ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 09, 2020

സംസ്ഥാനത്ത് ഇന്ന് മാത്രം 339 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുന്നൂറിനു മേല്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

ഇന്ന് രോഗബാധ തെളിഞ്ഞവരില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്‍നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്. ഡി.എസ്.സി.-1, ബി.എസ്.എഫ്.-1, എച്ച്.സി.ഡബ്ല്യൂ.-4, ഐ.ടി.ബി.പി.-2. എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8. അതേസമയം ഇന്ന് 149 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :767,296 (ഇന്നലെ വരെയുള്ള കണക്ക്:742,417)

മരണം : 21,129 (ഇന്നലെ വരെയുള്ള കണക്ക്: 20,642)

ലോകത്ത് ഇതുവരെ

രോഗികള്‍: 12,041,480 (ഇന്നലെ വരെയുള്ള കണക്ക്: 11,829,602 )

മരണം : 549,468 ( ഇന്നലെ വരെയുള്ള കണക്ക്: 544,163)

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനു ശേഷം ഇന്നലെ വരുത്തിയ നഷ്ടം തിരിച്ചു പിടിച്ച് ഓഹരി വിപണി. സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടി. സെന്‍സ്‌ക്സ് 409 പോയ്ന്റ് ഉയര്‍ന്ന് 36,739 ലും നിഫ്റ്റി 108 പോയ്ന്റ് ഉയര്‍ന്ന് 10,813 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികകള്‍ ഇന്ന് 1.4 ശതമാനം വളര്‍ച്ച നേടി. എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. മെറ്റല്‍ സൂചികകള്‍ മികച്ചു നിന്നു.

കേരള കമ്പനികളുടെ പ്രകടനം

സമ്മിശ്രപ്രകടനമാണ് ഇന്ന് കേരള കമ്പനികളുടെ ഓഹരികളിലുണ്ടായത്. 18 കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. കെഎസ്ഇ ഓഹരി വില ഇന്ന് 3.51 ശതമാനം ഉയര്‍ന്ന് 1574.90 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്സ്(4.78 ശതമാനം), വെര്‍ട്ടെക്സ്(4.21 ശതമാനം), നിറ്റ ജെലാറ്റിന്‍(3.98 ശതമാനം), ഹാരിസണ്‍സ് മലയാളം(3.85 ശതമാനം) എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4575 രൂപ (ഇന്നലെ : 4540രൂപ)

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി. പവന് 280 രൂപയാണുയര്‍ന്നത്. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,600 ആയി.ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 41,000 രൂപയെങ്കിലും മുടക്കേണ്ട സാഹചര്യമാണുള്ളത്. ഗ്രാമിന് ഇന്നത്തെ വില 4575 രൂപ.ഇന്നലെ 4540 രൂപയായിരുന്നു.ചൊവാഴ്ച പവന് 320 രൂപ കൂടി 36,120 നിലവാരത്തിലെത്തിയിരുന്നു. ബുധനാഴ്ച ഉയര്‍ന്നത് 200 രൂപയും. കോവിഡ് കേസുകള്‍ കൂടിയതോടെ ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതു മൂലം എല്ലാ വിപണികളിലും സ്വര്‍ണവില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണിപ്പോള്‍.

ഒരു ഡോളര്‍ : 75.02 രൂപ (ഇന്നലെ :74.97 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude40.61-0.29
Brent Crude43.21-0.08
Natural Gas1.875+0.051

റ്റു വാര്‍ത്തകള്‍ ചുരുക്കത്തില്‍:

'എഫ്പിഒ' വഴി 15,000 കോടി യെസ് ബാങ്ക് സമാഹരിക്കും

സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്നുള്ള തിരിച്ചുവരവിന് 15,000 കോടി രൂപയുടെ സമാഹരണ ലക്ഷ്യത്തോടെ യെസ് ബാങ്കിന്റെ എഫ്പിഒ ജൂലൈ 15 ന് തുറക്കും.ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ 17 വരെ തുറന്നിരിക്കും. ആങ്കര്‍ നിക്ഷേപകരുടെ ലേലം ജൂലൈ 14 നും നടക്കും. നിലവില്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കഴിഞ്ഞ ഒരു കമ്പനി വീണ്ടും ധനസമാഹരണം നടത്തുന്നതിനായി നിക്ഷേപകര്‍ക്ക് അല്ലെങ്കില്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്ന നടപടിയാണ് എഫ്പിഒ. യെസ് ബാങ്കിന്റെ എഫ്പിഒയില്‍ 1,760 കോടി രൂപ വരെ നിക്ഷേപിക്കാന്‍ എസ്ബിഐ തീരുമാനമെടുത്തിരുന്നു.എഫ്പിഒയില്‍ 200 കോടി രൂപ വരെ ജീവനക്കാര്‍ക്കായി യെസ് ബാങ്ക് നീക്കിവച്ചിട്ടുണ്ട്. കമ്പനികള്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ നടത്തുന്നതിനുള്ള

