എയര്‍ ടാക്‌സി സര്‍വീസിന് ഇലക്ട്രിക് വിമാനങ്ങള്‍; ദുബൈയിലെ പുതിയ ട്രെന്‍ഡ്

ചെലവു കുറഞ്ഞ ചെറുയാത്രകള്‍ക്ക് അനുയോജ്യം

Update:2024-08-02 14:06 IST

crisalion.com

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരം വര്‍ധിച്ചു വരുന്ന എയര്‍ടാക്‌സി സര്‍വീസ് മേഖലയിലേക്ക് ഇലക്ട്രിക് വിമാനങ്ങൾ കൂടുതലായി കടന്നു വരുന്നു. ഇലക്ട്രിക് കാറുകള്‍ പോലെ ബാറ്ററിയില്‍ പറക്കുന്ന ചെറുവിമാനങ്ങള്‍ ഗള്‍ഫിന്റെ ആകാശങ്ങളിലെ നിത്യകാഴ്ചയായി മാറുമെന്നാണ് ഈ രംഗത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ദുബൈയിലെ എയര്‍ടാക്‌സി സര്‍വീസ ദാതാക്കളായ എയര്‍ ചാറ്റു എന്ന കമ്പനി യൂറോപ്യന്‍ നിര്‍മ്മാതാക്കളായ ക്രിസാലിയോണ്‍ മൊബൈലിറ്റിയില്‍ നിന്ന് പത്ത് പുതിയ ഇലക്ട്രിക് വിമാനങ്ങൾക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. യു.എ.ഇയിലും സൗദിയിലും എയര്‍ടാക്‌സി മേഖലയില്‍ ഇലക്ട്രിക് ചെറുവിമാനങ്ങള്‍ക്ക് പ്രിയമേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചെറുയാത്രകള്‍ക്ക് ഉത്തമം

അടുത്തടുത്തുള്ള നഗരങ്ങള്‍ക്കിടയില്‍ പറക്കാന്‍ ഇലക്ട്രിക് ടാക്‌സികള്‍ ഫലവത്താണ് എന്നതാണ് ഇത്തരം ചെറുവിമാനങ്ങള്‍ക്ക് ആവശ്യകത വര്‍ധിപ്പിക്കുന്നത്. നിലവിലുള്ള ബാറ്ററി ശേഷി അനുസരിച്ച് 130 കിലോമീറ്റര്‍ വരെ പറക്കാം. ബാറ്ററി ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. നഗരങ്ങള്‍ അടുത്തടുത്ത് കിടക്കുന്ന യു.എ.ഇയില്‍ ഈ  സര്‍വീസ്  കൂടുതല്‍ പ്രയോജനകരമാണെന്നാണ് കണ്ടെത്തല്‍. റോഡുകളില്‍ ട്രാഫിക് ജാമുകളില്‍ സമയം നഷ്ടപ്പെടുമ്പോള്‍ ബിസിനസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ ഈ വിമാനങ്ങള്‍ സഹായകമാകും.

കാര്‍ഗോ മേഖലയിലും അനുയോജ്യം

പൈലറ്റ് ഉള്‍പ്പടെ പരമാവധി ആറു പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാനാകുക. ദുബൈയില്‍ നിലവില്‍  കൊറിയര്‍ കമ്പനികള്‍ ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ യാത്രാവിമാനങ്ങളായി ഉപയോഗിക്കുന്നത് വിരളം. ഭാരം കുറഞ്ഞ വസ്തുക്കള്‍ വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തിക്കാമെന്നതിനാല്‍ കാര്‍ഗോ മേഖലയില്‍ ഇത് വിജയമാണ്. സാധാരണ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവലിനെ അപേക്ഷിച്ച് ഇലക്ട്രിക്  വിമാനങ്ങളില്‍ യാത്രാ ചിലവ് കുറയുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എയര്‍ടാക്‌സി സേവനദാതാക്കളെ ചെറുവിമാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും ഈ പ്രത്യേകതയാണ്.

Tags:    

Similar News