ഹോം സ്‌റ്റേ ഉടമകള്‍ക്ക് സന്തോഷിക്കാം; 20,000 രൂപ സാമ്പത്തിക സഹായം

നാടന്‍ അടുക്കളകള്‍ക്കും അപേക്ഷിക്കാം, സ്ത്രീകള്‍ക്ക് മുന്‍ഗണന

Update:2024-09-03 14:38 IST

keralatourism.org

സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം സ്‌റ്റേകള്‍ക്കും നാടന്‍ അടുക്കളകള്‍ക്കും സാമ്പത്തിക സഹായവുമായി ടൂറിസം വകുപ്പ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ബയോഗ്യാസ് പ്ലാന്റിന് 20,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെയുള്ള വികസനം നടപ്പാക്കാനുള്ള ടൂറിസം വകുപ്പിന്റെ നടപടികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വര്‍ഷം 20 ഹോം സ്‌റ്റേകള്‍ക്കും 20 നാടന്‍ അടുക്കളകള്‍ക്കുമാണ് സഹായം. മികച്ച യൂണിറ്റുകള്‍ക്ക് അടുത്ത വര്‍ഷവും സഹായം തുടരും.

സ്ത്രീകള്‍ക്ക് മുന്‍ഗണന

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ സംസ്ഥാനത്ത് 5,660 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്ത് സജീവമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്കാണ് സഹായം ലഭിക്കുക. സ്ത്രീകള്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് മുന്‍ഗണനയുണ്ട്. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിന് ശേഷം ബില്‍ സഹിതം അപേക്ഷ നല്‍കിയാല്‍ സഹായധനം ലഭിക്കും. മിഷന്‍ കോഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്ലാന്റുകളില്‍ പരിശോധന നടക്കും. ടൂറിസ്റ്റുകള്‍ക്കായി വീടുകളില്‍ ഭക്ഷണം തയ്യാറാക്കുന്ന നാടന്‍ അടുക്കള യൂണിറ്റുകള്‍ക്കും അപേക്ഷിക്കാം. കേരളത്തിന്റെ തനത് വിഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നാടന്‍ അടുക്കള യൂണിറ്റുകള്‍. സഹായ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ 0471 2334749 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Tags:    

Similar News