിന് 4.125 ബില്യണ്‍ യുറോയുടെ (4.13 ബില്യണ്‍ ഡോളര്‍) റെക്കോര്‍ഡ് പിഴയാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കോടതി (General Court) വിധിച്ചത്. 2018ല്‍ യൂറോപ്യന്‍ കമ്മീഷന്‍ വിധിച്ച 4.34 ബില്യണ്‍ യൂറോയുടെ പിഴ കോടതി കുറയ്ക്കുകയാണ് ചെയ്തത്. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതി വിധി.
എന്താണ് ആന്‍ഡ്രോയിഡിന് കുഴപ്പം
ലോകത്തെ ഏറ്റവും പ്രശസ്തമായ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ആന്‍ഡ്രോയിഡ് എന്ന് തന്നെയാണ്. 190ല്‍ അധികം രാജ്യങ്ങളിലായി 3 ബില്യണോളം പേരാണ് ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നത്. ഒരു ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറായ (ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാവുന്ന) ആന്‍ഡ്രോയിഡിന്റെ ഈ മേധാവിത്വം സ്വന്തം നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതായിരുന്നു ഗൂഗിളിന് എതിരെയുള്ള കേസ്.
ആന്‍ഡ്രോയിഡ് ഒഎസ് സൗജന്യമായി ഉപയോഗിക്കാമെങ്കിലും മാപ്‌സ്, സര്‍ച്ച് എഞ്ചിന്‍, പ്ലേസ്റ്റോര്‍ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഉള്‍പ്പെടുന്ന ഗൂഗിള്‍ മൊബൈല്‍ സര്‍വീസുകള്‍ എല്ലാം ലൈസന്‍സ് എഗ്രിമെന്റിലൂടെയാണ് കമ്പനി നല്‍കുന്നത്. ഈ രീതിയാണ് കേസിന്റെ അടിസ്ഥാനം. 2015ല്‍ ആണ് യൂറോപ്യന്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍/ ടാബ്‌ലെറ്റ് നിര്‍മാതാക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയും ആപ്പുകള്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തും മറ്റ് ആപ്ലിക്കേഷനുകളുടെ വിപണി ഇല്ലാതാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ടോ, സ്വന്തം രീതിയില്‍ സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളെ സേവനങ്ങളില്‍ നിന്ന് വിലക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രധാനമായും അന്വേഷിച്ചത്.
വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വവും മത്സര വിരുദ്ധമായ കരാറുകളും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു എന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്റെ വിലയിരുത്തല്‍. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ ആധിപത്യത്തിനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന മൊബൈല്‍ നിര്‍മാതാക്കള്‍ക്കും നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍മാര്‍ക്കും നിയമ വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സാമ്പത്തിക ആനൂകൂല്യങ്ങള്‍ നല്‍കിയെന്നും കമ്മീഷന്‍ കണ്ടെത്തി.
ഗൂഗിള്‍ സര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക ആനൂകൂല്യങ്ങള്‍ ഉള്‍പ്പെട ഗൂഗിള്‍ നല്‍കിയെന്ന് കമ്മീഷന്‍ കണ്ടെത്തി. പ്ലേസ്റ്റോര്‍ ഉപയോഗിക്കാന്‍ ജിമെയില്‍ ലോഗിന്‍ നിര്‍ബന്ധമാണ് എന്നതും മേധാവിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായുള്ള നീക്കമായിരുന്നു. കമ്മീഷന്റെ വിലയിരുത്തല്‍ കഴിഞ്ഞ ദിവസം കോടതി ശരിവെയ്ക്കുകയായിരുന്നു. വിവിധ കേസുകളിലായി 2017 മുതല്‍ 7.85 ബില്യണ്‍ യൂറോയുടെ പിഴയാണ് യുറോപ്യന്‍ യൂണിയന്‍ ഗൂഗിളിനെതിരെ ചുമത്തിയത്.
ഗൂഗിളിന്റെ നിയന്ത്രണങ്ങള്‍
ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് വേണ്ട. എന്നാല്‍ പ്ലേസ്റ്റോര്‍ അടക്കമുള്ള ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. നിലവില്‍ സാംസംഗ് , വീവോ ഉള്‍പ്പടെയുള്ളവയുടെ ഫോണുകളില്‍ അവരുടേതായ ആപ്പ് സ്റ്റോറുകള്‍ ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. യുറോപ്യന്‍ കോടതിയുടെ തീരുമാനം ആഗോള തലത്തില്‍ തന്നെ ഗൂഗിളിന് തിരിച്ചടിയാണ്. കാരണം ഈ കേസ് മുന്‍നിര്‍ത്തി പല രാജ്യങ്ങളിലെയും നിയന്ത്രണ അതോറിറ്റികൾ ഗൂഗിളിനെതിരെ തിരിയാം. കഴിഞ്ഞ ദിവസം സ്വകാര്യത ലംഘനത്തിന്റെ പേരില്‍ മെറ്റ, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഒരുമിച്ച് ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം ഏകദേശം 72 മില്യണ്‍ ഡോളറിന്റെ പിഴ ചുമത്തിയിരുന്നു.