ടൂറിസം മേഖലയില്‍ റെക്കോഡ് വരുമാനം ലക്ഷ്യമിട്ട് കേരളം, എത്തുക 2.28 കോടി ടൂറിസ്റ്റുകള്‍; തൊഴില്‍ മേഖലയില്‍ വന്‍ ഉണര്‍വ് ഉണ്ടാകും

എല്ലാ കാലാവസ്ഥയിലും ആതിഥ്യമരുളുന്ന സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി ഉയർത്താനുളള നൂതന പദ്ധതികള്‍ ആവിഷ്കരിക്കും

Update:2024-09-02 13:01 IST

Image Courtesy: keralatourism.org

കേരളത്തിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് വിനോദ സഞ്ചാര മേഖല. നയന മനോഹരങ്ങളായ ഹരിതാഭ, ആകര്‍ഷകമായ കായലോരങ്ങളും ബീച്ചുകളും, ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നാണ് കേരളത്തിന്റെ ഭൂപ്രകൃതി. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാന ടൂറിസത്തെ ചെറുതായൊന്ന് പുറകോട്ടടിക്കുന്നുണ്ട്. ഇത്തരത്തിലെ ഏറ്റവും അവസാനത്തെ ആഘാതമാണ് വയനാട് ഉരുള്‍പൊട്ടല്‍.
പുതിയ തന്ത്രങ്ങളുമായി ടൂറിസം വകുപ്പ്
ഇത്തരം വെല്ലുവിളികളില്‍ നിന്ന് പതുക്കെ കരകയറുന്ന കേരളം വന്‍ ലക്ഷ്യങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം കൈപ്പിടിയില്‍ ഒതുക്കാന്‍ പദ്ധതിയിടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 2.2 കോടി ആഭ്യന്തര വിനോദ സഞ്ചാരികളെയും 8 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യാനാണ് സംസ്ഥാന ടൂറിസം വകുപ്പ് തയാറെടുക്കുന്നത്.
ഇതിനായി ഹെലികോപ്റ്റര്‍ ടൂറിസം, കാരവൻ ടൂറിസം, ക്രൂയിസ് ടൂറിസം, ജൈവവൈവിധ്യ സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട്, മെഡിക്കൽ ടൂറിസം എന്നിവയിൽ ഊന്നൽ നൽകി കൊണ്ടുളള തന്ത്രങ്ങള്‍ക്കാണ് അധികൃതര്‍ രൂപം നല്‍കുന്നത്.

പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളായ ബീച്ചുകളിലും കായലുകളിലും ഹിൽ സ്റ്റേഷനുകളിലും ഊന്നല്‍ നല്‍കി കൊണ്ടുളള പദ്ധതികളായിരുന്നു സംസ്ഥാനം ഇതുവരെ ആവിഷ്കരിച്ചിരുന്നത്. എന്നാല്‍ എല്ലാ കാലാവസ്ഥയിലും ആതിഥ്യമരുളുന്ന സ്ഥലമെന്ന കേരളത്തിന്റെ ഖ്യാതി ഉയർത്താനുളള നൂതന പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് ഈ വര്‍ഷം രൂപം കൊടുക്കുന്നത്.

റെക്കോഡ് വരുമാനം ലക്ഷ്യം

2019 ലെ റെക്കോഡ് ടൂറിസം വരുമാനം 2026 ഓടെ മറികടക്കാനുളള പദ്ധതികളാണ് ടൂറിസം വകുപ്പ് മെനയുന്നത്. 1.95 കോടി സന്ദർശകരാണ് 2019 ൽ സംസ്ഥാനത്ത് എത്തിയത്. ഇതില്‍ 11.89 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു കേരളം 2019 ല്‍ സ്വന്തമാക്കിയത്.
ഈ സാമ്പത്തിക വർഷം ടൂറിസം മേഖലയ്ക്കായി സംസ്ഥാന സർക്കാർ 351 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. ഇതിൽ 138 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ചെലവഴിക്കുക. കൂടാതെ മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'മാലിന്യ മുക്തം നവകേരളം' എന്ന പ്രചാരണ പരിപാടികള്‍ കേരളത്തിലുടനീളം നടത്തി വരികയാണ്.
വയനാട് ഉരുൾപൊട്ടല്‍ മൂലം ടൂറിസം രംഗത്തിന് ചെറിയ തോതില്‍ ആഘാതം ഉണ്ടായിട്ടുണ്ട്. റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇക്കാരണത്താല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ബുക്കിംഗ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ ചില പ്രത്യാഘാതങ്ങൾ ഉണ്ടായതായെങ്കിലും, ആഘാതം ലഘൂകരിക്കാനുള്ള കഠിന ശ്രമങ്ങളിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.
വയനാട് ജില്ല ഇപ്പോള്‍ പൂര്‍ണമായും ടൂറിസം സൗഹൃദമാണെന്നുളള പ്രചാരണ പരിപാടികള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തി വരികയാണ്. ആളുകളോട് ജില്ലയിലേക്ക് നിര്‍ഭയം എത്താനും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ആസ്വദിക്കാനും അഭ്യര്‍ത്ഥിച്ചുകൊണ്ട് വിപുലമായ ക്യാമ്പയിനാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്നത്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകര്‍ കേരളത്തിലേക്ക് ഇപ്പോള്‍ ധാരാളമായി എത്തുന്നുണ്ട്. ഇതു കൂടാതെ ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സംസ്ഥാനം പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏകദേശം 81 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റിങ്ങും ടൂറിസം വകുപ്പ് നടത്തും.
കഴിഞ്ഞ വർഷം  2.1 കോടി ആഭ്യന്തര സഞ്ചാരികളും 6.49 ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകളും അടക്കം റെക്കോഡ് ടൂറിസ്റ്റുകള്‍ കേരളത്തിൽ എത്തിയതായി സംസ്ഥാന ടൂറിസം ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Tags:    

Similar News