₹ 6,000 കോടി ചെലവിട്ട് ആറുവരി ബൈപാസ്, കുണ്ടന്നൂര്‍-അങ്കമാലി പാതക്ക് അവ്യക്തതയുടെ വളവും തിരിവും

അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിലെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 ലേയും തിരക്ക് കുറയ്ക്കുക എന്നതാണ് പാതയുടെ ലക്ഷ്യം

Update:2024-10-31 12:15 IST

Image Courtesy: facebook.com/kochinext

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് എവിടെയാണ്? മിക്കവാറും എറണാകുളത്തായിരിക്കും. ഇടപ്പളളിയില്‍ രാവിലെയും വൈകിട്ടും ഓഫീസ് സമയത്തെ തിരക്കു മൂലമുള്ള ബ്ലോക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. പഞ്ച നക്ഷത്ര ഹോട്ടലുകളായ ക്രൗണ്‍ പ്ലാസ, ലെ മെറിഡിയന്‍ എന്നിവയുളള കുണ്ടന്നൂര്‍ മുതല്‍ കൊച്ചി മെട്രോ ആരംഭിക്കുന്ന ആലുവ മുട്ടം വരെ പീക്ക് സമയങ്ങളില്‍ പോയിട്ടുണ്ടോ? ചിലപ്പോള്‍ ഈ 40 കിലോമീറ്റര്‍ കടക്കാന്‍ മൂന്നോ നാലോ മണിക്കൂര്‍ വേണ്ടിവരും. റോഡ് കൊള്ളാമെങ്കിലും ഗതാഗതക്കുരുക്ക് അത്രത്തോളമാണ്. കുണ്ടന്നൂരില്‍ നിന്ന് രക്ഷപെട്ടു വന്നാല്‍ വൈറ്റിലയിലും പാലാരിവട്ടത്തും ബ്ലോക്ക് കിട്ടാം. തൊട്ടുപിന്നാലെ, ലുലു മാള്‍ ഉളള ഇടപ്പളളി ജംഗ്ഷനില്‍ വലിയൊരു ബ്ലോക്ക് കാത്തിരിപ്പുണ്ടാകും. കുസാറ്റ് ജംഗ്ഷന്‍, കളമശ്ശേരി എന്നിവിടങ്ങളിലെ ബ്ലോക്ക് കൂടി മറികടന്നു വേണം ആലുവയില്‍ എത്താന്‍. നിരത്തുകളില്‍ വാഹനങ്ങള്‍ കുറയില്ല, കൂടുമെന്ന് ഉറപ്പ്. പരിഹാരം? നഗരം കൂടുതല്‍ വികസിപ്പിക്കുക തന്നെ മാര്‍ഗം.

ഏറ്റെടുക്കുന്നത് 290 ഹെക്ടര്‍

കേന്ദ്രസര്‍ക്കാറിനു കീഴിലെ ദേശീയ പാത അതോറിറ്റി വിഭാവനം ചെയ്ത നിര്‍ദിഷ്ട നെട്ടൂര്‍-അങ്കമാലി പാതക്ക് കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിഞ്ഞേക്കും. 6,000 കോടി രൂപ ചെലവില്‍ 44.7 കിലോമീറ്റര്‍ നീളത്തില്‍ ആറ് വരികളുളള ഗ്രീന്‍ ഫീല്‍ഡ് പാതയാണ് വരാന്‍ പോകുന്നത്. കുണ്ടന്നൂരില്‍ നിന്ന് ആലുവയില്‍ എത്താനുളള സമയം ഇത് 45 മിനിറ്റായി ചുരുക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാം. ഈ ദേശീയ പാതയിലേക്ക് വളരെ കുറച്ച് ഓപണിംഗ് മാത്രമാണ് (നാലോ, അഞ്ചോ) ഉളളത് എന്നതിനാല്‍, പാതയില്‍ വാഹനങ്ങളുടെ തിരക്ക് താരതമ്യേന കുറവായിരിക്കും എന്നാണ് കരുതുന്നത്. കൊച്ചി നഗരത്തെയും അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി തുടങ്ങിയ ജംഗ്ഷനുകളെയും തൊടാതെ പോകാന്‍ സഹായിക്കുന്നതാണ് പാത.
കണയന്നൂര്‍, കുന്നത്തുനാട്, ആലുവ താലൂക്കുകളിലൂടെയാണ് ഈ ദേശീയ പാത പ്രധാനമായും കടന്നു പോകുന്നത്. കണയന്നൂര്‍ താലൂക്കില്‍ കുരിക്കോട്, തെക്കുംഭാഗം, തിരുവാങ്കുളം, മരട് എന്നീ വില്ലേജുകളും കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് നോര്‍ത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂര്‍, പട്ടിമറ്റം, അറക്കപ്പടി, വടവുകോട്, മാറമ്പള്ളി, വെങ്ങോല എന്നീ വില്ലേജുകളും ആലുവ താലൂക്കില്‍ കറുകുറ്റി, തുറവൂര്‍, അങ്കമാലി, മറ്റൂര്‍, വടക്കുംഭാഗം, കിഴക്കുംഭാഗം എന്നീ വില്ലേജുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇടപ്പള്ളി-അരൂര്‍ എന്‍.എച്ച് 66 ബൈപാസിലെ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 544 ലെ അങ്കമാലിക്ക് വടക്ക് കരയാംപറമ്പിലാണ് അവസാനിക്കുന്നത്. മൊത്തം 290.58 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം; പക്ഷേ...

