കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കം
ടൂറിസം നിക്ഷേപങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി
ഏഷ്യയിലെ വലിയ ടൂറിസം ഇവന്റുകളിലൊന്നായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 12-ാം എഡിഷന് കൊച്ചിയില്‍ തുടക്കം. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം കൊച്ചി ലെ മെറിഡിയെന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ടൂറിസം സെഷനുകള്‍ വ്യത്യസ്ത വേദികളിലായി അടുത്ത ദിവസങ്ങളില്‍ നടക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, യു.എസ്, യു.കെ, റഷ്യ, ദക്ഷിണാഫ്രിക്ക, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ മാര്‍ട്ടിന് എത്തും. കേരളത്തിന്റെ ടൂറിസം സാധ്യതകളെ വിദേശികള്‍ക്കിടയില്‍ പരിചയപ്പെടുത്താന്‍ മാര്‍ട്ട് സഹായകമാകും. ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍, ഹൈബി ഈഡന്‍ എം.പി, മേയര്‍ എം.അനില്‍കുമാര്‍, കെ.ജെ മാക്‌സി എം.എല്‍.എ, ടി.ജെ വിനോദ് എം.എല്‍.എ, കെ ബാബു എം.എല്‍/എ, മുന്‍ ചീഫ് സെക്രട്ടറിയും ടൂറിസം വകുപ്പ് ഡയറക്ടറുമായിരുന്ന ഡോ.വി വേണു, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, എം.ഡി ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്‍.എസ് കെ ഉമേഷ്, കെ.ടി.ഡി.സി ചെയര്‍മാന്‍ പി. കെ ശശി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ടൂറിസം മേഖലക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ട്രാവല്‍ മാര്‍ട്ടിന്റെ ബഹുമതി മുന്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിന് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
പുതിയ ട്രെന്റുകളെ പ്രയോജനപ്പെടുത്താന്‍ കഴിയണം
ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക ടൂറിസം മേഖലയില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങള്‍ നമ്മുടെ വിനോദസഞ്ചാര മേഖലയിലേക്ക് സ്വാംശീകരിക്കാന്‍ കഴിയണം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 136 കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചു. ടൂറിസം വിപണിയിലെ പുതിയ ട്രെന്‍ഡുകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലും കുറഞ്ഞത് ഒരു ടൂറിസ്റ്റ് കേന്ദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകമാകെ ടൂറിസത്തിനു പ്രാധാന്യം കൊടുക്കുന്ന സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെല്‍നസ് ടൂറിസം ഹബ്ബ്
കേരളത്തെ ഒരു വെല്‍നസ് ടൂറിസം ഹബ്ബായി മാറ്റാന്‍ കഴിയുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത ചികിത്സാരംഗത്തും ആധുനിക ചികിത്സാ രംഗത്തും നാം കൈവരിച്ച നേട്ടങ്ങള്‍ അതിന് അടിസ്ഥാനമാണ്. കേരളത്തിലെ സമാധാനപൂര്‍ണവും സുന്ദരവുമായ ഇടങ്ങളില്‍ വെല്‍നെസ്സ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അവിടെ ആരോഗ്യ പരിചരണവും വയോജന സംരക്ഷണവും ഏര്‍പ്പെടുത്താനാണ് ശ്രമിക്കേണ്ടത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും വിദേശികള്‍ക്കും ഇത്തരം കേന്ദ്രങ്ങളില്‍ പരിചരണം നല്‍കണം. നൂതനമായ ആശയങ്ങള്‍ വിനോദസഞ്ചാരമേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അവയെ സംരംഭങ്ങള്‍ ആക്കി മാറ്റാനും നമുക്ക് കഴിയണം. പ്രകൃതിദുരന്തങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് വിനോദസഞ്ചാര മേഖലയിലാണ്. ഈ പശ്ചാത്തലത്തില്‍ പ്രകൃതിയേയും മനുഷ്യനേയും വ്യവസായങ്ങളെയും നിക്ഷേപങ്ങളും എല്ലാം മുന്നില്‍കണ്ടുള്ള ഭാവിപരിപാടികള്‍ക്കു രൂപം നല്‍കാന്‍ ട്രാവല്‍ മാര്‍ട്ടിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.