ഇന്ത്യയിലാദ്യം, ഒറ്റക്കപ്പലില്‍ നിന്ന് 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം; ക്രൂ ചേഞ്ചിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെക്കോഡ്. രാജ്യത്ത് ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ നീക്കങ്ങളില്‍ ഒന്നാണിതെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് ഇത്രയധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ നേട്ടമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) എം.എസ്.സി അന്ന എന്ന കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ കയറ്റിറക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദര്‍ഷിപ്പിന് സ്വന്തമാണ്. 58.6 മീറ്റര്‍ വീതിയും 399.98 നീളവുമുള്ള കപ്പലാണിത്. ജലോപരിതലത്തില്‍ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 14.7 മീറ്ററാണ്. തുറമുഖത്ത് സ്ഥാപിച്ചിട്ടുളളതും ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ക്രെയിനുകളുപയോഗിച്ച് കപ്പലുകളില്‍ നിന്ന് കണ്ടെയ്നറുകള്‍ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയതിനുശേഷം സെപ്തംബര്‍ 30ന് കപ്പല്‍ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങി.

50,000 പ്രതീക്ഷിച്ചു, ഈ മാസം ഒരുലക്ഷം കടക്കും

വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുള്ള ട്രയല്‍ റണ്ണാണ് വിഴിഞ്ഞം തുറമുഖത്ത് നിലവില്‍ നടക്കുന്നത്. ഇതുവരെ 60,000ത്തിലധികം കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ചരക്കുനീക്കം നടത്തിയത്. 50,000 കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൂടുതല്‍ കമ്പനികള്‍ വിഴിഞ്ഞത്തോട് താത്പര്യം അറിയിക്കുകയായിരുന്നു. 20,000 ത്തോളം കണ്ടെയ്‌നറുകള്‍ നിലവില്‍ തുറമുഖ യാര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ മാസത്തോടെ ഏതാണ്ട് ഒരുലക്ഷത്തോളം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖം വഴി ട്രാന്‍സ്ഷിപ്പ്‌മെന്റ് നടത്തുമെന്നാണ് പ്രതീക്ഷ. ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും വിഴിഞ്ഞത്തെത്തും.

ക്രൂ ചേഞ്ചിംഗ് അനുമതി നിഷേധിച്ച് കേന്ദ്രം

അതേസമയം, സംസ്ഥാനത്തിന് അധിക വരുമാനമാകുമെന്ന് കരുതിയ ക്രൂ ചേഞ്ചിംഗിനുള്ള അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖം വഴി ക്രൂചേഞ്ചിംഗിന് അനുമതി നല്‍കണമെന്ന് വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യം രേഖാമൂലം കേരള മാരിടൈം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സൗകര്യമുള്ള തുറമുഖങ്ങളില്‍ മാത്രമേ ക്രൂ ചേഞ്ചിംഗ് അനുവദിക്കാവൂ എന്നാണ് കേന്ദ്രചട്ടം. പുറംകടലില്‍ വച്ചുള്ള ക്രൂ ചേഞ്ചിംഗിന് നിയമസാധുതയില്ല. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ക്രൂ ചേഞ്ചിംഗ് നടത്താനുള്ള സൗകര്യം വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിലുണ്ടെന്നും കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

എന്താണ് ക്രൂ ചേഞ്ച്

ഡ്യൂട്ടി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവര്‍ക്ക് തങ്ങളുടെ ചുമതലകള്‍ കൈമാറുന്ന ചടങ്ങാണിത്. സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനും ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും കൃത്യമായ ഇടവേളകളിലെ ഇത്തരം ക്രൂ ചേഞ്ചുകള്‍ അത്യാവശ്യമാണ്. എന്നാല്‍ കപ്പലിന്റെ യാത്രക്കിടയില്‍ തിരക്കുള്ള തുറമുഖത്തെത്തി ജീവനക്കാരെ മാറ്റുന്നത് പലപ്പോഴും ഷിപ്പിംഗ് കമ്പനികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനെ മറികടക്കാനാണ് തുറമുഖത്ത് അടുപ്പിക്കാതെ പുറംകടലിലെത്തുന്ന കപ്പലില്‍ നിന്ന് പ്രത്യേക ബോട്ടുകളില്‍ ജീവനക്കാരെ കരയിലേക്ക് മാറ്റുന്ന രീതി സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് പ്രധാന തുറമുഖങ്ങളെല്ലാം അടച്ചപ്പോള്‍ വിഴിഞ്ഞം വഴി ക്രൂ ചേഞ്ചിംഗ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. 2020 മേയ് മുതല്‍ 2022 ജൂലൈ വരെ 735 കപ്പലുകള്‍ വിഴിഞ്ഞത്തെത്തിയെന്ന് കേരള മാരിടൈം ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 12,738 നാവികരാണ് ഇതുവഴി കടന്നുപോയത്.

വിഴിഞ്ഞം കേന്ദ്രമായി കാച്ച്‌മെന്റ് ഏരിയ

വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി കാച്ച്‌മെന്റ് ഏരിയയും അസംബ്‌ളിംഗ് ക്‌ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലാണ് കാച്ച്‌മെന്റ് ഏരിയ വികസിപ്പിക്കുക. ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പരിമിതപ്പെടുന്നതായിരിക്കില്ല കാച്ച്‌മെന്റ് ഏരിയ. തുറമുഖത്ത് ഘടകസാമഗ്രികള്‍ എത്തിച്ച് അസംബ്‌ളിംഗ് നടത്തി ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുംവിധം അസംബ്‌ളിംഗ് യൂണിറ്റുകളുടെ ക്‌ളസ്റ്ററും വികസിപ്പിക്കും.
തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് പി.രാജീവ് പറഞ്ഞു. 20 കി.മീറ്ററില്‍ ഒരു ലോജിസ്റ്റിക് പാര്‍ക്ക് എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്യുന്നത്. സര്‍ക്കാരിന്റെ ലോജിസ്റ്റിക് നയം പുറത്തിറക്കിക്കഴിഞ്ഞു. കിന്‍ഫ്രയുടെ പാര്‍ക്കും പരിഗണനയിലാണ്. പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞവും ബന്ധപ്പെടുത്തിയുള്ള സാധ്യതകളും ആരായുമെന്ന് മന്ത്രി പറഞ്ഞു. ലാന്റ് പൂളിംഗിലൂടെ വ്യവസായ വികസനത്തിന് ഭൂമി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലാന്റ് പൂളിംഗ് ചട്ടങ്ങള്‍ പുറത്തിറക്കിയതോടെ നടപടികളുടെ വേഗം വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.
Related Articles
Next Story
Videos
Share it