യാത്രകള്‍ കൂടി; പൊടിപൊടിച്ച് ലഗേജ് വില്‍പനയും

ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുവച്ച് ആഗോള ബ്രാന്‍ഡുകള്‍

Update:2024-03-17 17:35 IST

Image : Canva

രാജ്യത്തെ ലഗേജ് ഇന്‍ഡസ്ട്രി കുതിപ്പിലാണ്. ലഗേജ് കമ്പനികള്‍ വില്‍പ്പനയില്‍ വലിയ കുതിപ്പും റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര, രാജ്യാന്തര യാത്രകളിലുണ്ടായ വന്‍ വര്‍ദ്ധനയാണ് ഇതിന് കാരണം. വലിയ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് ലോകോത്തര ബ്രാന്‍ഡുകള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ലഗേജ് വിപണി ഏകദേശം 15,000 കോടി രൂപയുടേതാണെന്ന് ക്രിസില്‍ കണക്കാക്കുന്നു. അതിന്റെ 40 ശതമാനം സംഘടിത മേഖലയിലാണ്. ടോമി ഹില്‍ഫിഗര്‍, ഡെല്‍സി പാരിസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നയിക്കുന്ന പ്രീമിയം വിഭാഗം 100 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സഫാരി, അരിസ്റ്റോക്രാറ്റ്, കമിലിയന്റ് തുടങ്ങിയവ അടങ്ങുന്ന അഫോഡബ്ള്‍ വിഭാഗത്തില്‍ ഏകദേശം 40 ശതമാനം വളര്‍ച്ചയും നേടുന്നുണ്ട്. ടിയര്‍ ത്രീ, ടിയര്‍ ഫോര്‍ നഗരങ്ങളില്‍ പോലും വലിയ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയെ ഉന്നമിട്ട് ആഗോള ബ്രാന്‍ഡുകള്‍
ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാര്യമായി തന്നെ കണ്ണുവയ്ക്കുന്നുണ്ട്. ജര്‍മ്മന്‍ ആഡംബര ലഗേജ് ബ്രാന്‍ഡായ റിമോവയുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണി പിടിക്കാനൊരുങ്ങുകയാണ് റിലയന്‍സ്. സാംസ്‌നൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, കമിലിയന്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്ന സാംസ്‌നൈറ്റ് സൗത്ത് ഏഷ്യ, പ്രമുഖരായ ഇന്‍ഫ്‌ളുവന്‍സര്‍മാരെയാണ് പബ്ലിസിറ്റി കാമ്പയിന് വേണ്ടി രംഗത്ത് ഇറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ലഗേജ് കമ്പനിയാണ് വി.ഐ.പി ഇന്‍ഡസ്ട്രീസ്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേയും ലഗേജ് നിര്‍മാതാക്കളാണ് അവര്‍. സാംസ്‌നൈറ്റ് ആകട്ടെ ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ലഗേജ് കമ്പനിയും.
അതിവേഗം വളരുന്ന മദ്ധ്യവര്‍ഗവും ആഭ്യന്തര-വിദേശ യാത്രകളും വരും വര്‍ഷങ്ങളില്‍ ലഗേജ് കമ്പനികളുടെ റെക്കോഡ് വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. കൊവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആഭ്യന്തര യാത്രകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ആഭ്യന്തര വിമാനക്കമ്പനികള്‍ നല്‍കിയ വിമാന ഓര്‍ഡറുകള്‍ പ്രകാരം അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1,200 ഓളം വിമാനങ്ങള്‍ കൂടി എത്താന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം ചെലവ് കുറഞ്ഞ വിമാനയാത്രകള്‍ കൂടുതല്‍ ലഭ്യമാകുന്നതോടെ ആഭ്യന്തര യാത്രകളില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാം.

(This article was originally published in Dhanam Business Magazine March 15th issue)

Tags:    

Similar News