കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരുമെന്ന് കേന്ദ്രമന്ത്രി; വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കും
അത്യാധുനിക ഫീച്ചറുകളും സൗകര്യങ്ങളുമുള്ളതാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍
ഇന്ത്യയില്‍ നിലവില്‍ 82 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും യാത്രക്കാരുടെ തിരക്ക്, പ്രവര്‍ത്തന സാഹചര്യം തുടങ്ങിയവ കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ അവതരിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ന്യൂഡല്‍ഹി-മുംബയ്, വഡോദര-അഹമ്മദാബാദ്, ന്യൂഡല്‍ഹി-ഹൗറ, കാണ്‍പൂര്‍-ലക്‌നൗ റൂട്ടുകളില്‍ വന്ദേഭാരതിന്റെ വേഗം 160 കിലോമീറ്ററിലേക്ക് ഉയര്‍ത്താനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും പടിപടിയായി മറ്റ് സര്‍വീസുകളുടെയും വേഗം വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
96% ഫുള്‍
നിലവില്‍ വന്ദേഭാരത് സര്‍വീസുകളിലെ സീറ്റുകളില്‍ 96.62 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ എം.പിമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.
പുതുപുത്തന്‍ വന്ദേഭാരതില്‍ യാത്രക്കാരുടെ സുഖ, സുരക്ഷിത സൗകര്യങ്ങള്‍ക്കായി ആധുനിക ഫീച്ചറുകളും സംവിധാനങ്ങളുമാണുള്ളത്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, എര്‍ഗണോമിക് റിക്ലൈനിംഗ് (ചരിക്കാവുന്ന) സീറ്റുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം എന്നിവ അവയില്‍ ചിലതാണെന്നും മന്ത്രി പറഞ്ഞു.