അനില്‍ അംബാനിക്ക് 5 വര്‍ഷത്തേക്ക് വിലക്ക്; 25 കോടി രൂപ പിഴ; കടുത്ത നടപടിയുമായി സെബി

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സെക്യൂരിറ്റസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യയുടെ വിലക്ക്. അഞ്ചുവര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിവനൊപ്പം 25 കോടി രൂപ പിഴയും അടയ്‌ക്കേണ്ടിവരും. റിലയന്‍സ് ഹോംഫിനാന്‍സ് എന്ന അനിലിന്റെ കമ്പനിയില്‍ നിന്ന് ഫണ്ട് വഴിതിരിച്ചു വിട്ടതിനാണ് നടപടി. അനില്‍ അംബാനിക്കൊപ്പം റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരും. മകന്റെ പേരില്‍ കമ്പനി തുടങ്ങി വന്‍തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ അനില്‍ അംബാനി ആരംഭിച്ചിരുന്നു.

നടപടി ഗുരുതരം

കടംമൂലം പാപ്പരത്തത്തിലായ ബിസിനസ് സാമ്രാജ്യത്തെ തിരിച്ചു കൊണ്ടുവരാനുള്ള അനില്‍ അംബാനിയുടെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമാണ് വിലക്ക്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെയും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കാന്‍ അനിലിന് സാധിക്കില്ല. റിലയന്‍സ് ഹോം ഫിനാന്‍സിനെ അടുത്ത ആറുവര്‍ഷത്തേക്ക് ഓഹരിവിപണിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആറു ലക്ഷം രൂപ പിഴയും ചുമത്തി.
അനിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ ഏറ്റെടുക്കാന്‍ അദാനി നീക്കം തുടങ്ങിയിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ഈ ഇടപാടിന്റെ ഭാവി അവ്യക്തമാണ്.

222 പേജ് കുറ്റപത്രം

സെബിയുടെ 222 പേജുള്ള കുറ്റപത്രത്തില്‍ അനില്‍ അംബാനിക്കെതിരേ ഗുരുതരമായ ക്രമക്കേടുകളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തിരിക്കുന്നവരുടെ സഹായത്തോടെ കമ്പനിയില്‍ നിന്ന് പണംതട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ കമ്പനി ബോര്‍ഡ് അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് അനില്‍ അംബാനിയുടെ ഒത്താശയുണ്ടായി.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവര്‍ക്കും വിലക്കുണ്ട്. ബപ്നയ്ക്ക് 27 കോടി രൂപയും സുധാല്‍ക്കര്‍ക്ക് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസറ്റ് ന്യൂസ് ഹോള്‍ഡിങ്സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതമാണ് പിഴ.

റിലയന്‍സ് ഓഹരികള്‍ക്ക് ഇടിവ്

അനില്‍ അംബാനിക്ക് സെബിയുടെ വിലക്ക് വന്നുവെന്ന വാര്‍ത്തകള്‍ റിലയന്‍സിന്റെ ഒാഹരികളിലും പ്രതിഫലിച്ചു. പ്രധാന നടപടി നേരിട്ട റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ഓഹരികള്‍ 4.90 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ 55 ലക്ഷത്തിലധികം ഓഹരികള്‍ വില്‍ക്കാന്‍ ഇടപാടുകാര്‍ മുന്നോട്ടു വന്നെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.

അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ക്കും വലിയ തിരിച്ചടിയാണ് ലഭിച്ചത്. 4.99 ആണ് തകര്‍ച്ച നേരിട്ടത്. അടുത്തിടെ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച ഓഹരിയാണിത്.

റിലയന്‍സ് ഇന്‍ഫ്ര വെള്ളിയാഴ്ച ഉച്ചയ്ക്ക് 10 ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. 8,222 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്.

Related Articles
Next Story
Videos
Share it