രഹസ്യങ്ങള്‍ ചോര്‍ന്നേക്കും; എ.ഐ ഉപയോഗം സൂക്ഷിച്ച് മതിയെന്ന് ജീവനക്കാരോട് ഗൂഗ്ള്‍
എ.ഐക്ക് ഡേറ്റ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍
കമ്പനിയുടെ രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍മിത ബുദ്ധി (എ.ഐ) ചാറ്റ്‌ബോട്ടുകള്‍ ജാഗ്രതയാടെ ഉപയോഗിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. എ.ഐ ചാറ്റ്ബോട്ടുകളില്‍ രഹസ്യ വിവരങ്ങള്‍ നല്‍കരുതെന്ന് ജീവനക്കാരോട് കമ്പനി നിര്‍ദ്ദേശിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡേറ്റ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും
ബാര്‍ഡും ചാറ്റ് ജി.പി.ടിയും ഉള്‍പ്പെടെയുള്ള ചാറ്റ്ബോട്ടുകള്‍ ഉപയോക്താക്കളുമായി സംഭാഷണം നടത്താനും എണ്ണമറ്റ നിര്‍ദ്ദേശങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകളാണ്. ഇവിടെ ജോലിയുമായി ബന്ധപ്പെട്ട പാസ്‌വേഡുകള്‍ ഉൾപ്പെടെ നല്‍കുമ്പോള്‍ ഇത്തരം ഡേറ്റ എ.ഐക്ക് പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായും ഇത് ഡേറ്റ ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉപയോഗിക്കുന്നവര്‍ ഏറെ
ചാറ്റ്‌ബോട്ടുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ കോഡുകളുടെ നേരിട്ടുള്ള ഉപയോഗം ഒഴിവാക്കാനും ആല്‍ഫബെറ്റ് എന്‍ജിനീയര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനികളിലെ 12,000 വരുന്ന ജീവനക്കാരില്‍ ഫിഷ്ബൗള്‍ എന്ന നെറ്റ്‌വർക്കിംഗ് സൈറ്റ് നടത്തിയ സര്‍വേ പ്രകാരം 43 ശതമാനം ജീവനക്കാരും ചാറ്റ് ജി.പി.ടി അല്ലെങ്കില്‍ മറ്റ് എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.