ടിബറ്റിനെ ഇനി അങ്ങനെ വിളിക്കരുത്; പേര് മാറ്റി ചൈന

പുതിയ പേര് പോപ്പുലറാക്കാനും ചൈന നടപടി തുടങ്ങി

Update: 2024-01-08 10:23 GMT

Image : Canva

ബുദ്ധമത വിശ്വാസികളുടെ പുണ്യഭൂമികളിലൊന്നാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ്. 'ലോകത്തിന്റെ മേല്‍ക്കൂര' എന്ന വിശേഷണമുള്ള ടിബറ്റന്‍ പീഠഭൂമിക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം അതിശക്തമാണ്.

തനത് ടിബറ്റുകാര്‍ക്ക് പുറമേ ചൈനയിലെ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജരെ കൂടുതലായി എത്തിച്ച് വംശീയപരമായ മാറ്റങ്ങളും ടിബറ്റില്‍ കൊണ്ടുവരാന്‍ ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ടിബറ്റന്‍ ബുദ്ധമതക്കാരുടെ നേതൃത്വം വഹിക്കുന്ന ദലൈ ലാമ ദശാബ്ദങ്ങളായി ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്. അദ്ദേഹത്തെ വിഘടനവാദിയായാണ് ചൈന കാണുന്നത്.
തന്റെ പിന്‍ഗാമിയെ ദലൈ ലാമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതംഗീകരിക്കാതിരുന്ന ചൈനീസ് ഭരണകൂടം, ചൈനയോട് കൂറുള്ള മറ്റൊരാളെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും പോരും മുറുകുന്നതിനിടെ ഇപ്പോഴിതാ, ടിബറ്റിന്റെ പേര് തന്നെ ഔദ്യോഗികമായി മാറ്റിയിരിക്കുകയാണ് ചൈന.
ഇനി വിളിക്കാം, ഷീസാങ്
ചൈന ഇപ്പോള്‍ ഔദ്യോഗികമായി ടിബറ്റിനെ വിളിക്കുന്നത് ഷീസാങ് (Xizang) എന്നാണ്. ടിബറ്റന്‍ സര്‍ക്കാരിനെയാകട്ടെ ഗവണ്‍മെന്റ് ഓഫ് ഷീസാങ് എന്നും. ചൈനയിലെ തനത് ഹാന്‍ വംശജരാണ് ഈ പേര് വ്യാപകമായി ഉപയോഗിക്കുന്നത്. ഇംഗ്ലീഷിലും ഇനി മുതല്‍ ഷീസാങ് എന്നേ ഉപയോഗിക്കാവൂ എന്ന് ചൈന ഉദ്യോഗസ്ഥരോടും മറ്റും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
രാജ്യത്തെ പണ്ഡിതര്‍ സംബന്ധിക്കുന്ന ചര്‍ച്ചകളിലും സെമിനാറുകളിലും മറ്റും ഷീസാങ് എന്നാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ചൈനീസ് സർക്കാർ ടിബറ്റില്‍ സംഘടിപ്പിച്ച നയതന്ത്ര സമ്മേളനത്തിന്റെ വിഷയം തന്നെ 'ഷീസാങ് ട്രാന്‍സ് ഹിമാലയന്‍ ഫോറം ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍' എന്നായിരുന്നു. ചൈനയിലെ പ്രധാന മാധ്യമങ്ങളും ഇപ്പോള്‍ ഷീസാങ് എന്നാണ് ടിബറ്റിന് പകരമായി ഉപയോഗിക്കുന്നത്.
Tags:    

Similar News