എന്‍.എം.സി ഏറ്റെടുക്കാനുള്ള താല്‍പ്പര്യവുമായി ബ്രിട്ടീഷ് നിക്ഷേപ കമ്പനി അഷ്‌മോര്‍

കടക്കെണിയിലായ യുഎഇയിലെ വന്‍കിട ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് ശൃംഖല പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ ബ്രിട്ടീഷ് നിക്ഷേപ മാനേജ്‌മെന്റ് കമ്പനിയായ അഷ്‌മോര്‍ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ്് റിപ്പോര്‍ട്ട്്. കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി എന്‍എംസി ആസ്തികള്‍ വില്‍ക്കാനുള്ള നീക്കം കമ്പനിയുടെ നടത്തിപ്പ് ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആരംഭിച്ചതിനു പിന്നാലെയാണ് അഷ്‌മോര്‍ രംഗത്തുവന്നിരിക്കുന്നത്.

എന്‍എംസി ഹെല്‍ത്ത് ശൃംഖല മറ്റൊരു പേരിലെങ്കിലും നിലനില്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തുന്ന നീക്കമാണിത്. അഷ്മോര്‍ നേതൃത്വം നല്‍കി അല്‍ ടയര്‍ ഗ്രൂപ്പ്, ദുബായ് ഇന്‍വെസ്റ്റ്മെന്റ്‌സ് എന്നിവയുമായി ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത സംരംഭമാണ് ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ വാങ്ങിയത്. ഡേവിഡ് ബെന്നറ്റ് ചെയര്‍മാനും മാര്‍ക്ക് കൂംബ്‌സ ചീഫ് എക്‌സിക്യൂട്ടീവുമായ അഷ്മോര്‍ 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 98.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ്.

1970 കളുടെ മധ്യത്തില്‍ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി സ്ഥാപിച്ച എന്‍എംസി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളായി മാറിയശേഷം കടക്കെണിയിലാവുകയായിരുന്നു. 80 പ്രാദേശിക, അന്തര്‍ദേശീയ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത എന്‍എംസിയുടെ ബാധ്യത ഇപ്പോള്‍ 6.6 ബില്യണ്‍ ഡോളര്‍ കടന്നു.

എന്‍എംസി അഡ്മിനിസ്ട്രേറ്ററും പുനഃസംഘടനാ വിദഗ്ധരുമായ അല്‍വരെസ് ആന്‍ഡ് മര്‍സലിലെ ഉദ്യോഗസ്ഥര്‍ എന്‍എംസിയുടെ വിതരണ ബിസിനസിനായി താല്‍പ്പര്യ പത്രം ക്ഷണിച്ചിരുന്നു. ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ മാസം ഓഫര്‍ മുന്നോട്ടുവെക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മികച്ച ലാഭം കൊയ്യുന്ന എന്‍എംസിയുടെ ഫെര്‍ട്ടിലിറ്റി സെന്ററിന്റെ വില്‍പ്പന ജൂണിലോ ജൂലൈയിലോ നടത്താനാണ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ പദ്ധതി. വരും മാസങ്ങളില്‍ ആശുപത്രികളടക്കം കമ്പനിയുടെ മറ്റ് ആസ്തികളും വില്‍ക്കും. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ഒരുകാലത്ത് വന്‍കിട കമ്പനികള്‍ മാത്രമുള്ള ലണ്ടനിലെ എഫ്ടിഎസ്ഇ 100 സൂചികയില്‍ അംഗവുമായിരുന്നു എന്‍എംസി.

1,700ലധികം ജീവനക്കാരാണ് എന്‍എംസിയുടെ ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ ജോലി ചെയ്തിരുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍ ഉള്‍പ്പടെ 10,000 വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ഇവര്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു.നെസ്ലേയുടെ ഭക്ഷണപാനീയങ്ങള്‍, ഫിസെറിന്റെ മരുന്നുകള്‍, യൂണിലിവറിന്റെ പേഴ്സണല്‍ കെയര്‍ പ്രോഡക്ട്സ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് യുഎഇയില്‍ എന്‍എംസി ട്രേഡിംഗ് വിതരണം ചെയ്തിരുന്നത്. വിദേശ ബ്രാന്‍ഡുകളിലുള്ള വൈദ്യോപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍, ഓഫീസുകളിലേക്ക് വേണ്ട സാധനങ്ങള്‍, വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും കമ്പനി വിതരണം ചെയ്തിരുന്നു.

മറച്ചുവെച്ച കടബാധ്യതകളും തട്ടിപ്പുകളും പുറത്തുവന്നതോടെയാണ് എന്‍എംസി ഹെല്‍ത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ലോകം അറിഞ്ഞുതുടങ്ങിയത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള മുറവിളിയുമായി വായ്പാദാതാക്കള്‍ രംഗത്തെത്തി. യുഎഇയിലെ വന്‍കിട ബാങ്കുകള്‍ക്ക് പുറമേ, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകളും എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ട്.

വില്‍പ്പന നടപടികള്‍ അമാന്തിക്കില്ലെന്നാണ് വിവരം. വിതരണ ബിസിനസിന്റെ വലുപ്പം നിശ്ചയിച്ച് ഇടപാട് തുകയടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് സന്തുലിതമാക്കുന്നതിനും ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും പ്രവര്‍ത്തനം തുടരുന്നതിനുമാണ് മാനേജ്മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കമ്പനിയുടെ പ്രധാന ബിസിനസുകളായ ആശുപത്രി, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയില്‍ നിന്നും വേറിട്ടാണ് വിതരണ ബിസിനസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it