എയര്‍ടെല്ലിന് ജിഎസ്ടി റീഫണ്ട്: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സമര്‍പ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകളിലെ റീഫണ്ടായി 923 കോടി രൂപ അവകാശപ്പെടാന്‍ ഭാരതി എയര്‍ടെല്ലിനെ അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കാലയളവില്‍ ജിഎസ്ടിആര്‍ -2 എ ഫോം നിലവിലില്ലാതിരുന്നതിനാല്‍ 923 കോടി രൂപ അധികമായി നികുതി അടച്ചതായാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അധിക ജിഎസ്ടി ക്ലെയിം പരിശോധിച്ച് തുക ഭാരതി എയര്‍ടെല്ലിന് തിരികെ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം കുറയുന്നു ; ജൂണ്‍ മാസത്തില്‍ ഇടിവ് 95 ശതമാനം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള പണമൊഴുക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ജൂണില്‍ 95 ശതമാനം ഇടിവ്. 240 കോടി രൂപയാണ് ഇക്വിറ്റി സ്‌കീമുകളില്‍ ഇക്കാലയളവില്‍ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. മെയ് മാസത്തില്‍ ഇത് 5246 കോടി രൂപയായിരുന്നു. അതേ സമയം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണ്‍ മാസത്തില്‍ 6.89 ലക്ഷം കോടി രൂപയായി. മുന്‍ മാസമിത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി നേട്ടമുണ്ടാക്കിയതും സ്സ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് വഴിയുള്ള പണമൊഴുക്കില്‍ സ്ഥിരതയുണ്ടായതുമാണ് ഇതിനു സഹായിച്ചത്.

സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക്

സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജി ഹൈക്കോടതില്‍. കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ സിംഗിള്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് കേസ് എവിടെ പരിഗണിക്കണം എന്ന് തീരുമാനിക്കാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

സരിത്ത് ഏഴ് ദിവസം കസ്റ്റംസ് കസ്റ്റഡിയിലേക്ക്; സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി പി എസ് സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ തുടരുകയാണ്.ഹൈക്കോടതിയില്‍ സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗിന്റെ കാര്യത്തില്‍ ഇടപെട്ടതെന്നാണ് സ്വപ്നയുടെ വിശദീകരണം.

രാജ്യത്ത് കോവിഡിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയില്‍ കോവിഡിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ചില പ്രദേശങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് കൂടുതലാണെങ്കിലും രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാന്‍ സാധിക്കില്ലെന്ന് മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

പ്രവേശന പരീക്ഷ (കീം) നീട്ടിവെയ്ക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 16 ന് നിശ്ചയിച്ചിരിക്കുന്ന കേരള എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി പ്രവേശന പരീക്ഷ(കീം) നീട്ടിവെയ്ക്കണമെന്ന ആവശ്യം ശക്തമായി. അതേസമയം, പരീക്ഷാ തീയതിയില്‍ ഇതുവരെ യാതൊരു മാറ്റവും വരുത്താന്‍ ആലോചിച്ചിട്ടില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യു.എഇ.യില്‍ തിരിച്ചെത്താന്‍ അനുമതി

യു.എ.ഇ.: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് തിരികെ എത്താന്‍ അനുമതി. താമസവിസയുള്ള, ഐ.സി.എ./ജി.ഡി.ആര്‍.എഫ്എ. അനുമതി ലഭിച്ചവര്‍ക്ക് ജുലൈ 12 മുതല്‍ 26 വരെ അനുവദിച്ച സമയത്തിനുള്ളില്‍ യു.എ.ഇയില്‍ തിരികെ എത്താം. വന്ദേ ഭാരത് ദൗത്യത്തിന് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലാണ് മടങ്ങാന്‍ കഴിയുക. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യോമയാന മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് ചൈന

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ചൈന. ഇന്ത്യയുമായി അടുത്തഘട്ടത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ചൈന അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവലും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ ഞായറാഴ്ച ടെലിഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിന് ഇരുവിഭാഗവും തീരുമാനിച്ചത്.

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലയനം മരവിപ്പിച്ചു

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയുടെ ലയന പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.ഈ കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി 12,450 കോടി രൂപ നല്‍കാനും തീരുമാനമായി. തുകയുപയോഗിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ അംഗീകൃത ഓഹരി മൂലധനം 7,500 കോടി രൂപയായി ഉയര്‍ത്തും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുടേത് 5,000 രൂപയായും വര്‍ദ്ധിപ്പിക്കും.

യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്

ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. 442 രൂപമുതല്‍ 1,564 രുപവരെയുള്ള പ്രീമിയത്തില്‍ 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ലഭിക്കുക.ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാര്‍ജ് ചെയ്തശേഷം 30 മുതല്‍ 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകളും കവറേജില്‍ ഉള്‍പ്പെടും. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വര്‍ഷം വരെയാണ് പോളിസിയുടെ കാലാവധി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉല്‍പ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. പുതിയ ഉല്‍പ്പന്നങ്ങളില്‍ ആഗസ്റ്റ് ഒന്ന് മുതലും നിലവില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതലും നിര്‍ദ്ദേശം നടപ്പിലാക്കണം. അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് തീരുമാനം.കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം അറിയിച്ചു.ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ലെന്‍സ്‌കാര്‍ട്ട്, ജിയോമാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ബി.എസ്.4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്

മാര്‍ച്ച് 31 നു ശേഷം വിറ്റ ബി.എസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതിയുടെ ഉത്തരവ്. ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ മാര്‍ച്ച് 27-ലെ ഉത്തരവ് പിന്‍വലിച്ചു. മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ്4 പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ ഒന്നു വരെയായിരുന്നു സമയപരിധി.അനുമതി നല്‍കിയത് 1.05 ലക്ഷം ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നെങ്കിലും 2.55 ലക്ഷം വിറ്റതായി സുപ്രീം കോടതി കണ്ടെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it