അദാനി കേസ്: സെബിക്ക് 3 മാസം കൂടി സാവകാശം നല്‍കി സുപ്രീംകോടതി

അദാനി കേസില്‍ അന്വേഷണം നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി)സുപ്രീം കോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. അദാനി വിഷയത്തില്‍ ആറ് മാസം കൂടി സാവകാശ നല്‍കണമെന്ന സെബിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഓഗസ്റ്റ് 14 വരെ സമയം നീട്ടി നല്‍കിയത്. ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നര്‍സിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ കേസിലെ അടുത്ത ബാച്ച് ഹര്‍ജികള്‍ ജൂലൈ 11 ന് പരിഗണിക്കും.

കൂടുതല്‍ സമയം വേണം

ഓഹരികള്‍ സംബന്ധിച്ച് അദാനി ഗ്രൂപ്പ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങള്‍ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സെബി പറഞ്ഞിരുന്നു. അതിനാല്‍ കൂടുതല്‍ സമയം ലഭിച്ചാലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നും 6 മാസം കൂടി സമയം നീട്ടി നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സെബി ആവശ്യപ്പെട്ടത്.

അന്വേഷണം ആവശ്യപ്പെട്ട് കോടതി

ജനുവരി 24-നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ വര്‍ധിപ്പിക്കാന്‍ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യു.എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പിന്നാലെ അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ (140 ബില്യണ്‍ യുഎസ് ഡോളര്‍) ഇടിവുണ്ടായി.

2023 മാര്‍ച്ച് 2 ന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയും രണ്ട് മാസത്തിനകം അദാനി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാല്‍ സെബിയോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മെയ് ആദ്യ വാരം ഈ സമയപരിധി അവസാനിക്കാറായതോടെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയെ സമീപിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it