കേരള ട്രാവല്‍ മാര്‍ട്ട് വിര്‍ച്വല്‍ മേള മെയ് 9 മുതല്‍
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെ.ടി.എം/KTM) രണ്ടാമത്തെ വിര്‍ച്വല്‍ പതിപ്പ് മെയ് 9 മുതല്‍ 12 വരെ നടക്കും. 9ന് വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന കെ.ടി.എം മേള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസം ബയര്‍-സെല്ലര്‍ സംഗമങ്ങളിലൊന്നാണ്.
കേരള ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ സംസാരിക്കും.
വിര്‍ച്വല്‍ ബിസിനസ് മീറ്റുകള്‍
ആഗോള ടൂറിസം പ്രവണതകള്‍, കേരളത്തിലെ ടൂറിസം സാധ്യതകൾ തുടങ്ങിയ വിഷയങ്ങളില്‍ വിര്‍ച്വല്‍ ബിസിനസ് മീറ്റുകളും സെമിനാറുകളും കെ.ടി.എമ്മില്‍ നടക്കും. 2021 മാര്‍ച്ചില്‍ നടന്ന ആദ്യ കെ.ടി.എം വിര്‍ച്വല്‍ മീറ്റില്‍ 44,500 ബിസിനസ് യോഗങ്ങളും ഓണ്‍ലൈന്‍ ചര്‍ച്ചകളും നടന്നിരുന്നു.