വിമാനസുരക്ഷ ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സിവില്‍ ഏവിയേഷന്‍ ബ്യൂറോ സൈബര്‍ വിഭാഗം പുതിയ സംവിധാനങ്ങള്‍ ഒരുക്കും

Update:2024-10-30 20:58 IST

Image Courtesy : Alaska Airlines

ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ വ്യാജ ബോംബ് ഭീഷണികളുണ്ടാകുന്ന സാഹചര്യത്തില്‍ യാത്രാ വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിമാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണ ഭീഷണികളെ കൈകാര്യം ചെയ്യുന്ന സുരക്ഷാ അവലോകന കമ്മിറ്റിക്ക് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ എതാനും പുതിയ നിര്‍ദേശങ്ങള്‍ കൂടി സിവില്‍ ഏവിയേഷന്‍ ബ്യൂറോ നല്‍കിയിരിക്കുകയാണ്. ഭീഷണി നേരിടുന്ന വിമാനത്തിലെ യാത്രക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോയുടെ സൈബര്‍ വിഭാഗം സംവിധാനങ്ങള്‍ ഒരുക്കും. ഭീഷണിയുടെ പിന്നില്‍ ആരാണെന്ന് പെട്ടെന്ന് കണ്ടെത്തുന്നതിന് മെച്ചപ്പെട്ട സംവിധാനങ്ങളാകും വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് 510 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.

വി.ഐ.പികള്‍ക്ക് പരിഗണന

സുരക്ഷാ ഭീഷണി നേരിടുന്ന വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍, ഭീഷണി ഉയര്‍ത്തുന്ന വ്യക്തിയുടെ പശ്ചാത്തലം എന്നിവ പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. വിമാനത്തില്‍ വി.ഐ.പി, വി.വി.ഐ.പി യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടോ, ഭീഷണി ഉയര്‍ത്തുന്ന വ്യക്തിക്ക് അല്ലെങ്കില്‍ സംഘടനക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കകം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ സൈബര്‍ വിഭാഗം ഒരുക്കും. ഭീഷണി ഉയരുന്ന സമയങ്ങളില്‍ ഇന്ത്യയിലും പുറം രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെ കൂടി ബന്ധപ്പെടുത്തിയാകും സുരക്ഷാ സംവിധാനങ്ങളെ വിലയിരുത്തുക. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറക്കിയാല്‍ ഉടനെ യാത്രക്കാരുടെ വിവരങ്ങളും ലഗ്ഗേജുകളും വീണ്ടും വിശദമായി പരിശോധിക്കും. അതിന് ശേഷം മാത്രമേ യാത്ര തുടരാന്‍ അനുമതി നല്‍കൂ. ബോംബ് ഭീഷണി അവലോകന കമ്മിറ്റിയില്‍ സി.ഐ.എസ്.എഫ്, ലോക്കല്‍ പോലീസ്, എയല്‍പോര്‍ട്ട് നടത്തിപ്പ് കമ്പനി, വിമാന കമ്പനി പ്രതിനിധി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ കമ്മിറ്റിക്ക് ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News