2025 ഏപ്രിലില്‍ നിര്‍മാണം ആരംഭിച്ച് 2027 ഒക്ടോബറോടെ, രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി തീര്‍ക്കാനാണ് ശ്രമം. അടുത്ത ഏപ്രിലില്‍ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ബൈപാസിനായുള്ള ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കുണ്ടന്നൂര്‍-അങ്കമാലി എന്‍.എച്ച് ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. 1956 ലെ എന്‍.എച്ച് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ന്യായമായ ഭൂമി വില, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവ 2013 ലെ നിയമം അനുസരിച്ച് കൃത്യമായി നടപ്പാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സജി കുടിയിരിപ്പില്‍ ആവശ്യപ്പെട്ടു.
ഭൂമിയുടെ സമീപകാല മാര്‍ക്കറ്റ് നിരക്കിന് അനുസരിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്ന് നെട്ടൂരില്‍ താമസിക്കുന്ന അബ്ദുള്‍ റസാഖ് പറഞ്ഞു. ഭൂമിയുടെ ന്യായവിലയും വിപണി വിലയും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ന്യായമായ നഷ്ടപരിഹാരം സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നല്‍കേണ്ടതുണ്ട്. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത ശേഷം ബാക്കിയുള്ള ഭൂമി ഭൂവുടമയ്ക്ക് ഉപയോഗപ്രദമല്ലെന്ന് തെളിഞ്ഞാല്‍ അതും അധികൃതര്‍ ഏറ്റെടുക്കാന്‍ തയാറാകണം. ബഫര്‍ സോണ്‍ ദൂരങ്ങള്‍ സംബന്ധിച്ച ഇളവുകളോടെ ബാക്കിയുളള ഭൂമിയില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കണം. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കണം. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് പട്ടിമറ്റത്ത് താമസിക്കുന്ന ഷിബു ജോസഫ് പറഞ്ഞു. വിളകളും മരങ്ങളും പ്രയോജനപ്പെടുത്താന്‍ കര്‍ഷകരെ അനുവദിക്കണം.
അങ്കമാലിയില്‍ നിര്‍ദിഷ്ട ബൈപാസിന് സമാന്തരമായി നിര്‍മിക്കേണ്ട സര്‍വീസ് റോഡുകളാണ് മറ്റൊരു പ്രശ്‌നം. പ്രദേശത്തെ പുഴകള്‍ക്കും റെയില്‍വേ ക്രോസിംഗുകള്‍ക്കും മറ്റും സര്‍വീസ് റോഡിന് പാലങ്ങള്‍ ഇല്ലാതെ കണക്ടിവിറ്റി തടസപ്പെടുന്നത് പരിസരവാസികളെ പ്രയാസത്തിലാക്കുമെന്നും സജി കുടിയിരിപ്പില്‍ പറഞ്ഞു. ചുരുക്കം എന്‍ട്രികള്‍ മാത്രമാണ് ബൈപാസിനുള്ളത്. ദേശീയ പാത 66, 966 തുടങ്ങിയവയുടെ വികസനത്തിനും കൊച്ചി മെട്രോയ്ക്കും ഉപയോഗിച്ച അതേ മാതൃകയില്‍ വേണം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സമയക്രമം അധികൃതര്‍ വ്യക്തമാക്കണമെന്ന് മരട് നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് കെ. മുഹമ്മദ് ആവശ്യപ്പെടുന്നു.

