ചാറ്റ്ജിപിടി ചതിച്ചു; വക്കീലിനെ കോടതി കയ്യോടെ പൊക്കി

കേസിന് നിരത്തിയ ഉദാഹരണങ്ങള്‍ ചാറ്റ്ജിപിടി 'കെട്ടിച്ചമച്ചത്' എന്ന് കണ്ടെത്തി

Update: 2023-06-12 06:42 GMT

Representational Image From Canva

എന്തിനുമേതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതിലേക്ക് ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണ്. വന്‍ ടെക് കമ്പനികള്‍ ഉള്‍പ്പെടെ എല്ലാവരും ഇപ്പോള്‍ അഭിമാന പദ്ധതികള്‍ പലതും മാറ്റിവച്ച് തങ്ങളുടെ സേവനങ്ങളില്‍ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഏറെ നാളായി എഐ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം ഒരു കുതിച്ചുചാട്ടം ഇപ്പോള്‍ എഐ മേഖലയില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ചാറ്റ് ജിപിടി പറയുന്നതെന്തും അപ്പാടെ കോപ്പിയടിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത. കോടതിയില്‍ കേസ് തെളിയിക്കാന്‍ ചാറ്റ് ജിപിടിയില്‍ നിന്നെടുത്ത വിവരങ്ങള്‍ തെറ്റിയതോടെ വക്കീല്‍ കേസിലായി.

ന്യൂയോര്‍ക്കിലെ ഒരു അഭിഭാഷകനായ സ്റ്റീവന്‍ ഷോര്‍ട്‌സ് ആണ് ചാറ്റ്ജിപിടി വഴി പണി കിട്ടിയത്. സംഭവം ഇങ്ങനെ, ഒരു വ്യക്തിയും ഒരു എയര്‍ലൈനും തമ്മിലുള്ള തര്‍ക്കത്തില്‍ എയര്‍ലൈനിന് എതിരേ പീറ്റര്‍ ലോഡൂക എന്ന സ്റ്റീവന്റെ സുഹൃത്തായ അഭിഭാഷകന്‍ വാദിക്കുകയായിരുന്നു. കേസിന്റെ ആവശ്യത്തിനായി പീറ്റര്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സ്റ്റീവന്റെ സഹായമായിരുന്നു തേടിയത്.

ഉദാഹരണങ്ങൾ എല്ലാം നിർമിത ബുദ്ധിയിൽ 

കേസില്‍ വാദി ഭാഗത്തെ സാധൂകരിക്കുന്ന സമാന കേസുകളുടെ റഫറന്‍സുകളും മറ്റുമാണ് പീറ്റര്‍ സുഹൃത്തായ സ്റ്റീവനോട് ആവശ്യപ്പെട്ടിരുന്നു. സഹായം ഏറ്റെടുത്ത സ്റ്റീവന്‍ വൈകാതെ പീറ്ററിന് ആവശ്യമായ റഫറന്‍സുകളൊക്കെ നല്‍കി. പീറ്റര്‍ അതൊക്കെ കൃത്യമായി പഠിച്ച് കോടതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ എയര്‍ലൈന്‍സിന്റെ അഡ്വക്കേറ്റ് ഈ കേസുകള്‍ പരിശോധിക്കാനായി അന്വേഷിച്ചെങ്കിലും അങ്ങനെയൊരു സംഭവം കണ്ടെത്താന്‍ കഴിഞ്ഞില്ല.

പൊടിപോലും കണ്ടെത്തിയില്ല 

കോടതിക്കും പീറ്റര്‍ ഉദാഹരണമായി നിരത്തിയ കേസുകളുടെ തുമ്പു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജഡ്ജി വിശദീകരണം തേടിയപ്പോഴാണ് റഫറന്‍സ് നല്‍കിയത് തന്റെ സുഹൃത്ത് നല്‍കിയ വിവരങ്ങളാണെന്ന് പീറ്ററിന് പറയേണ്ടി വന്നത്. അതോടെ അഭിഭാഷകനായ സ്റ്റീവനെയും കോടതി ചോദ്യം ചെയ്തു. ഈ സമയത്താണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ താന്‍ ഉണ്ടാക്കിയ റഫറന്‍സുകളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പുറത്തുവന്നത്. സംഭവത്തില്‍ പീറ്റര്‍ നിരപരാധിയാണെന്നും റഫറന്‍സ് തയാറാക്കിയത് എങ്ങനെയാണ് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നും സ്റ്റീവന്‍ മൊഴി നല്‍കി. തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

30 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന സ്റ്റീവന്‍ കോളെജില്‍ പഠിക്കുന്ന തന്റെ കുട്ടികളില്‍ നിന്നുമാണ് ചാറ്റ്ജിപിടി പഠിക്കുന്നത്. അതില്‍ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചതാണ് അദ്ദേഹത്തിന് പറ്റിയതെറ്റെന്ന് കോടതിയില്‍ അദ്ദേഹം തന്നെ വിശദമാക്കി. ഇതിനുമുമ്പും ചില കേസുകളില്‍ സ്റ്റീവന്‍ ചാറ്റ്ജിപിടി സഹായം ഉപയോഗിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 'അസാധാരണമായ സാഹചര്യം' എന്നാണ് കോടതി ഈ സംഭവത്തെ വിലയിരുത്തിയത്. അതേസമയം ഇനിയൊരിക്കലും ആധികാരികത പരിശോധിക്കാതെ ചാറ്റ്ജിപിടി വിവരങ്ങള്‍ ഉപയോഗിക്കില്ലെന്ന് സ്റ്റീവന്‍ പറയുന്നു. എന്നാല്‍ വക്കീലിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയായതുകൊണ്ട് തന്നെ കോടതി വിശദീകരണം തേടിയതോടൊപ്പം നിയമനടപടികള്‍ ഉണ്ടാകുമെന്നും താക്കീത് നല്‍കി.

Tags:    

Similar News