ദുബൈയിലേക്ക് ആറ് മാസത്തിനിടെ പറന്നത് 60 ലക്ഷം ഇന്ത്യക്കാര്‍

ദുബൈ വിമാനത്താവളത്തില്‍ ആകെ ഇറങ്ങിയത് 4 കോടി യാത്രക്കാര്‍

Update:2023-08-25 14:55 IST

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പെരുമയുള്ള  ദുബൈ വഴി ഇക്കൊല്ലം ആദ്യ ആറ് മാസക്കാലത്ത് (2023 ജനുവരി-ജൂണ്‍) പറന്നത് 4.16 കോടി പേര്‍. അതില്‍, 60 ലക്ഷം പേരും ഇന്ത്യക്കാര്‍.

ദുബൈ എയര്‍പോര്‍ട്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 31 ലക്ഷം പേരുമായി സൗദി അറേബ്യയാണ് രണ്ടാമത്. 28 ലക്ഷം ബ്രിട്ടീഷ് പൗരന്മാരും ദുബൈ വഴി പറന്നു. 20 ലക്ഷം പേരുമായി പാകിസ്ഥാനാണ് നാലാമത്.
18 ലക്ഷം അമേരിക്കക്കാരും 13 ലക്ഷം റഷ്യക്കാരും 12 ലക്ഷം ജര്‍മ്മന്‍ പൗരന്മാരും ഈ വര്‍ഷം ഏപ്രില്‍-ജൂണില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തു.
റിവന്‍ജ് യാത്രയും ടൂറിസവും
കൊവിഡിന് മുമ്പ്, 2019ലെ സമാനകാലത്തേക്കാള്‍ കൂടുതല്‍ യാത്രക്കാരാണ് ഈ വര്‍ഷം പറന്നതെന്ന് ദുബൈ എയർപോര്‍ട്‌സ് വ്യക്തമാക്കി. 'റിവന്‍ജ് യാത്രയും ടൂറിസവുമാണ്' ഇതിന് പ്രധാനമായും സഹായിച്ചത്. കൊവിഡും ലോക്ക്ഡൗണും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരേസ്ഥലത്ത് മാത്രം കഴിച്ചുകൂട്ടിയവര്‍, നിയന്ത്രണം അയഞ്ഞതോടെ മാനസിക ഉല്ലാസത്തിന് ഏറ്റവും അടുത്ത സ്ഥലങ്ങളിലേക്ക് നടത്തുന്ന യാത്ര/ടൂറിസമാണ് 'റിവന്‍ജ് ട്രാവല്‍/ടൂറിസം' എന്നറിയപ്പെടുന്നത്.
തിരക്കുള്ള വിമാനത്താവളം
104 രാജ്യങ്ങളിലായി 257 വിമാനത്താവളങ്ങളിലേക്കും തിരിച്ചും ദുബൈ വിമാനത്തവളത്തിന് സര്‍വീസുകളുണ്ട്. 91 അന്താരാഷ്ട്ര വിമാന കമ്പനികള്‍ ദുബൈ വഴി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
2023 ജനുവരി-ജൂണില്‍ 2.01 ലക്ഷം സര്‍വീസുകള്‍ ദുബൈ വഴി നടന്നു. 2022ലെ സമാനകാലത്തേക്കാള്‍ 30.2 ശതമാനം കൂടുതലാണിത്. 2019ലെ സമാന കാലത്തേക്കാള്‍ 13 ശതമാനവും അധികമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓരോ വിമാനത്തിലും ശരാശരി 214 പേരെ ദുബൈ വിമാനത്താവളം കൈകാര്യം ചെയ്യുന്നു. ഓരോ സര്‍വീസിലും ശരാശരി 77 ശതമാനം സീറ്റുകള്‍ ഉപയോഗിക്കപ്പെടുന്നുമുണ്ട് (ലോഡ് ഫാക്ടര്‍).
Tags:    

Similar News