അദാലത്ത് നടന്നിട്ടും ആശങ്ക ബാക്കി

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ചുമതലയപ്പെടുത്തിയ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ പരാതികള്‍ പരിഗണിക്കാന്‍ അദാലത്ത് നടത്തിയിരുന്നു. വില്ലേജ് ഓഫീസ്, മരട് നഗരസഭ, പറവൂര്‍ നഗരസഭ, അക്വിസിഷന്‍ ഓഫീസ് തുടങ്ങിയവിടങ്ങളില്‍ നിന്ന് ഒന്നും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യക്തതയില്ലാത്ത മറുപടികളാണ് നല്‍കുന്നത്. പരാതികള്‍ നേരത്തെ നല്‍കിയിരുന്നവരെ മാത്രമേ കാണാന്‍ അനുവദിക്കൂവെന്നും പ്രദേശ വാസികളെ കാണാന്‍ സാധിക്കില്ലെന്നും അദാലത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് ആശങ്കയുള്ള പ്രദേശ വാസികളെ മുഴുവന്‍ കാണാന്‍ ഉദ്യോഗസ്ഥര്‍ തയാറായി. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
പദ്ധതിക്കായി ആവശ്യമുളള ഭൂമിയുടെ സബ് ഡിവിഷനുകള്‍, അതിരുകള്‍ എന്നിവ സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യമാണ്. സര്‍വേയര്‍മാര്‍ പദ്ധതി പ്രദേശത്ത് എത്തി അടയാളപ്പെടുത്തുമ്പോള്‍ മാത്രമാണ് ഇക്കാര്യം അറിയാന്‍ സാധിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഒന്നര സെന്റോ രണ്ട് സെന്റോ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആ സ്ഥലത്തിനും വീടിനും ഫെയര്‍ വാല്യു അനുസരിച്ച് നിശ്ചയിച്ചാലും അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നില്ല. കിട്ടുന്ന തുക കൊണ്ട് നെട്ടൂര്‍ പോലുളള സ്ഥലത്ത് വേറെ സ്ഥലം വാങ്ങി വീടു വെക്കാന്‍ സാധിക്കില്ല. അതുമൂലം ഇവര്‍ ഇവിടെ നിന്ന് വിദൂര ഗ്രാമങ്ങളിലേക്ക് പോകേണ്ടി വരും. ഇത്തരക്കാരെ പ്രത്യേകമായി പരിഗണിച്ച് അധിക നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. മികച്ച റോഡുകള്‍ വരുന്നതും നഗരത്തില്‍ വികസനം വരുന്നതും ട്രാഫിക്ക് ബ്ലോക്കുകള്‍ പരമാവധി കുറഞ്ഞ് സുഗമമായി ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതും നല്ല കാര്യങ്ങളായാണ് തങ്ങള്‍ വിലയിരുത്തുന്നത്. പക്ഷെ സ്ഥലമേറ്റടുക്കുമ്പോള്‍ ആശങ്കകള്‍ പരിഹരിച്ചായിരിക്കണം മുന്നോട്ടു പോകേണ്ടത്.

ഭൂമി ഏറ്റെടുക്കല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) മാസങ്ങള്‍ക്ക് മുമ്പാണ് ബൈപാസിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് പ്രാഥമിക 3(എ) വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗ്രൗണ്ട് ലെവല്‍ സര്‍വേ, സര്‍വേ നമ്പരുകളുടെ പരിശോധന, സ്‌കെച്ചും മറ്റ് വിശദാംശങ്ങളും തയ്യാറാക്കല്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ 3(എ) വിജ്ഞാപനം. തുടര്‍ന്ന് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചുളള 3(സി) വിജ്ഞാപനം പുറപ്പെടുവിക്കും. അതിനു ശേഷമാണ് 3(ഡി), 3(ജി), 3(എച്ച്) വിജ്ഞാപനങ്ങള്‍. ഈ പ്രക്രിയകള്‍ക്കിടയില്‍ പ്രദേശവാസികള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അധികൃതരുമായി പങ്കുവെച്ച് വ്യക്തത വരുത്താനാവും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വിവിധ വില്ലേജുകളില്‍ നിന്നുള്ള 100 ഓളം സര്‍വേയര്‍മാരാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍വഹിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓരോ ഭൂവുടമയ്ക്കും ഒരു ഫയല്‍ വീതം തയാറാക്കും. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്ത 50 വര്‍ഷം കൊണ്ട് നഗരം വികസിച്ച് ചാലക്കുടി മുതല്‍ ചേര്‍ത്തല വരെ കൊച്ചിയുടെ ഭാഗമായി തീരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതിന്റെ ഭാഗമായി വേണം കുണ്ടന്നൂര്‍-അങ്കമാലി എന്‍.എച്ച് ബൈപാസിനെ കാണാനെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News