വന്ദേഭാരതും ഗതിമാനും ഇനി 'സ്ലോ മോഷനി'ൽ, പല ട്രെയിനുകളുടെയും സമയക്രമവും മാറും
മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരതിന്റെ യഥാര്‍ത്ഥ വേഗം
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരതും ഗതിമാന്‍ എക്‌സ്പ്രസും അടക്കമുള്ള എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ഒരുങ്ങുന്നു. ചില റൂട്ടുകളില്‍ ട്രെയിന്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് വാണിംഗ് സിസ്റ്റം (ടി.പി.ഡബ്ല്യു. എസ്) പരാജയപ്പെടുന്നതു വഴിയുള്ള അപകട സാധ്യത കുറയ്ക്കാനാണ് പുതിയ തീരുമാനം.
നിലവില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ഈ ട്രെയിനുകളുടെ പരമാവധി വേഗം ഇനി 130 കിലോമീറ്ററായിരിക്കും. വേഗത കുറയ്ക്കുന്നതോടെ 10ഓളം പ്രീമിയം ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരും. നിലവില്‍ പല റൂട്ടുകളിലും വന്ദേഭാരത് മണിക്കൂറില്‍ 130 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. ഡല്‍ഹി-കാണ്‍പൂര്‍ പോലുള്ള അതിവേഗപാതകളിൽ മാത്രമാണ് 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുക.
കഴിഞ്ഞ നവംബര്‍ ആറിനാണ് ട്രെയിനുകളുടെ വേഗം 130 കിലോമീറ്റര്‍ ആക്കണമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ റെയില്‍വേ ബോര്‍ഡ് ഇത് പരിഗണിച്ചിരുന്നില്ല. കാഞ്ചന്‍ജംഗ അപകടത്തോടെ പുതുക്കിയ നിര്‍ദേശം സമര്‍പ്പിക്കുകയായിരുന്നു.
മാറ്റം ഇവയ്ക്ക്
ഡല്‍ഹി-ജാന്‍സി-ഡല്‍ഹി ഗതിമാന്‍ എക്‌സ്പ്രസ് (12050/12049), ഡല്‍ഹി-ഖജുരാഹോ -ഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസ് (22470/22469), ഡല്‍ഹി- റാണി കമലാപതി-ഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസ് (22172/20171), ഡല്‍ഹി-റാണി കമലാപതി-ഡല്‍ഹി ജനശതാബ്ദി എക്‌സ്പ്രസ് (12002/12001) എന്നിവയ്ക്കാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വേഗത കുറയുന്നതോടെ ഈ ട്രെയിനുകളുടെ യാത്രാ സമയം 25-30 മിനിറ്റ് അധികമാകും. ജനശതാബ്ദിയുടെ വേഗത 150 കിലോമീറ്ററില്‍ നിന്നാണ് 130 കിലോമീറ്ററാക്കുക.
എതിർപ്പുകളും
എന്നാല്‍ സുരക്ഷയുടെ ഭാഗമായി വേഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 45 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാഞ്ചന്‍ജംഗയുടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ എക്‌സ്പ്രസുകളുടെ വേഗത കുറയ്ക്കുന്നതില്‍ കഴമ്പില്ലെന്ന് വന്ദേഭാരതിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ ശുഭാന്‍ഷു ചൂണ്ടിക്കാട്ടുന്നു.
വന്ദേഭാരത് സര്‍വീസിനായി നിലവില്‍ പല ട്രെയിനുകളുടെയും സമയം മാറ്റിയിരുന്നു. മാത്രമല്ല പല സര്‍വീസുകളും വന്ദേ മെട്രോ മൂലം വൈകി ഓടുന്ന സാഹചര്യവുമുണ്ട്. വീണ്ടും ഇതിന്റെ വേഗത കുറയുന്നതോടെ വെട്ടിലാകുന്നത് മറ്റ് ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ്.