'കുതിരകളോട് വിടപറയാം', ആദ്യത്തെ കാര്‍ പരസ്യത്തിന് 124 വയസ്

മനുഷ്യരെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ കിട്ടിയേക്കാം. അധികം ആരും സമ്മദിച്ചില്ലെങ്കില്‍ കൂടി അത് പരസ്യമാണ് എന്നതാണ് യാതാര്‍ത്ഥ്യം. നിസാരമെന്ന് തോന്നുന്ന മിഠായി മുതല്‍ നമ്മുടെ ജീവിതത്തിലെ ഓരോ തെരഞ്ഞെടുപ്പിനെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.

ഇക്കാലത്തിനിടെ കാറുകളുടെ നിരവധി പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പലരും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, പത്രത്തില്‍ വന്നിരുന്ന കാറുകളുടെ പരസ്യങ്ങള്‍ വെട്ടിയെടുത്ത് സൂക്ഷിച്ചിട്ടും ഉണ്ടാവും. ഇത്രയേറെ പരസ്യങ്ങള്‍ കണ്ടിട്ടും, ഏതായിരുന്നിരിക്കും ലോകത്ത് ആദ്യമായി പരസ്യം നല്‍കിയ കാര്‍ കമ്പനി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ആദ്യ മോട്ടോര്‍ കാര്‍ പരസ്യം ഇറങ്ങിയിട്ട് കഴിഞ്ഞ ജൂലൈ 30ന് 124 വര്‍ഷങ്ങള്‍ കഴിഞ്ഞു.

'dispense with a horse' അഥവാ 'കുതിരകളോട് വിടപറയാം' എന്ന തലവാചകത്തോടെ 1898 ജൂലൈ 30ന് സൈന്റിഫിക് അമേരിക്കനിലാണ് ലോകത്ത് ആദ്യമായി ഒരു കാറിന്റെ പരസ്യം അച്ചടിച്ച് വരുന്നത്. കുതിര വണ്ടികള്‍ വ്യാപകമായിരുന്ന അക്കാലത്ത് വിന്റണ്‍ മോട്ടോര്‍ ക്യാരേജ് കമ്പനിയാണ് ഇങ്ങനൊരു പരസ്യം നല്‍കിയത്. എഞ്ചിന്‍ സിംപിളും പവര്‍ഫുളുമാണെന്ന അവകാശവാദവുമായി എത്തിയ കാറിന് മണിക്കൂറില്‍ 20 മൈല്‍ വരെയായിരുന്നു വേഗം.

Podcast: ഫിൻസ്റ്റോറി EP-04: ആദ്യ കാര്‍ പരസ്യം ഇറങ്ങിയത് 123 വര്‍ഷം മുമ്പ്, ആ കഥ കേള്‍ക്കാം

കുതിര വണ്ടികളുടേതിന് സമാനമായ ചക്രങ്ങളോട് കൂടിയതും ചെറിയ വളയന്‍ സ്റ്റിയറിങ്ങും ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനുമുള്ള കാറാണ് വിന്റണ്‍ മോട്ടോര്‍ ക്യാരേജിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.1000 അമേരിക്കന്‍ ഡോളറായിരുന്നു കാറിന്റെ വില. കുതിരകളെ പരിപാലിക്കുന്നതിനുള്ള ചെലവും മറ്റും ചൂണ്ടിക്കാണിച്ചായിരുന്നു വിന്റണ്‍ മോട്ടോര്‍സിന്റെ മാര്‍ക്കറ്റിങ്ങ്.

ഒരു മൈല്‍ ദൂരം ഓടുന്നതിന് അര സെന്റ് (പണം) ആണ് ചെലവ് വന്നിരുന്നത്. സൈക്കിള്‍ നിര്‍മാതാക്കളായ വിന്റണ്‍ മോട്ടോര്‍ ക്യാരിയേജ് 1896ല്‍ ആണ് കാര്‍ വ്യവസായത്തിലേക്ക് ചുവടുമാറ്റിയത്. 1900 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ ശാല വിന്റണ്‍ മോട്ടോര്‍സിന് സ്വന്തമായിരുന്നു. എന്നാല്‍ ലോകത്തെ ആദ്യ ഓട്ടോമൊബൈല്‍ പരസ്യം നല്‍കി ചരിത്രം സൃഷ്ടിച്ച വിന്റണ്‍ മോട്ടോഴ്‌സിന്റെ ജൈത്രയാത്ര 1924ല്‍ അവസാനിച്ചു. സ്റ്റേഷനറി എഞ്ചിന്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ കമ്പനിയെ 1930ല്‍ ജെനറല്‍ മോട്ടോഴ്‌സ് ഏറ്റെടുക്കുകയായിരുന്നു.1924ല്‍ നിര്‍മാണം നിര്‍ത്തിയ കാര്‍ കമ്പനി ഒരു പരസ്യം കൊണ്ട് മാത്രം ലോകം ഉള്ള കാലമത്രയും ഇനിയും ഓര്‍ക്കപ്പെടും.

Related Articles

Next Story

Videos

Share it