സൗരോർജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ആശ്വാസം: ഈടാക്കിയ തീരുവ അടുത്ത ബില്ലുകളില്‍ തിരികെ ലഭിക്കും

സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദകരിൽനിന്ന് 1.2 പൈസയിൽ നിന്ന് യൂണിറ്റിന് 15 പൈസയായി തീരുവ ഈടാക്കാന്‍ കഴിഞ്ഞ ബജറ്റിൽ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ നീക്കം ചെയ്യാനുളള തീരുമാനം കൈകൊണ്ടിരുന്നു.
വീടുകളിലുളള സൗരോർജ വൈദ്യുതി ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നതാണ് തീരുവ വർധനയെന്ന് പരക്കെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് തീരുവ വേണ്ടെന്നുവെച്ചത്. ഉല്‍പ്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

തീരുവ ഈടാക്കിയത് സോഫ്റ്റ്‌ വെയര്‍ പ്രശ്നങ്ങള്‍ മൂലം

ധനബിൽ പാസാക്കിയശേഷം കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് കൊടുത്ത ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കിയിരുന്നു. സോഫ്റ്റ്‌ വെയറിൽ മാറ്റംവരുത്താൻ സാധിക്കാത്തതിനാലാണ് തീരുവ ഈടാക്കേണ്ടിവന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സോഫ്റ്റ്‌ വെയറിൽ മാറ്റങ്ങള്‍ വരുത്തി പണം മടക്കി നൽകാന്‍ കെ.എസ്.ഇ.ബി.യോട് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
തീരുവ ഇനത്തില്‍ ഏപ്രിൽ മുതൽ ഈടാക്കിയ പണമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ധനബിൽ ജൂലൈ 10 നാണ് പാസാക്കിയതെങ്കിലും ജൂലൈ 28 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
Related Articles
Next Story
Videos
Share it