നിര്‍മിത ബുദ്ധി: അടുത്ത ചുവടുവയ്പ്പ് തല്‍ക്ഷണ വീഡിയോ?
ഇത് സിനിമാ നിര്‍മ്മാതാക്കളുടെയും മറ്റ് ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകളുടെയും പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചേക്കാമെന്ന് കമ്പനി
റണ്‍വേ എഐ എന്ന ന്യൂയോര്‍ക്ക് സ്റ്റാര്‍ട്ടപ്പിലെ സോഫ്റ്റ്‌വെയർ ആര്‍ക്കിടെക്റ്റായ ഇയാന്‍ സന്‍സവേര താന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വീഡിയോയുടെ ചെറു വിവരണം റണ്‍വേ എഐയില്‍ ടൈപ്പ് ചെയ്തു. 'കാട്ടിലെ ശാന്തമായ ഒരു നദി' എന്നാണ് അദ്ദേഹം നല്‍കിയ ചെറു വിവരണം. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വനത്തിലെ ശാന്തമായ നദിയുടെ ഒരു ഹ്രസ്വ വീഡിയോ ഇയാന്‍ സന്‍സവേരയ്ക്ക് മുന്നിലെത്തി. പാറക്കെട്ടുകളെ വകഞ്ഞുമാറ്റി ഒഴുകുന്ന നദിയുടെ വെള്ളം സൂര്യപ്രകാശത്തില്‍ തിളങ്ങി.
എഐയുടെ അടുത്ത ഘട്ടം
സ്‌ക്രീനിലെ ഒരു ബോക്‌സില്‍ നിരവധി വാക്കുകള്‍ ടൈപ്പ് ചെയ്ത് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന നിരവധി കമ്പനികളില്‍ ഒന്നാണ് റണ്‍വേ. എഐയുടെ അടുത്ത ഘട്ടം ഒരുപക്ഷേ തല്‍ക്ഷണ വീഡിയോകളാകാം എന്ന വാദത്തെ ശരിവയ്ക്കുന്നതാണ് റണ്‍വേ എഐയിലെ ഇയാന്‍ സന്‍സവേരയുടെ പരീക്ഷണം. ഇത് സിനിമാ നിര്‍മ്മാതാക്കളുടെയും മറ്റ് ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകളുടെയും പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചേക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.
വീഡിയോ എഡിറ്റിംഗ് ജോലികളും
കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ തങ്ങള്‍ നിര്‍മിച്ച ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക വിദ്യകളില്‍ ഒന്നാണിതെന്ന് റണ്‍വേയുടെ സിഇഒ ക്രിസ്റ്റോബല്‍ വലെന്‍സുവേല പറഞ്ഞു. വളരെ സമയമെടുത്താണ് വീഡിയോ എഡിറ്റിംഗ് ജോലികള്‍ ഇന്ന് ചെയ്യുന്നത്. എന്നാല്‍ റണ്‍വേ സൃഷ്ടിച്ചത് പോലെയുള്ള സംവിധാനങ്ങള്‍ക്ക്, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എഡിറ്റിംഗ് ജോലികള്‍ വേഗത്തില്‍ ചെയ്യാനാകുമെന്നും റണ്‍വേ എഐ പറയുന്നു.