Begin typing your search above and press return to search.
ചൈനയില്‍ നിന്നും പുതിയ മൊബൈല്‍ ക്രെയിനുകളെത്തി; മോദിയുടെ തീയതി കിട്ടിയാല്‍ വിഴിഞ്ഞം തുറമുഖത്ത് ഉദ്ഘാടനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കം വേഗത്തിലാക്കാന്‍ കൂടുതല്‍ ഉപകരണങ്ങളെത്തി. തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കങ്ങള്‍ക്ക് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും, യാര്‍ഡ് ക്രെയിനുകളും ആണ് ഉപയോഗിക്കുന്നത്. യാര്‍ഡിന് പുറത്തേക്കുള്ള നീക്കങ്ങള്‍ ഇവയെ കൊണ്ട് സാധ്യമല്ലാത്തതിനാല്‍ ഇതിനായി റീച് സ്റ്റാക്കര്‍ എന്ന പുതിയ തരം മൊബൈല്‍ ക്രെയിനുകളാണ് വിഴിഞ്ഞത്ത് എത്തിച്ചത്. ഇതുവഴി കണ്ടെയ്‌നറുകള്‍ യാര്‍ഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയും. മികച്ച ചലനക്ഷമതയും ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷിയും ഇവയുടെ പ്രത്യേകതയാണ്. ക്രെയിന്‍ ക്യാബിനിലിരുന്ന് ഓപ്പറേറ്ററാണ് ഇത് നിയന്ത്രിക്കുന്നത്.
4 റീച് സ്റ്റാക്കറുകളാണ് വിഴിഞ്ഞത്തിന്റെ ആദ്യഘട്ടത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണമാണ് ഇപ്പോള്‍ ഇവിടെ എത്തിച്ചേര്‍ന്നത്. ആധുനിക രീതിയിലുള്ള റീച് സ്റ്റാക്കര്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ബാക്കിയുള്ള രണ്ടെണ്ണം വരും ദിവസങ്ങളില്‍ എത്തിച്ചേരും.
പുതിയ ഡോള്‍ഫിന്‍ ടഗുമെത്തി
തുറമുഖത്തേക്ക് കപ്പലുകളെ അടുക്കാന്‍ സഹായിക്കുന്ന ഡോള്‍ഫിന്‍ ടഗും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. നിലവില്‍ മൂന്ന് ഡോള്‍ഫിന്‍ ടഗുകളും ഓഷ്യന്‍ സ്പാര്‍ക്കിള്‍ എന്ന താത്കാലിക ടഗുമാണ് വിഴിഞ്ഞത്തുണ്ടായിരുന്നത്. ഡോള്‍ഫിന്‍ 29 എത്തിയതോടെ താത്കാലിക ടഗ് മറ്റൊരിടത്തേക്ക് കൊണ്ടുപോകും.
ഇനി വാണിജ്യ തുറമുഖം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും കിഞ്ഞ ദിവസം കൈമാറിയിരുന്നു. ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് കൈമാറിയത്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്സ്യല്‍ ഓപ്പറേഷഷണല്‍ തുറമുഖമായി പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സ്വപ്നമാണ് അതിന്റെ പ്രവര്‍ത്തിപഥത്തില്‍ എത്തിയിരിക്കുന്നതെന്നും, സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണ് ഇതെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സമയബന്ധിതമായി ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവര്‍ത്തി പൂര്‍ത്തീകരിക്കേണ്ടത്. അത് യാഥാര്‍ത്ഥ്യമായി.
ട്രയല്‍ റണ്ണിനെത്തിയത് 70 കപ്പലുകള്‍
ജൂലൈയില്‍ തുടങ്ങി നവംബര്‍ വരെ നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ വിഴിഞ്ഞം ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചതായി മന്ത്രി പറഞ്ഞു. ട്രയല്‍ റണ്‍ സമയത്ത് ലോകത്തിലെ തന്നെ വലിയ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ഇവയില്‍ നിന്നും 1.47ലക്ഷം ടി . ഇ യു. ഇവിടെ കൈകാര്യം ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ കരാര്‍ ഒപ്പിട്ടത്. നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് തുറമുഖത്തിന്റെ പൂര്‍ണ്ണതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഒന്നാം ഘട്ടം പൂര്‍ണ്ണ സജ്ജമായതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് നടത്തുമെന്നും, ഏറ്റവും അടുത്തു തന്നെ തുറമുഖം നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story
Videos