മലയാളിയോടാണോ കളി! വിമാന നിരക്ക് കൂട്ടിയാല്‍ ഇതാണ് വിദ്യ

യാത്രാ സമയം കൂടുമെങ്കിലും പണം ലാഭിക്കാം, പ്രവാസികള്‍ തെരഞ്ഞെടുക്കുന്നത് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍

Update:2024-08-21 14:51 IST

Image : Air India Express and Canva

ഗള്‍ഫിലെ അവധിക്കാലം കഴിയാനിരിക്കെ, വിമാന ടിക്കറ്റുകളുടെ വര്‍ധിച്ച നിരക്ക് കണ്ട് വാപൊളിച്ചു നില്‍ക്കുയാണ് ഗള്‍ഫ് മലയാളികള്‍. കുടുംബത്തോടൊപ്പം നാട്ടില്‍ അവധിക്കെത്തിയവര്‍ക്ക് ഈ മാസം അവസാനത്തോടെ അവിടെ തിരിച്ചെത്തണം. വിമാന ടിക്കറ്റ് നിരക്കുകളാകട്ടെ അനുദിനം കുത്തനെ ഉയരുകയുമാണ്. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് വന്‍ ചാര്‍ജ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളിലാണ് മലയാളി കുടുംബങ്ങളുടെ യാത്ര. സമയം കൂടുതല്‍ എടുക്കുമെങ്കിലും കുറഞ്ഞ ചെലവില്‍ ഗള്‍ഫില്‍ എത്താനാകുമെന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ അവര്‍ ഗൗനിക്കുന്നി്ല്ല.

നഗരങ്ങള്‍ ചുറ്റി ദുബൈയിലേക്ക്

ഈ മാസം കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് ഒരാള്‍ക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപയോളമാണ്. നാലു പേരുള്ള കുടുംബം ദുബൈയിലെത്താന്‍ ഒന്നര ലക്ഷത്തോളം രൂപ വരും. ഈ പ്രതിസന്ധി മറികടക്കാനാണ് കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നത്. നേരിട്ടുള്ള വിമാനങ്ങളില്‍ ദുബൈയിലെത്താന്‍ നാലു മണിക്കൂര്‍ എടുക്കുമെങ്കില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ 20 മണിക്കൂര്‍ വരെ എടുക്കുമെന്ന് മാത്രം. എങ്കിലും സാമ്പത്തിക നേട്ടം കാരണം ആ ബുദ്ധിമുട്ടുകള്‍ തല്‍ക്കാലം മറക്കുകയാണ് പ്രവാസി കുടംബങ്ങള്‍. വിവിധ ഇന്ത്യന്‍ നഗരങ്ങളും വിദേശ നഗരങ്ങളും ചുറ്റിയാണ് ഇത്തരം യാത്രകള്‍. കൊച്ചിയില്‍ നിന്ന് ബംഗളുരു, ഡല്‍ഹി, മുംബൈ വഴി ചുറ്റിക്കറങ്ങി പോകുന്നവരുണ്ട്. മസ്‌കറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചും മലയാളികള്‍ ഇപ്പോള്‍ ദുബൈയില്‍ എത്തുന്നുണ്ട്. ഇത്തരം യാത്രകളില്‍ ഒരാളുടെ ടിക്കറ്റില്‍ 10,000 രൂപ വരെ കുറവുണ്ട്. മലയാളികള്‍ മാത്രമല്ല, യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികളെല്ലാം ഈ പ്രതിസന്ധി നേരിടുന്നു.

പണം ലാഭിക്കാം, സ്ഥലങ്ങള്‍ കാണാം

ചിലര്‍ ഇതൊരു അവസരമായും എടുക്കുന്നുണ്ട്. മൊണ്‍ട്രിയലില്‍ നിന്ന് യൂറോപ്യന്‍ നഗരങ്ങള്‍ ചുറ്റിയാണ് കനേഡിയന്‍ പൗരനായ അലക്‌സ് ദുബൈയിലെത്തിയത്. കൂടുതല്‍ സമയമെടുത്തെങ്കിലും ഈ യാത്രയില്‍ താന്‍ 6,000 ദിര്‍ഹം ലാഭിച്ചെന്ന് അലക്‌സ് പറയുന്നു. 28 മണിക്കൂര്‍ യാത്രക്കിടെ വിയന്ന, വെനീസ് തുടങ്ങിയ നഗരങ്ങള്‍ കാണാനായെന്ന് ഇയാള്‍ സന്തോഷത്തോടെ പറയുന്നു. കേരളത്തില്‍ നിന്ന് ഇപ്പോള്‍ ദുബൈയിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് നിരക്ക് കൂടുതലുള്ളത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനക്ക് കാരണമെന്നാണ് വിമാനകമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News